02 July Thursday

ഈ ‘മലർവാടി’യിൽ നെല്ലു മുതൽ മുല്ലവരെ

വെബ് ഡെസ്‌ക്‌Updated: Friday May 22, 2020


കൂത്താട്ടുകുളം
നെൽക്കൃഷി മുതൽ മത്സ്യക്കൃഷിവരെ, പശു വളർത്തൽ മുതൽ പച്ചക്കറിവരെ, സുഗന്ധം പരത്താൻ റോസും മുല്ലയുമുൾപ്പെടെയുള്ളവയും മറ്റ്‌‌ അലങ്കാരസസ്യങ്ങളും...എന്തിനും ജനങ്ങൾക്ക് ആശ്രയിക്കാം കാക്കൂർ  സഹകരണ ബാങ്കിനെ. തിരുമാറാടി പഞ്ചായത്തുമായി ചേർന്ന് തരിശ് രഹിത, ജൈവകാർഷിക പഞ്ചായത്തായി കാക്കൂരിനെ മാറ്റാനുള്ള പരിശ്രമത്തിലാണ് ബാങ്ക്‌.

മൂന്നരവർഷം മുമ്പ് മലർവാടി എന്ന പേരിൽ നഴ്‌സറി ആരംഭിച്ചു. തരിശ് കിടന്ന വാളിയപ്പാടം, ഒലിയപ്പുറം പാടശേഖരങ്ങളിൽ കർഷകരെ പങ്കാളികളാക്കി ‘നിറകതിർ' സ്വാശ്രയ സംഘങ്ങൾ രൂപീകരിച്ച് നെൽക്കൃഷി ആരംഭിച്ചു. കർഷകർക്ക് പലിശരഹിത വായ്പയും ആനുകൂല്യങ്ങളും നൽകി. കൂട്ടത്തിൽ പച്ചക്കറി കൃഷിയും. മലർവാടി നേഴ്‌സറിയിൽ അക്വപോണിക്സ് സമ്പ്രദായത്തിൽ മത്സ്യക്കൃഷിയും ആരംഭിച്ചു. പടുതക്കുളത്തിൽ മത്സ്യക്കൃഷിക്ക്‌ ചെറുകിട കർഷകർക്ക് മുടക്കുമുതലിന്റെ 50 ശതമാനം സബ്‌സിഡി നൽകുന്നു‌. ക്ഷീരകർഷകർക്ക് പശുക്കളെ വാങ്ങാൻ സ്വാശ്രയ സംഘങ്ങൾ രൂപീകരിച്ച് സബ്സിഡിയോടെ വായ്‌പ നൽകി. മലർവാടി നേഴ്‌സറി വഴി മികച്ചയിനം വാഴ, തെങ്ങ്, കവുങ്ങ്, കുരുമുളക് തുടങ്ങിയവയുടെ തൈകളും പച്ചക്കറി തൈകളും കുറഞ്ഞ വിലയ്ക്ക് നൽകുന്നു. ലോക്ക്‌ഡൗൺ പ്രതിസന്ധി കണക്കിലെടുത്ത് കാർഷിക വായ്പകൾക്ക് പലിശനിരക്ക് 6.8 ശതമാനമാക്കി കുറച്ചു. അനിൽ ചെറിയാൻ പ്രസിഡന്റായിട്ടുള്ള ബാങ്ക് ഭരണസമിതിയുടെ നേതൃത്വത്തിൽ രൂപീകരിച്ച കനിവ് പാലിയേറ്റിവ് വഴി നിർധനരോഗികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനൊപ്പം ക്യാൻസർ, കിഡ്നി രോഗികൾക്ക് 25,000 രൂപ ധനസഹായവും നൽകുന്നുണ്ട്.


പ്രധാന വാർത്തകൾ
 Top