20 June Sunday

പ്രതിപക്ഷത്തിന്റെ കുത്തിത്തിരിപ്പുകൾക്ക്‌ ശക്തമായ താക്കീത്‌; അക്കമിട്ട്‌ മറുപടിയുമായി മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Jun 21, 2020


തിരുവനന്തപുരം
രാഷ്‌ട്രീയലക്ഷ്യത്തോടെയുള്ള പ്രതിപക്ഷത്തിന്റെ കുത്തിത്തിരിപ്പുകൾക്ക്‌ ശക്തമായ താക്കീത്‌ നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. സാധാരണയിൽനിന്ന്‌ വ്യത്യസ്‌തമായി ചില കാര്യങ്ങൾ പറയാനുണ്ടെന്ന ആമുഖത്തോടെയാണ്‌ മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പ്രതിപക്ഷത്തിന്‌ അക്കമിട്ട്‌ മറുപടി നൽകിയത്‌. പ്രതിരോധപ്രവർത്തനങ്ങളെ തുരങ്കം വയ്‌ക്കുന്ന രീതിയിലേക്ക്‌ നീക്കങ്ങൾ വളരുന്നതുകൊണ്ടാണ്‌ അതിനെതിരെ പ്രതികരിക്കേണ്ടി വരുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു.
കോവിഡ്‌ കാലത്ത് കെപിസിസി യോഗം ചേർന്നാണ്‌ സർക്കാരിനെ ക്രെഡിറ്റ് എടുക്കാൻ അനുവദിക്കരുത് എന്ന് തീരുമാനിച്ചത്‌. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ സഹായിക്കാൻ ജനങ്ങളോട് അഭ്യർഥിക്കാൻ ചുമതലയുള്ളവർ കള്ളം പ്രചരിപ്പിച്ച് സഹായം മുടക്കാൻ ശ്രമിച്ചു. ജീവനക്കാരുടെ ശമ്പളത്തിന്റെ ചെറിയൊരംശം പിന്നീട് നൽകാമെന്നു തീരുമാനിച്ചപ്പോൾ ഉത്തരവ് കത്തിച്ചു. കോടതിയിൽ പോകുകയും പരാജയപ്പെടുകയുംചെയ്‌തു.

പ്രതിച്ഛായ കൂട്ടാൻ പിആർ ഏജൻസികളെ ആശ്രയിച്ചെന്നും വാർത്താസമ്മേളനം റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങൾക്ക് സർക്കാർ പണം നൽകുന്നുവെന്നും പ്രചരിപ്പിച്ചു. കേരളത്തെപ്പറ്റി ലോകമാധ്യമങ്ങളിൽ വരുന്ന വാർത്തകളെല്ലാം ഇത്തരത്തിൽ കൊടുക്കുന്നതാണെന്നാണ് പ്രതിപക്ഷനേതാവ് വാർത്താസമ്മേളനത്തിൽ പറഞ്ഞത്. മുഖ്യമന്ത്രി ചിരിക്കുന്നതുപോലും പിആർ ഏജൻസി പറയുന്നതനുസരിച്ചാണെന്ന്‌ വിളമ്പി. 42 അന്താരാഷ്ട്ര മാധ്യമങ്ങളിൽ പരസ്യം കൊടുത്തെന്നും അത് തങ്ങളെ ക്ഷുഭിതരാക്കിയിട്ടുണ്ടെന്നുമാണ് കെപിസിസി പ്രസിഡന്റ്‌ പ്രസംഗിച്ചത്. ലോകത്താകെയുള്ള മാധ്യമങ്ങളെ പോലും അവഹേളിക്കുന്നതല്ലേ ഈ ആരോപണമെന്ന്‌ മുഖ്യമന്ത്രി ചോദിച്ചു.

മറ്റു സംസ്ഥാനങ്ങളിൽനിന്ന്‌ വരുന്ന സഹോദരങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് പാസ് ഏർപ്പെടുത്തിയപ്പോൾ വാളയാറിൽ പാസില്ലാത്തവരെ എത്തിച്ച് പരിശോധനപോലുമില്ലാതെ കേരളത്തിലേക്ക് കടത്തിവിടാനായി ശ്രമം. നിരപരാധികളായ നൂറു കണക്കിനു പേർ രോഗവ്യാപന ഭീഷണിയിൽ കഴിയേണ്ടി വന്നു.
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ നടത്തുന്നതിനെതിരെയും രംഗത്തുവന്നു. വിദ്യാർഥികളിലും രക്ഷിതാക്കളിലും ആശങ്ക സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനായിരുന്നു ശ്രമം. കേന്ദ്രം തീരുമാനിച്ചപ്പോൾ ആരാധനാലയങ്ങൾ തുറക്കണമെന്ന് പ്രതിപക്ഷനേതാവും മുൻ മുഖ്യമന്ത്രിയുമെല്ലാം ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ ചർച്ച നടത്തി തീരുമാനമെടുത്തപ്പോൾ എന്തിനാ തുറന്നതെന്നാണ്‌ കെപിസിസി പ്രസിഡന്റ്‌ ചോദിച്ചത്‌. രാഷ്ട്രീയ മുതലെടുപ്പായിരുന്നു കോൺഗ്രസിന്റെ ഉദ്ദേശ്യം.

പ്രവാസികൾക്ക്‌ പരിശോധനാ സംവിധാനം ഏർപ്പെടുത്തുന്നതിനെയും എതിർക്കുകയാണ്‌. എല്ലാവരും ഇവിടേക്ക്‌ വരണമെന്നുതന്നെയാണ്‌ സർക്കാരിന്റെ നിലപാട്‌. എന്നാൽ, രോഗമുള്ളവരും ഇല്ലാത്തവരും ഇടകലർന്ന് ഒരേ വിമാനത്തിൽ വരുന്ന സംവിധാനമുണ്ടാക്കാനും അങ്ങനെ രോഗം പടരുന്ന സാഹചര്യമുണ്ടാക്കാനും എന്തിനാണു പ്രതിപക്ഷം വ്യഗ്രതപ്പെടുന്നതെന്ന്‌ മുഖ്യമന്ത്രി ചോദിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top