19 May Sunday

അക്രമത്തിലൂടെ തെരഞ്ഞെടുപ്പ‌് അട്ടിമറിക്കാൻ കോൺഗ്രസ്‌ ബിജെപി ശ്രമം: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Sunday Apr 21, 2019
തിരുവനന്തപുരം  
സംസ്ഥാനത്ത്‌ പരക്കെ അക്രമം അഴിച്ചുവിട്ട്‌ തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ്‌ ഒരുവശത്ത്‌ കോൺഗ്രസ്‌ നേതൃത്വത്തിൽ യുഡിഎഫും മറുവശത്ത്‌ ബിജെപിയും നടത്തുന്നതെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ പ്രസ‌്താവനയിൽ പറഞ്ഞു. 
 
ബോധപൂർവം പ്രകോപനം സൃഷ്ടിച്ച്‌ അക്രമം അഴിച്ചുവിടുകയും മുതലെടുപ്പിന‌് ശ്രമിക്കുകയുമാണ‌് യുഡിഎഫും ബിജെപിയും. പരക്കെ അക്രമം അഴിച്ചുവിടുന്നതും എൽഡിഎഫ്‌ അക്രമം എന്ന പ്രചാരണ കോലാഹലം നടത്തുന്നതുമാണ‌് ഞായറാഴ്‌ച  കണ്ടത്‌. ആലത്തൂർ എംഎൽഎ കെ ഡി പ്രസേനന‌് യുഡിഎഫ്‌ അക്രമത്തിൽ സാരമായി പരിക്കേറ്റു. തലസ്ഥാനത്ത്‌ വേളിയിൽ എ കെ ആന്റണിയെ തടഞ്ഞുവെന്ന നുണക്കഥ സൃഷ്ടിച്ച്‌ യുഡിഎഫുകാർ സംഘർഷം സൃഷ്ടിച്ചു. വടകര പാർലമെന്റ്‌ മണ്ഡലത്തിലെ വില്യാപ്പള്ളിയിൽ എൽഡിഎഫ്‌ പ്രവർത്തകർക്കുനേരെ അക്രമം അഴിച്ചുവിട്ടു. പൊന്നാനിയിൽ യുഡിഎഫ്‌ ക്രിമിനലുകൾ അഴിഞ്ഞാടുകയായിരുന്നു. വർക്കലയിൽ യുഡിഎഫും ബിജെപിയും അക്രമങ്ങൾക്ക്‌ നേതൃത്വം നൽകി. കൊല്ലം കരുനാഗപ്പള്ളിയിൽ എൽഡിഎഫ്‌ ജാഥയെ ആക്രമിച്ചു. തിരുവല്ലയിൽ എൽഡിഎഫ്‌ പ്രചാരണ സമാപനത്തിനു നേരെ ബിജെപി പ്രവർത്തകർ കല്ലെറിഞ്ഞു. ഇത്തരം പ്രകോപനങ്ങളിൽ കുടുങ്ങാതെ എൽഡിഎഫ്‌ പ്രവർത്തകർ തികഞ്ഞ ആത്മസംയമനം പാലിക്കണം. ഓരോ വോട്ടറെയും ബൂത്തിലെത്തിച്ച്‌ വോട്ട്‌ രേഖപ്പെടുത്താനുള്ള പ്രവർത്തനങ്ങളിലാകണം എൽഡിഎഫ്‌ പ്രവർത്തകരുടെ ശ്രദ്ധ. സംസ്ഥാനത്താകെ ഉയർന്നുവന്ന എൽഡിഎഫ്‌ തരംഗത്തിൽ വിറളിപൂണ്ട്‌ നടത്തുന്ന ഇത്തരം അക്രമസംഭവങ്ങളിൽ പൊലീസും തെരഞ്ഞെടുപ്പ്‌ കമീഷനും ശക്തമായ നടപടി സ്വീകരിക്കണമെന്നും കോടിയേരി  പ്രസ‌്താവനയിൽ ആവശ്യപ്പെട്ടു.
മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top