22 April Monday

പുനർനിർമാണം വെല്ലുവിളി; അതിജീവിക്കും: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 21, 2018


തിരുവനന്തപുരം
പ്രളയാനന്തര പുനർനിർമാണം ഏറെ വെല്ലുവിളി നിറഞ്ഞതാണെങ്കിലൂം നാം അതിജീവിക്കുമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
പുനർനിർമാണ സാധ്യതകൾ വിലയിരുത്തിയപ്പോൾ ഗൗരവമായ ചില പ്രശ്നങ്ങളിലേക്കാണ് വിരൽചൂണ്ടുന്നത‌്. സംസ്ഥാനത്തെ ഈ വർഷത്തെ പദ്ധതി അടങ്കൽ 37,248 കോടി രൂപയാണ്. ഇതിൽ നിർമാണപ്രവർത്തനങ്ങൾക്ക് മാത്രമായുള്ള മൂലധനച്ചെലവ് 10,330 കോടിയും.  ഈ കണക്ക് വച്ച‌് പരിശോധിച്ചാൽത്തന്നെ ഭാരിച്ച ഉത്തരവാദിത്തം  ഏറ്റെടുക്കാനുണ്ട് . ഈ പ്രശ്നം പരിഹരിക്കാനുള്ള വിഭവങ്ങൾ കണ്ടെത്തുക എന്നതും   ശ്രമകരമാണ്.

പ്രധാനമന്ത്രി  സന്ദർശിച്ച ഘട്ടത്തിൽ തയ്യാറാക്കിയ പ്രാഥമിക കണക്ക‌് പ്രകാരം നഷ്ടം 20,000 കോടി രൂപയോളമാണ‌്. തുടർന്നുള്ള നാശനഷ്ടങ്ങൾ വരുന്നതോടെ ഇനിയും ഏറെ വർധിക്കും. ഒരുവർഷത്തെ പദ്ധതിത്തുകയ്ക്ക് വകയിരുത്തിയ അത്രയും തുക ഈ ദുരന്തത്തിൽനിന്ന് കരകയറാൻ നമുക്ക് ചെലവഴിക്കേണ്ടിവരും. അതല്ലെങ്കിൽ നമ്മുടെ ഒരുവർഷത്തെ വികസനം പൂർണമായും ഉപേക്ഷിക്കേണ്ടിവരുന്ന സ്ഥിതിയുണ്ടാകും. ഈ കണക്ക് പരിശോധിക്കുമ്പോഴാണ് കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് ഇത് ഏൽപ്പിച്ചിട്ടുള്ള വമ്പിച്ച ആഘാതം മനസ്സിലാകുക. അത് കണ്ട‌് ഇടപെട്ടെങ്കിൽ മാത്രമേ വികസനമുരടിപ്പ് ഇല്ലാതെ പ്രശ്നം പരിഹരിക്കാനാകൂ.പ്രളയബാധിതരായ കുടുംബങ്ങൾക്ക് അവരുടെ വീടുകൾ വാസയോഗ്യമാക്കാനും ഉപകരണങ്ങൾ, വളർത്തുമൃഗങ്ങൾ, സ്ഥാവരജംഗമ വസ്തുക്കൾ എന്നിവ ഉപയോഗയോഗ്യമാക്കാനും വേണ്ടിവരുന്ന ചെലവ് ഇതിനും പുറമെയാണ്.

പഞ്ചവത്സര പദ്ധതിക്ക് തുല്യമായ നിർമാണ പുനരുജ്ജീവന പ്രവർത്തനങ്ങൾക്ക‌് കേരളം തയ്യാറാകേണ്ടതുണ്ട്. ഈ ഭാരിച്ച ഉത്തരവാദിത്തം എങ്ങനെ പരിഹരിക്കാനാകും എന്നതാണ് സർക്കാർ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം. ഇത് കേരളം പോലുള്ള കൊച്ചു സംസ്ഥാനത്തിന് വളരെ കടുത്ത വെല്ലുവിളിയാണ്. ഇവിടെയാണ് കേന്ദ്രസഹായത്തിന്റെയും ഉദാര പിന്തുണയുടെയും പ്രശ്നം ഉയർന്നുവരുന്നത്. അതുകൊണ്ടാണ്  എത്ര വലിയ സഹായം ലഭിച്ചാലും അത് അധികമാകില്ല എന്ന് പറയാനുള്ള കാരണം. അതുകൊണ്ട് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന എത്തിക്കുകയെന്നത‌് കേരളത്തിന്റെ നിലനിൽപ്പുമായി ബന്ധപ്പെട്ട പ്രശ്നമാണ്. ഇതേവരെ ഓൺലൈൻ വഴി ലഭിച്ച 45 കോടി ഉൾപ്പെടെ 210 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചിട്ടുണ്ട്. 160 കോടിയുടെ വാഗ്ദാനവും കിട്ടിയിട്ടുണ്ട്. സഹായം ഏത് രീതിയിലും അയക്കാൻ ബാങ്കുകളിൽനിന്ന് പേയ്മെന്റ് ഗേയ്റ്റ് വേയുമുണ്ട്. അത് ഉപയോഗപ്പെടുത്താനാകണം.

ചില പ്രദേശങ്ങളിൽ പുനരധിവാസ പ്രവർത്തനം ഏറ്റെടുക്കാൻ തയ്യാറായി ചിലർ മുന്നോട്ടുവന്നിട്ടുണ്ട്. ചുമതലപ്പെട്ടവരുമായി ബന്ധപ്പെട്ട് ഇത്തരം പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത് പുനരധിവാസ പ്രവർത്തനത്തിന് സഹായകരമാണ്.

ഈ പ്രതിസന്ധിയെയും നമുക്ക് മറികടക്കാനാവും. നാം ദുരിതത്തെ നേരിട്ടപ്പോൾ ഒറ്റക്കെട്ടായിനിന്ന കേരളീയരുടെ മനസ്സ് തന്നെയാണ് ആ ആത്മവിശ്വാസത്തിന്റെ അടിത്തറ. രാജ്യസ്നേഹത്തിന്റെ ഉന്നതസന്ദേശം മുന്നോട്ടുവച്ച‌് വിവിധ സംസ്ഥാനങ്ങളിൽനിന്ന് നമുക്ക് ലഭിക്കുന്ന സഹായവും ഈ ആത്മവിശ്വാസം വർധിപ്പിക്കുന്നു. നമ്മുടെ നാട്ടിൽനിന്ന് പഠിച്ചുവളർന്ന ഒരു ജനതയുണ്ട് ലോകത്തെമ്പാടും. അവരുടെ സഹായങ്ങൾ അലമാലകൾപോലെ വന്നുകയറുന്നുണ്ടിവിടെ.

ലോകത്തിലെ മനുഷ്യസ്നേഹികളാകട്ടെ സഹായഹസ്തങ്ങളുമായി നമ്മെ പിന്തുണയ്ക്കുന്നു. നാം ഒന്നായി നിൽക്കുകയും മനുഷ്യസ്നേഹം ഉയർത്തുന്ന സഹായങ്ങൾ തണലായി മാറുകയും ചെയ്യുമ്പോൾ ഈ പ്രതിസന്ധി മറികടക്കാൻ ബുദ്ധിമുട്ടുണ്ടാകില്ല. അതിനുള്ള അഭ്യർഥനയാണ് സംസ്ഥാന സർക്കാരിനുവേണ്ടി മുന്നോട്ടുവയ്ക്കാനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top