കട്ടപ്പന> ആരു ജയിച്ചാലും അവര്‍ പ്രസിഡന്റാകും എന്നതാണ് ദേവികുളം ബ്ലോക്ക് പഞ്ചായത്ത് കാന്തല്ലൂര്‍ ഡിവിഷന് ഉപതെരഞ്ഞെടുപ്പിന്റെ പ്രത്യേകത. പട്ടികവർഗവിഭാഗത്തിനായി സംവരണം ചെയ്തതാണ് ഇവിടെ പ്രസിഡന്റ് സ്ഥാനം. ബ്ലോക്ക് പഞ്ചായത്തിലെ ഏക പട്ടികവർഗ സംവരണ വാർഡാണ് കാന്തല്ലൂർ ഡിവിഷൻ. ജൂലൈ 27നാണ് വോട്ടെടുപ്പ്. പിറ്റേന്ന് ഫലം അറിയാം.
കഴിഞ്ഞ തവണ ഇവിടെ വിജയിച്ചത് സിപിഐ എം ഏരിയ കമ്മിറ്റിയംഗവുമായിരുന്ന എ സുന്ദരമാണ്. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും അദ്ദേഹമായിരുന്നു.സുന്ദരത്തിന്റെ നിര്യാണത്തെതുടര്‍ന്നാണ് ഉപതെരെഞ്ഞെടുപ്പ്.
13 അംഗ ബ്ലോക്ക് പഞ്ചായത്തിൽ ഏഴ് സീറ്റുകൾ കോൺഗ്രസിനുണ്ടെങ്കിലും പട്ടികവർഗവിഭാഗത്തിൽപ്പെട്ട സിപിഐ എമ്മിലെ എ സുന്ദരത്തിന് പ്രസിഡന്റ് സ്ഥാനം ലഭിക്കുകയായിരുന്നു. ഇത്തവണയും ഇവിടുത്തെ വിജയി പ്രസിഡന്റാകും. ആർ രാധാകൃഷ്ണനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. എസ് കന്ദസാമി യുഡിഎഫില്‍ നിന്നും ശിവമുത്തു ബിജെപിയില്‍ നിന്നും മത്സരിയ്ക്കുന്നു. സംസ്ഥാനത്തെ ഏക ആദിവാസി പഞ്ചായത്തായ ഇടമലക്കുടി ദേവികുളം ബ്ലോക്കിലാണ്.