06 July Wednesday

മുത്താണ‌് കാക്കി... രക്ഷിച്ചത‌് ലക്ഷങ്ങളെ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 21, 2018

തിരുവനന്തപുരം > പെരുവെള്ളപ്പാച്ചിലിൽനിന്ന‌് കേരളത്തെ രക്ഷിക്കാൻ ദൃഢനിശ്ചയത്തോടെ പ്രവർത്തിച്ച സംസ്ഥാന സർക്കാരിന‌് കരുത്തേകി ‘കാക്കിപ്പട’. അതിജീവനത്തിനായി പോരാടുന്ന കേരളത്തിനുവേണ്ടി എല്ലാവരും കൈകോർത്തപ്പോൾ മുന്നിൽനിന്ന‌് നയിച്ചത‌് പൊലീസും ഫയർ ഫോഴ‌്സും എക‌്സൈസും. പൊലീസും ഫയർ ഫോഴ‌്സും ചേർന്ന‌് ഒന്നര ലക്ഷത്തോളം പേരെയാണ‌് തിങ്കളാഴ‌്ചവരെ രക്ഷപ്പെടുത്തിയത‌്. എക‌്സൈസ‌് വിഭാഗവും പൊലീസിനെയും ഫയർഫോഴ‌്സിനെയും സഹായിക്കാൻ സദാ രംഗത്തുണ്ടായിരുന്നു.

ഓറഞ്ച‌് അലർട്ട‌് പ്രഖ്യാപിച്ചപ്പോൾത്തന്നെ ഇടുക്കി, എറണാകുളം ജില്ലകളിൽ പൊലീസും ഫയർഫോഴ‌്സും സജീവമായി. റെഡ‌് അലർട്ട‌് പ്രഖ്യാപിച്ചതോടെ ആളുകളെ മാറ്റിപ്പാർപ്പിക്കാനുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും ഇരുവിഭാഗവും മുന്നിൽനിന്നു.

പ്രളയതീരത്ത‌് 40,000 പൊലീസ‌്
 അറുപത്തയ്യായിരത്തോളം പൊലീസുകാരാണ‌് സംസ്ഥാന സേനയിലുള്ളത‌്‌. ഇതിൽ 40,000 പേരെയും ദുരന്തനിവാരണ രംഗത്ത‌് വിന്യസിച്ചു. പൊലീസ‌് സ‌്റ്റേഷനുകളും  സ്വന്തം വീടുകളും  ഉൾപ്പെടെ വെള്ളത്തിലായിട്ടും ഏറ്റെടുത്ത ദൗത്യത്തിൽനിന്ന‌് ആരും പിന്തിരിഞ്ഞില്ല.  ഊണും ഉറക്കവും ഉപേക്ഷിച്ച‌് അവർ ഇപ്പോഴും പ്രവർത്തിക്കുകയാണ‌്.

കോസ‌്റ്റൽ പൊലീസ‌്, വനിതാ ബറ്റാലിയൻ, തണ്ടർബോൾട്ട് എന്നിവരും തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചു. തിരുവനന്തപുരം, കൊല്ലം,  തൃശൂർ തുടങ്ങി തീരപ്രദേശങ്ങളിൽനിന്ന‌് 400ൽ പരം ബോട്ടുകൾ സംഘടിപ്പിച്ച്  ട്രക്കുകളിൽ പ്രളയബാധിത പ്രദേശത്ത് എത്തിച്ചു. മത്സ്യത്തൊഴിലാളികളുടെ സേവനംകൂടി ലഭിച്ചതോടെ പൊലീസിന്റെ പ്രവർത്തനങ്ങൾക്ക‌് വേഗം കൂടി. വിവിധയിടങ്ങളിൽ സ്ഥാപിച്ച പ്രാദേശിക കൺട്രോൾ റൂമുകൾവഴി ഒന്നര ലക്ഷത്തിൽപരം ഫോൺ കോളുകളും  സന്ദേശങ്ങളുമാണ‌് പൊലീസിന‌് ലഭിച്ചത‌്.

ദുരന്തമേഖലകളിൽ ഉപേക്ഷിക്കേണ്ടിവന്ന വീടുകൾക്കും സാധനസാമഗ്രികൾക്കും സുരക്ഷ ഒരുക്കുക എന്ന ദൗത്യവും പൊലീസ‌് ഏറ്റെടുത്തു. സാമൂഹ്യമാധ്യമങ്ങളിൽ വ്യാജസന്ദേശങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിച്ചവർക്കെതിരെയും നടപടി സ്വീകരിക്കാൻ പൊലീസ‌് നിർദേശം നൽകിയിട്ടുണ്ട‌്. വെൽഫെയർ വിങ‌് മുഖേന 236 ലോഡ് അവശ്യസാധനങ്ങൾ ദുരന്തമേഖലകളിൽ എത്തിക്കാനും പൊലീസിന‌് കഴിഞ്ഞു.

ഫയർഫോഴ‌്സ‌് രക്ഷിച്ചത‌് 1.20 ലക്ഷം പേരെ
പ്രളയബാധിത മേഖലയിൽനിന്ന‌് അതിനുമുമ്പുമായി 1.20 ലക്ഷം പേരെയാണ‌് ഫയർഫോഴ‌്സ‌് രക്ഷപ്പെടുത്തിയത‌്. ഇടുക്കി ഡാം തുറക്കുന്നതിന‌് മുമ്പുതന്നെ 85,698 പേരെ സുരക്ഷിതസ്ഥാനങ്ങ‌ളിലേക്ക‌് മാറ്റി. പ്രളയബാധിത മേഖലയിൽനിന്ന‌് 34, 527പേരെ  രക്ഷപ്പെടുത്തി. 54 റബർ ഡിങ്കികൾ പൂർണമായും ഉപയോഗിച്ചു. തമിഴ്നാട‌് ഫയർസർവീസുമായി ബന്ധപ്പെട്ട‌് കോയമ്പത്തൂരിൽനിന്ന‌് ഇരുപത്തഞ്ചോളം ഡിങ്കികൾ കൊണ്ടുവന്നു. ബസ‌് ജീവനക്കാരെയും തമിഴ‌്നാട‌് വിട്ടുതന്നു. ഒറീസയിൽനിന്ന‌് 245 ഫയർസർവീസ‌് ജീവനക്കാരെയും 75 റബർ ഡിങ്കികളും വിട്ടുനൽകി. ഇവരോടൊപ്പം കേരളത്തിലെ ജീവനക്കാരെക്കൂടി ഉൾപ്പെടുത്തി ടീമുകളാക്കി വിവിധ ജില്ലകളിലെ രക്ഷാപ്രവർത്തനം ഉൗർജിതമാക്കി.

പിന്തുണയുമായി എക‌്സൈസും
പൊലീസിനും ഫയർഫോഴ‌്സിനും കരസേനയ‌്ക്കും പിന്തുണയുമായി എക‌്സൈസും രക്ഷാപ്രവർത്തനങ്ങൾക്ക‌് നേതൃത്വം നൽകുന്നുണ്ട‌്. മൂന്ന‌് സോണുകളിൽനിന്നും ആയിരത്തോളം ജീവനക്കാരെയാണ‌് രക്ഷാപ്രവർത്തനത്തിന‌് നിയോഗിച്ചിട്ടുള്ളത‌്. എറണാകുളം, ആലപ്പുഴ, ഇടുക്കി, വയനാട‌്, കണ്ണൂർ, ജില്ലകളിലാണ‌് കൂടുതലും പ്രവർത്തനങ്ങൾ നടത്തിയത‌്. ആലപ്പുഴയിൽ പൊലീസ‌് ബോട്ടിൽ സഞ്ചരിച്ച‌് ആളുകളെ രക്ഷപ്പെടുത്താനും കണ്ണൂരിലും വയനാട്ടിലും ഉരുൾപൊട്ടിയ മേഖലകളിലും എക‌്സൈസ‌് അംഗങ്ങളെത്തി. വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ സുരക്ഷാചുമതലയ‌്ക്കും എക‌്സൈസ‌് ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട‌്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top