11 August Tuesday

ലിനിയുടെ ഭർത്താവിനുനേരെ‌ കോൺഗ്രസിന്റെ‌ ഭീഷണിസമരം

വെബ് ഡെസ്‌ക്‌Updated: Sunday Jun 21, 2020


പേരാമ്പ്ര
നിപാ പ്രതിരോധത്തിനിടെ ജീവൻപൊലിഞ്ഞ സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷിനെ ഭീഷണിപ്പെടുത്തി കോൺഗ്രസ്‌ സമരം. കൂത്താളി പ്രാഥമികാരോഗ്യ കേന്ദ്രം ജീവനക്കാരനായ സജീഷിനെ ജോലിചെയ്യാൻ അനുവദിക്കില്ലെന്ന ഭീഷണിയുമായി‌  ശനിയാഴ്ച രാവിലെയാണ്‌ കോൺഗ്രസുകാർ ആശുപത്രിയിലേക്ക് മാർച്ച്‌ ചെയ്‌തത്. കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‌‌ പിന്തുണ പ്രഖ്യാപിച്ചായിരുന്നു ഇരച്ചുകയറിയത്‌. കോവിഡ്‌ പ്രതിരോധ ജോലിയിലായിരുന്ന  ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എ എം മനുവിന്‌  മർദനമേറ്റു.

കോവിഡുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിൽ  കഴിയുന്നവരുടെ വീടുകൾ സന്ദർശിച്ച്  ആശുപത്രിയിലേക്ക് വരുമ്പോഴായിരുന്നു ജെഎച്ച്‌ഐയെ ആക്രമിച്ചത്‌. സാരമായി പരിക്കേറ്റ മനുവിനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിഎച്ച്സിയിലേക്ക്  ജോലിക്ക്‌ എത്തുമ്പോൾ ലിനിയുടെ ഭർത്താവ്‌ സജീഷിനെ ആക്രമിക്കാനായിരുന്നു പദ്ധതി. പൊലീസുകാർ അറിയിച്ചതനുസരിച്ച് ഇദ്ദേഹം‌ വരാതിരുന്നതിനാലാണ്‌ രക്ഷപ്പെട്ടത്.

ലിനി മരിച്ചപ്പോൾ തന്നെയും മക്കളെയും ആശ്വസിപ്പിക്കാൻ ഓടിയെത്തിയ മന്ത്രി കെ കെ ശൈലജ തങ്ങൾക്ക് അമ്മതന്നെയാണെന്നും അവരെ അപമാനിച്ച മുല്ലപ്പള്ളി രാമചന്ദ്രൻ എംപി ആയിട്ടുകൂടി കാണാനോ ആശ്വസിപ്പിക്കാനോ വന്നിട്ടില്ലെന്നും സജീഷ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

ഇതിന്റെ പ്രതികാരമായാണ് കോൺഗ്രസുകാർ പ്രതിഷേധവുമായി എത്തിയത്. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്‌  രാജൻ മരുതേരി, ഡിസിസി ജനറൽ സെക്രട്ടറി മുനീർ എരവത്ത്, ഡിസിസി സെക്രട്ടറിമാരായ കെ കെ വിനോദൻ, സത്യൻ കടിയങ്ങാട്, സി കെ ബാലൻ, നൊച്ചാട് മണ്ഡലം പ്രസിഡന്റ്‌  പി എം പ്രകാശൻ, കൂത്താളി മണ്ഡലം പ്രസിഡന്റ്‌ ഓണിയിൽ മോഹൻദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമസമരം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top