04 July Saturday

അതിജീവന യാത്രയ്‌ക്ക്‌ ഡബിൾ ബെൽ ; കെഎസ്‌ആർടിസി ഓടിത്തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday May 21, 2020

 
‘എവിടേക്കാ’ എന്നതിന്‌ പകരം  കണ്ടക്ടർ ആദ്യം ചോദിച്ചത്‌ സാനിറ്റൈസർ വേണോ എന്ന്‌.  ഷോപ്പിൽ എത്തിയ കസ്‌റ്റമറിനോട്‌  ബാർബർ തിരക്കിയത്‌ ടൗവലുണ്ടോയെന്ന്‌. പുതിയ ശീലങ്ങൾ സ്വന്തമാക്കി സംസ്ഥാനം അതിജീവന ‘യാത്ര’ തുടങ്ങി.

സംസ്ഥാനത്തെ പൊതുഗതാഗത്തിന്‌ ബുധനാഴ്‌ച ഡബിൾബെൽ മുഴങ്ങി. ടിക്കറ്റ്‌ മെഷീനൊപ്പം കണ്ടക്ടർ സാനിറ്റൈസറും കരുതി.  സാനിറ്റൈസറിട്ട്‌ കൈയ്യ്‌ വൃത്തിയാക്കിയതിൽ മാത്രം ഒതുങ്ങിയില്ല യാത്രാവിശേഷം. രണ്ടുസീറ്റീൽ ഒരാളും മൂന്നു സീറ്റിൽ രണ്ടാളും മാത്രമുള്ള യാത്രയും പുതുമയായിരുന്നു.

50 ശതമാനം യാത്രക്കാരുമായിട്ടായിരുന്നു സർവീസ്‌.  മാസ്‌ക്‌ ഉൾപ്പെടെയുള്ള കോവിഡ്‌ മുൻകരുതൽ ഉറപ്പാക്കിയായിരുന്നു യാത്ര.  ജലഗതാഗതവും ആരംഭിച്ചു. ജ്വല്ലറികളും ബാർബർ ഷോപ്പുകളും തുറന്നു.  ബാർബർ ഷോപ്പുകളിൽ നിരവധി പേരെത്തി. സാമൂഹ്യ അകലം പാലിക്കുന്നതിനടക്കം ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. വസ്‌ത്രവ്യപാര ശാലകളും സജീവമായി. അണുവിമുക്തമാക്കിയ ശേഷമാണ്‌ കടകൾ തുറന്നത്‌. കൂടുതൽ ഓട്ടോറിക്ഷകളും ടാക്‌സികളും നിരത്തിൽ ഇറങ്ങി.

രണ്ടുമാസത്തിനുശേഷം സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകൾ ഓടിത്തുടങ്ങി. ബുധനാഴ്‌ച രാവിലെ ഏഴുമുതൽ 11 വരെയും വൈകിട്ട് നാലുമുതൽ ഏഴുവരെയും ജില്ലകൾക്കുള്ളിലാണ്‌ സർവീസ് നടത്തിയത്‌. 14 ജില്ലയിലായി 1850 ഓർഡിനറി ബസാണ് ‌ഓടിയത്‌. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ–- 499. കൊല്ലം –- 200, ആലപ്പുഴ –- 122, കോട്ടയം–-- 102, തൃശൂർ–- 92, പത്തനംതിട്ട–- 78 എന്നിങ്ങനെ സർവീസ്‌ നടത്തി. എല്ലാ യാത്രക്കാരും മാസ്‌ക്‌ ധരിച്ചെന്ന്‌ ഉറപ്പുവരുത്തിയാണ്‌ കയറ്റിയത്‌. 50 ശതമാനം സീറ്റിലേക്കാണ്‌ കയറ്റിയത്‌.  മുഴുവൻ കെഎസ്‌ആർടിസി സ്റ്റാൻഡിലും പൊലീസ്‌ നിരീക്ഷണം ഏർപ്പെടുത്തി ബസിൽ കയറുംമുമ്പ്‌ കൈകഴുക്കാൻ സാനിറ്റൈസറും നൽകി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top