22 September Sunday

നികുതി സമാഹരണത്തിന്‌ തീവ്രയജ്ഞപരിപാടി ; വായ്‌പാ പരിധി വെട്ടിക്കുറയ്‌ക്കരുതെന്ന്‌ വീണ്ടും ആവശ്യപ്പെടും : ടി എം തോമസ്‌ ഐസക്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2019


സ്വന്തം ലേഖകൻ
സംസ്ഥാനത്തിന്റെ വരുമാന വർധനവിനായി നികുതി സമാഹരണത്തിന്‌ തീവ്രയജ്ഞപരിപാടി ആരംഭിക്കുമെന്ന്‌ ധനമന്ത്രി ടി എം തോമസ്‌ ഐസക്.  നികുതി കുടിശിക സമാഹരണത്തിന്‌ റവന്യു റിക്കവറി നടപടികളും ആരംഭിക്കും. ഇതിനായി അടുത്തയാഴ്ച കലക്ടർമാരുമായി വീഡിയോ കോൺഫറൻസ് നടത്തും.
വാണിജ്യനികുതി കുടിശ്ശികയ്‌ക്കൊപ്പം, എല്ലാ കുടിശ്ശികകളും സജീവമായി പിരിക്കാനുള്ള തീവ്രയജ്ഞ പരിപാടി സെപ്‌തംബറിൽ തുടങ്ങും.  പ്രളയസെസ് പിൻവലിക്കേണ്ട സാഹചര്യം ഇപ്പോഴില്ല. ഇതുമൂലം അവശ്യവസ്തുക്കൾക്ക് വിലക്കയറ്റം ഉണ്ടായിട്ടില്ല. യുഡിഎഫ്‌ സർക്കാർ ഉപ്പുതൊട്ട് കർപ്പൂരം വരെ രണ്ടു ശതമാനം നികുതി വർധിപ്പിച്ചു. ഇപ്പോൾ പരിമിതമായ ഉൽപ്പന്നങ്ങൾക്കുമാത്രമാണ്‌  നികുതി വർധന.

ജിഎസ്ടി സമാഹരണം ഉയർത്തുന്നതിന്‌ നടപടി ആരംഭിച്ചു. വിൽപ്പന സംബന്ധിച്ച് എല്ലാമാസവും വ്യാപാരികൾ ചെറുവിവരങ്ങൾ നൽകണം. ഇല്ലെങ്കിൽ പിഴ ചുമത്തും. വീഴ്‌ച തുടർന്നാൽ രജിസ്‌ട്രേഷൻ റദ്ദാക്കും. ഇതിലൂടെ 500 കോടി രൂപയുടെ വരുമാനം ലക്ഷ്യമിടുന്നു.

-ഈ മാസം അവസാനത്തോടെ വ്യാപാരികളുടെ സമ്പൂർണ റിട്ടേണുകൾ ലഭിക്കും. ഈ പരിശോധനയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ രണ്ടുവർഷത്തെ നികുതിയിനത്തിൽ 1500 കോടി രൂപ കൂടി ലഭ്യമാക്കാനാകും. ജിഎസ്ടി കാലത്തിനുമുമ്പ് സ്വർണത്തിന് 1.25 ശതമാനമായിരുന്നു നികുതി. വർഷം 700 കോടി രൂപ നികുതി ലഭിച്ചു. ഇപ്പോൾ മൂന്നു ശതമാനം നികുതിയായിട്ടും ലഭിക്കുന്നത് 150 കോടിയാണ്. അതിനാൽ മേഖലതിരിച്ച് ഇടപെട്ട് നികുതിപിരിക്കുമെന്നും മന്ത്രി പറഞ്ഞു.

വായ്‌പാ പരിധി വെട്ടിക്കുറയ്‌ക്കരുതെന്ന്‌ വീണ്ടും ആവശ്യപ്പെടും
സ്വന്തം ലേഖകൻ
കേരളത്തിന്റെ വായ്‌പാ പരിധി വെട്ടിക്കുറയ്‌ക്കരുതെന്നാവശ്യപ്പെട്ട്‌ കേന്ദ്ര സർക്കാരിന്‌ വീണ്ടും കത്തെഴുതുമെന്ന്‌ മന്ത്രി ടി എം തോമസ്‌ ഐസക്‌ പറഞ്ഞു. പ്രളയം കേരളത്തിന്റെ സാമ്പത്തികസ്ഥിതിയെ വളരെ ഗൗരവമായി ബാധിച്ചു. സാമ്പത്തികമാന്ദ്യവും രൂക്ഷമാകുന്നു. ഈ സാഹചര്യത്തിലും വായ്പാപരിധി വർധിപ്പിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തോട്‌ അനുകൂലമായി പ്രതികരിക്കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല.

പകരം സംസ്ഥാനത്തിന്റെ വായ്പാപരിധിയിൽ 5500 കോടി രൂപ വെട്ടിക്കുറച്ചു. കൂടുതൽ സഹായിച്ചില്ലെങ്കിലും ഉള്ളതെങ്കിലും തിരിച്ചെടുക്കരുതെന്ന ആവശ്യവും കത്തിൽ ഉന്നയിക്കും. 2016 –--17ൽ  5200 കോടി രൂപയുടെ വായ്‌പാ അവകാശം വെട്ടിക്കുറച്ചു. ഈ തീരുമാനം മാറ്റണമെന്ന്‌ പലതവണ കത്തെഴുതി. പ്രകൃതിദുരന്തങ്ങളിൽനിന്ന്‌ രക്ഷനേടുന്നതിനായി എടുക്കുന്ന വായ്പകൾ സാധാരണ വായ്പകൾക്ക് മുകളിലാകണമെന്ന മന്ത്രിതല ഉപസമിതിയുടെറിപ്പോർട്ടിലും ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top