19 April Friday

ക്യാമ്പുകൾവിട്ട്‌ കൂടുതൽ പേർ വീട്‌ ശുചീകരണത്തിന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 21, 2018


ആലുവ
ദുരിതാശ്വാസക്യാമ്പുകളിൽ കഴിഞ്ഞിരുന്നവർ മാലിന്യവും ചളിയും നീക്കാനായി വീടുകളിലേക്ക്‌ പോയിത്തുടങ്ങി. ചൂർണിക്കര പഞ്ചായത്തിന്റെ അടിയന്തരയോഗം തിങ്കളാഴ്‌ച ഐഡിയൽ പബ്ലിക്‌ സ്‌കൂളിൽ ചേർന്ന്‌ ശുചീകരണത്തിന്‌ കർമസേന രൂപീകരിച്ചു.  ട്രാക്ടർ ഉപയോഗിച്ച്‌ റോഡുകളിലെ ചളി നീക്കംചെയ്യുന്ന ജോലി ആരംഭിച്ചു.

കടുങ്ങല്ലൂർ പഞ്ചായത്തിലെ ക്യാമ്പുകൾ ഒന്നും ഒഴിഞ്ഞിട്ടില്ല. കീഴ്‌മാട്‌ പഞ്ചായത്തിലെ ക്യാമ്പുകളും തുടരുന്നു. സെപ്‌റ്റിടാങ്ക്‌ നിറഞ്ഞുകവിഞ്ഞത്‌ മിക്കവാറും സ്ഥലങ്ങളിൽ വലിയ പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്‌. ചത്ത മൃഗങ്ങളെ മറവുചെയ്യലും പ്രയാസം സൃഷ്ടിക്കുന്നു. വീട്‌ വൃത്തിയാക്കുന്ന ജോലികളിൽ സിപിഐ എം‐ഡിവൈഎഫ്‌ഐ പ്രവർത്തകർ സജീവമായുണ്ട്‌. ഇതിനിടെ, ചില തീവ്രവാദ സംഘടനയുടെ പ്രവർത്തകർ ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം സംബന്ധിച്ച്‌ വ്യാജപ്രചാരണം അഴിച്ചുവിടുന്നുണ്ട്‌. നിസ്വാർഥസേവനം നടത്തുന്ന പ്രവർത്തകരുടെ മനോവീര്യം തകർക്കാനുള്ള നീക്കത്തിൽ പ്രതിഷേധം ശക്തമാണ്‌.

നെടുമ്പാശ്ശേരി
നെടുമ്പാശ്ശേരി മേഖലയിൽ മിക്കയിടത്തും വെള്ളം ഇറങ്ങിയതോടെ, വീടുകളിൽ ശുചീകരണപ്രവർത്തനങ്ങൾ ആരംഭിച്ചു. പെരിയാറിൽനിന്നും ചാലക്കുടി പുഴയിൽനിന്നും വെള്ളം ഇരച്ചുകയറിയതോടെ ആയിരങ്ങളാണ‌് ദുരിതാശ്വാസക്യാമ്പുകളിലെത്തിയത്.  

നെടുമ്പാശേരി, പാറക്കടവ്, കുന്നുകര, ചെങ്ങമനാട്, പുത്തൻവേലിക്കര മേഖലകളിൽ സമാനതകളില്ലാത്ത ദുരിതമാണ് ജനങ്ങൾ നേരിടുന്നത്. വെള്ളം ഇറങ്ങിപ്പോയെങ്കിലും വീടുകളും വീട്ടുപകരണങ്ങൾ നഷ്ടപ്പെട്ടവരും ഏറെ പ്രയാസത്തിലാണ്. കോടികളുടെ നഷ്ടമാണ‌് ഈ മേഖലയിലുള്ളത്.

പശു, ആട്, പോത്ത്, എരുമ, പന്നി, പട്ടി എന്നിവ ചത്തുചീഞ്ഞ് കടുത്ത മാലിന്യപ്രശ്നമായി മാറിയിട്ടുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളത്തിനു പുറകിലെ ഗ്രാമമായ ആവണംകോട് വെള്ളം ഇറങ്ങിയ സ്ഥലങ്ങളിൽ നൂറുകണക്കിന് മൃഗങ്ങളുടെ ശവശരീരങ്ങളാണ് കണ്ടെത്തിയത്. ഇവിടെ നുറുകണക്കിന് വീടുകളും തകർന്നിട്ടുണ്ട്. വിമാനത്താവളത്തിന്റെ മതിലുകൾ തകർത്ത് കുത്തിയൊഴുകി പുഴപോലെയാണ് ആവണംകോട്ടെ വീടുകൾക്കു മുകളിലൂടെ വെള്ളം ഒഴുകിയത്.

ചെങ്ങമനാട് തുരുത്ത്, കപ്രശേരി, നെടുവന്നൂർ, ദേശം, പുറയാർ, കുന്നിശേരി, കൽപ്പകനഗർ, മള്ളൂശേരി, പറമ്പുശേരി, കുന്നുകരയിലെ വയൽക്കര, അയിരൂർ, കുത്തിയതോട്, ചാലാക്ക, പുത്തൻവേലിക്കരയിലെ തേലത്തുരുത്ത്, കോഴിത്തുരുത്ത്, ഇളന്തിക്കര, ചെറുകടപ്പുറം, തുരുത്തിപ്പുറം മേഖലകളിൽ ജനങ്ങൾക്ക് സർവസവും നഷ്ടപ്പെട്ട അവസ്ഥയാണ‌്.
പഞ്ചായത്തുകളിൽ ജനപ്രതിനിധികളുടെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സന്നദ്ധപ്രവർത്തകരും പങ്കെടുത്ത് യോഗംചേർന്ന് ശുചീകരണപ്രവർത്തനത്തിന് രൂപംനൽകി. സന്നദ്ധപ്രവർത്തകർക്ക് എലിപ്പനി പ്രതിരോധമരുന്ന് നൽകുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

അങ്കമാലി
പ്രളയബാധിതപ്രദേശങ്ങളിലെ ശുചീകരണം ഊർജിതമാക്കാൻ അങ്കമാലി നഗരസഭ കൗൺസിലിന്റെ അടിയന്തരയോഗം തീരുമാനിച്ചു. പ്രവർത്തനങ്ങൾക്കായി നഗരസഭയുടെ തനത്‌ ഫണ്ടിൽനിന്ന്‌ തൽക്കാലം അഞ്ചുലക്ഷം രൂപ അനുവദിച്ചു. കൂടുതൽ തുക വേണ്ടിവന്നാൽ എടുക്കാനും അനുമതി നൽകിയിട്ടുണ്ട്‌. വെള്ളംകയറിയ പ്രദേശങ്ങളിലെ പ്രവർത്തനം  ഏകോപിപ്പിക്കാൻ ഓരോ കേന്ദ്രങ്ങളിലെ പ്രവർത്തനത്തിലും രണ്ടു ജീവനക്കാരെ വീതം ചുമതലപ്പെടുത്തി. ആരോഗ്യവിഭാഗത്തിലേക്ക്‌ അവശ്യംവേണ്ടവരെയും ശുചീകരണത്തിനായി 50 തൊഴിലാളികളെയും താൽക്കാലികമായി നിയോഗിക്കും.

നഗരസഭ പ്രദേശത്ത്‌ പ്രവർത്തിച്ചിരുന്ന 11 ക്യാമ്പുകളിൽ  ഹോളി ഫാമിലി ഹൈസ്‌കൂളിലെ ക്യാമ്പ്‌ അവസാനിപ്പിച്ചു. ഇവിടെയുണ്ടായിരുന്നവരെ മറ്റ്‌ ക്യാമ്പുകളിലേക്ക്‌ മാറ്റിയതായി ചെയർപേഴ്‌സൺ എം എ ഗ്രേസി അറിയിച്ചു.

മഞ്ഞപ്രയിൽ തുറന്ന എട്ടു ക്യാമ്പുകളിൽ  നടുവട്ടം ജെബിഎസിലെ ക്യാമ്പ്‌ മാത്രമേ തുടരുന്നുള്ളൂ. നൂറിൽത്താഴെവരുന്നവരെ ഇവിടെയുള്ളൂ.

മഞ്ഞപ്രയിൽ ചില വ്യാപാരസ്ഥാപനങ്ങൾ പകൽക്കൊള്ള നടത്തുന്നതായി ആക്ഷേപം ഉയർന്നു. 360 രൂപ വിലയുണ്ടായിരുന്ന 10 കിലോ മട്ട അരിക്ക്‌ 500 രൂപ ഈടാക്കിയതായാണ്‌ പരാതി. എന്നാൽ, പണം വാങ്ങാതെ അരിയും പലവ്യഞ്‌ജനങ്ങളും കൊടുത്ത വ്യാപാരികളുമുണ്ട്‌. പകൽക്കൊള്ള നടത്തിയവർക്ക്‌ നോട്ടീസ്‌ കൊടുക്കാൻ പഞ്ചായത്തിൽ കൂടിയ സർവകക്ഷിയോഗം തീരുമാനിച്ചു. സാധനങ്ങൾക്ക്‌ അധികവില വാങ്ങിയതായി പരാതിയുള്ളവർ പഞ്ചായത്ത്‌ സെക്രട്ടറിയെ അറിയിക്കണം.

തുറവൂരിൽ മാർ അഗസ്‌റ്റിൻസ്‌ ഹൈസ്‌കൂളിലും കിടങ്ങൂർ സെന്റ്‌ ജോസഫ്‌സ്‌ ഹയർ സെക്കൻഡറി സ്‌കൂളിലും മാത്രമെ ക്യാമ്പുകൾ തുടരുന്നുള്ളൂ.
തുറവൂരിൽ വിവിധ പ്രദേശങ്ങളിൽ പഞ്ചായത്ത്‌  പ്രസിഡന്റ്‌ കെ വൈ വർഗീസിന്റെ  നേതൃത്വത്തിൽ ശുചീകരണം തുടങ്ങി. ചൊവ്വാഴ്‌ച വീടുകളിൽ ശുചീകരണവും ബോധവൽക്കരണവും നടത്തും.

പ്രധാന വാർത്തകൾ
 Top