23 February Saturday

സുരേഷ് ബാബുവിന് എഴുത്ത് വിട്ടൊരു ജീവിതമില്ല വൃക്ക നല്‍കിയ അമ്മയെ വിട്ടും

വെബ് ഡെസ്‌ക്‌Updated: Saturday Jul 21, 2018

സുരേഷ് ബാബു കൊണ്ടാഴിയും അമ്മ ജാനകിയോടൊപ്പം. രചിച്ച പുസ്തകങ്ങളുമായി(വലത്ത് )

കൊണ്ടാഴി> ജന്മനാ ഒരു വൃക്ക. ഇടയ്ക്കുവെച്ച് അതും നിലയ്ക്കുക.തളര്‍ന്നു വീഴും ആരായാലും.പക്ഷേ ജീവിതത്തിന്റെ കൈപ്പേറിയ നിമിഷങ്ങളെ നിശ്ചയദാര്‍ഢ്യത്തോടെ നേരിട്ട ആ യുവാവാണ് സുരേഷ് ബാബു കൊണ്ടാഴി (31).

പത്താം ക്ലാസ്സ് റിസല്‍ട്ടിനുശേഷമാണ് സുരേഷ് ബാബുവിന്റെ ജീവിതത്തിന് കരിനിഴല്‍ വീഴ്ത്തി വൃക്ക രോഗം തലപൊക്കുന്നത്.തുടര്‍ ചികിത്സക്കിടെ 2005ലും 2006ലും രണ്ടു തവണ മേജര്‍ ഓപ്പറേഷന്‍ ഏക വൃക്കയില്‍ നടത്തേണ്ടതായും വന്നു.കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ക്ക് എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോഴാണ് ഉടന്‍ വൃക്ക മാറ്റിവെയ്ക്കണമെന്ന് ഡോക്ടര്‍ വിധിയെഴുതുന്നത്.വൃക്കക്കായി പണം മുടക്കാന്‍ കഴിയില്ലെന്നറിഞ്ഞപ്പോഴാണ് അമ്മ അതിന് തയ്യാറായി മുന്നോട്ട് വരുന്നത്.സാധാരണക്കാരായ സുരേഷ് ബാബുവിനായി നാടൊന്നിക്കുന്നതാണ് പിന്നീട് കണ്ടത്.അമ്മയുടെ വൃക്ക യോജിക്കുമെന്ന് കണ്ടെത്തിയതോടെ 2016ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നെഫ്രോളജി ചീഫ് എം ശ്രീലതയുടെ നേതൃത്വത്തില്‍ വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തിയായി.അന്ന് ചെലവായി 11 ലക്ഷം രൂപയും നാട്ടുകാരും വിവിധ ചാരിറ്റബിള്‍ ട്രസ്റ്റും ചേര്‍ന്നാണ് കണ്ടെത്തിയത്.തുടര്‍ന്ന് ഒന്നര വര്‍ഷക്കാലം ഇരുവരുടെയും തുടര്‍ ചികിത്സക്കായി കോഴിക്കോട് വാടകയ്ക്ക് താമസിക്കേണ്ടതായി വന്നു.അതിനിടയ്ക്കാണ് പുസ്തകങ്ങളെ കൂട്ടുപിടിക്കുന്നത്.പിന്നീട് എഴുത്തിലേക്ക് തിരിയുകയായിരുന്നു.ജീവിത സാഹചര്യമാണ് അതിന് നിമിത്തം.വൈജ്ഞാനിക സാഹിത്യ മേഖലയില്‍ കൈവെച്ച സുരേഷ് ബാബു രണ്ടു വര്‍ഷത്തിനിടെ 7 പുസ്തകങ്ങള്‍ പുറത്തിറക്കി.പത്താം ക്ലാസ്സിന് ശേഷം തുര്‍ന്ന് പഠിക്കാന്‍ കഴിയാത്ത വിഷമം വായനയിലൂടെ മറികടക്കുകയാണിയാള്‍.

നിലവില്‍ എല്ലാ മാസവും കോഴിക്കോട് ചെക്കപ്പിന് പോകാറുണ്ട്.മാസത്തില്‍ പതിനായിരത്തോളം രൂപയുടെ മരുന്നുകള്‍ വേണം.കാരുണ്യയിലൂടെ മരുന്നുകള്‍ വാങ്ങാമെന്നതാണ് ആശ്വാസം.കാരുണ്യയുടെ 3 ലക്ഷമെന്ന പരിധി അവസാനിക്കാറായതോടെ ഇനി മരുന്നിനെന്തുചെയ്യുമെന്നതും ചോദ്യമാണ്.അമ്മയ്ക്കും പ്രായത്തിന്റേതായ ബുദ്ധിമുട്ടുകളുണ്ട്.ഓപ്പറേഷനുശേഷം അമ്മയും ഒരു വര്‍ഷത്തോളം തുടര്‍ച്ചയായി മരുന്നു കഴിച്ചു.സുരേഷ് ബാബുവിന് ജീവിതകാലം മരുന്നു കഴിക്കേണ്ടതായി വരും.നല്ലൊരു ആര്‍ട്ടിസ്റ്റ് കൂടിയാണീ യുവാവ്.കാര്‍ട്ടൂണുകളും പ്രമുഖരുടെ കാരിക്കേച്ചറുകളും വരയ്ക്കും.വടക്കാഞ്ചേരിയിലും കൊണ്ടാഴിയിലും ചിത്രകാര്‍ട്ടൂണ്‍ പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുണ്ട്.

സുരേഷ് ബാബൂ രചിച്ച'കടങ്കഥകള്‍ പറയാം' എന്നൊരു പുസ്തകം എച്ച് ആന്റ് സിയുടേതായി ഉടന്‍ പുറത്തിറങ്ങും.ഇഷാ ബുക്‌സില്‍ നിന്നും ബാലകവിതകള്‍,'പുനര്‍ജന്മങ്ങള്‍' എന്ന കഥാസമാഹാരം എന്നിവയും പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലുമാണ്.ഇവയില്‍ നിന്നും ലഭിക്കുന്ന ചെറിയ തോതിലുള്ള റോയല്‍ട്ടിയാണ് ആകെയുള്ള വരുമാനം. സിഐടിയു ചുമട്ടുതൊളിലാളി യൂണിയനിലംഗമായ അച്ഛന്‍ കാന്‍സര്‍ രോഗത്തിന്റെ പിടിയിലായിരിക്കുന്നതാണ് ഇവരെ അലട്ടുന്ന മറ്റൊരു പ്രശ്‌നം.എല്ലാത്തിനുമുള്ള പണച്ചെലവുകള്‍ താങ്ങാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് സുരേഷ് ബാബു സങ്കടത്തോടെ പറഞ്ഞു.ഒരു ജോലി അത്യാവശ്യമാണെന്നാണ് ഈ യുവാവിന്റെ ആഗ്രഹം.താത്കാലികമായാലും പ്രശ്‌നമില്ല.ഡോ.അംബേദ്കര്‍ ഫെല്ലോഷിപ്പ് അവാര്‍ഡ്,വരമൊഴി സാഹിത്യ പുരസ്‌കാരം,അയ്യങ്കാളി സ്മാരക അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങളും ഈ എളിയ എഴുത്തുകാരനെ തേടിയെത്തി.

എഴുത്ത് വിട്ടൊരു ജീവിതമില്ലെന്നുതന്നെയാണ് സുരേഷ് ബാബുവിന്റെ അജണ്ട.കഥകളും തിരക്കഥകളും എഴുതി സൂക്ഷിച്ചിട്ടുണ്ട്.സിനിമാ മേഖലയിലുള്ള പ്രശസ്തര്‍ക്ക് കാരിക്കേച്ചര്‍ വരച്ച് സമ്മാനിക്കാറുമുണ്ട്.ലോഹതദാസുമായി ഏറെ അടുപ്പമുണ്ടായിരുന്ന സുരേഷ് ബാബുവിന് കഥ പറയാന്‍ അവസരം നല്‍കിയരുന്നു.2009 ജൂണ്‍ 28നായിരുന്നു പഴയ ലെക്കിടിയിലെ അമരാവതിയിലേക്ക് ക്ഷണിച്ചിരുന്നത്.പക്ഷേ അന്നായിരുന്നു ലോഹി സാര്‍ സിനിമകളില്ലാത്ത് ലോകത്തേക്ക് യാത്രായായത്. ഇനി സുരേഷ് ബാബുവിന് എഴുത്ത് വിട്ടൊരു ജീവിതമില്ല.വൃക്ക നല്‍കിയ സ്നേഹനിധിയായ അമ്മയെ വിട്ടും.കൊണ്ടാഴി ചക്കംകുളങ്ങര ജാനകി നാരായണന്‍ ദമ്പതിമാരുടെ മകനാണ്.സഹോദരി ഷീജ.

 

പ്രധാന വാർത്തകൾ
 Top