25 August Sunday

ചരിത്രമുറങ്ങും കൃഷിപാഠശാല ശതാബ്ദിനിറവിൽ

സ്വന്തം ലേഖകൻUpdated: Sunday Jul 21, 2019

ആലുവ
തിരുവിതാംകൂർ മഹാരാജാവ് പെരിയാറിന്റെ തീരത്ത് സ്ഥാപിച്ച കൃഷിപാഠശാല ശതാബ്ദിയുടെ നിറവിൽ. ഒരു വർഷത്തെ ശതാബ്ദി ആഘോഷങ്ങൾതിങ്കളാഴ‌്ച പകൽ മൂന്നിന് കൃഷിമന്ത്രി വി എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. ആഘോഷങ്ങളുടെ ഭാഗമായി ഇവിടേക്ക് പാലം നിർമിക്കും.മഹാരാജാവിന്റെ വേനൽക്കാല വസതിയായ പാലസിന് അഭിമുഖമായി തുരുത്തിൽ സ്ഥാപിച്ച ഈ സ്ഥാപനം ഇപ്പോൾ സംസ്ഥാന വിത്തുൽപ്പാദന കേന്ദ്രമാണ്. പേരുമാറിയെങ്കിലും ഇപ്പോഴും കൃഷിപഠനത്തിനാണ് ഇവിടെ മുൻഗണന. ജൈവസമൃദ്ധിയുടെ വിളനിലമായ ഇവിടെ ദേശാടനപ്പക്ഷികൾ വിരുന്നെത്താറുണ്ട്.
ഇന്ത്യയിലെ ആദ്യ ഓർഗാനിക് ഫാം എന്ന സർട്ടിഫിക്കേഷൻ 2012ൽ ലഭിച്ചു.

പ്രധാനമായും നെൽവിത്തിന്റെ ഉൽപ്പാദനമാണ് ഇവിടെ നടക്കുന്നത്. ഏറെ ഔഷധഗുണമുള്ള രക്തശാലി എന്ന വിത്തിനം പ്രധാനമാണ്. പൗർണമി, പ്രത്യാശ തുടങ്ങി 40 ഇനം വിത്തിനങ്ങൾ കാർഷിക സർവകലാശാലയിൽനിന്നു ശേഖരിച്ച‌് ശതാബ്ദിയോടനുബന്ധിച്ച് വികസിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ട്. നെൽവിത്തിനങ്ങൾക്ക് പുറമെ നാടൻ ഇനത്തിൽപ്പെട്ട കാസർകോട് കുള്ളൻ പശുക്കൾ, മലബാറി ആടുകൾ, താറാവ്, കോഴി, മുയൽ, മത്സ്യം എന്നിവയും വളർത്തുന്നു. പച്ചക്കറികൾ, വാഴ, കിഴങ്ങുവർഗങ്ങൾ, ഇഞ്ചി, മഞ്ഞൾ എന്നിവയും 5.32 ഹെക്ടറിൽ നീണ്ടുപരന്നുകിടക്കുന്ന കേന്ദ്രത്തിൽ ഉൽപ്പാദിപ്പിക്കുന്നു. മൂന്നു ഹെക്ടറിലാണ് നെൽക്കൃഷി, ജൈവവളങ്ങൾ, ജീവാണുവളം, ജൈവകീടനാശിനി എന്നിവയുടെ ഉൽപ്പാദനത്തിനു പുറമെ ചെറുതേൻ, വൻതേൻ എന്നിവയുടെ തേനീച്ചകളെയും പരിപാലിച്ചുവരുന്നു.

നാടൻ പശുക്കളുടെ ചാണകം, ഗോമൂത്രം എന്നിവ അടിസ്ഥാനപ്പെടുത്തി ജൈവ കീടവികർഷണിയായ എക്‌സ്‌പ്ലോഡ് (ഗോമൂത്രം + ശീമക്കൊന്ന), ജൈവ വളർച്ചത്വരകങ്ങളായ പഞ്ചഗവ്യം,  വെർമിവാഷ് എന്നിവയും ഇവിടെ ഉൽപ്പാദിപ്പിച്ച് കർഷകർക്ക് നേരിട്ടും കൃഷിഭവന്റെ ഇക്കോഷോപ്പ് വഴിയും വിതരണം ചെയ്യുന്നുണ്ട്. ഫാമിലെ വിഭവങ്ങൾ ഉപയോഗിച്ച് മൂല്യവർധിത ഉൽപ്പന്നങ്ങളായ വെളിച്ചെണ്ണ, അച്ചാർ, അവൽ, തവിട‌് നിലനിർത്തിക്കൊണ്ടുള്ള ജൈവഅരി എന്നിവ അതതു സീസണുകളിൽ ഉൽപ്പാദിപ്പിക്കുന്നു. 21 ജീവനക്കാരാണ് ഫാമിലുള്ളത്.

ശതാബ്ദിവർഷം–-വികസന വർഷോത്സവം ഏറ്റെടുക്കാൻ ഉദ്ദേശിച്ച് വൈവിധ്യമാർന്ന പരിപാടികളാണ് വിഭാവനം ചെയ്തിട്ടുള്ളത്. അന്യംനിന്നുപോകുന്ന വിത്തിനങ്ങൾ ശേഖരിച്ച് പ്രവർദ്ധനം ചെയ്ത് കർഷകർക്ക് ലഭ്യമാക്കുക, ആലുവ പാലസിനോട് അനുബന്ധിച്ച് ഫാമിന്റെ ജൈവ വിപണനകേന്ദ്രം തുറക്കുക, കേരള സർവകലാശാലയുമായി സഹകരിച്ച് ജൈവ നെൽക്കൃഷിക്ക് പാക്കേജ് ഓഫ് പ്രാക്ടീസ് രൂപംകൊടുക്കുക എന്നിവ ചിലതുമാത്രം.
 
 


പ്രധാന വാർത്തകൾ
 Top