19 May Sunday

കരുനാഗപ്പള്ളിയിൽ ബിജെപി-ആർഎസ്എസ് ആക്രമണം; നിരവധി പേർക്ക് പരുക്ക്

വെബ് ഡെസ്‌ക്‌Updated: Sunday Apr 21, 2019

കരുനാഗപ്പള്ളി > തെരെഞ്ഞെടുപ്പ് പ്രചരണത്തിന് സമാപനം കുറിച്ച് കരുനാഗപ്പള്ളിയിൽ നടന്ന എൽ ഡി എഫ് പ്രകടനത്തിനു നേരെ ബി ജെ പി- ആർ എസ് എസ് ആക്രമണം. എൽ ഡി എഫ് ,യു ഡി എഫ് പ്രവർത്തകർ ഉൾപ്പടെ സമാധാനപരമായി കൊട്ടിക്കലാശം നടത്തുന്നതിനിടെ ആർ എസ് എസ് - ബി ജെ പി സംഘം ബോധപൂർവ്വം ആക്രമം അഴിച്ചുവിടുകയായിരുന്നു. ആയിരത്തിലധികം സ്ത്രീകൾ ഉൾപ്പടെയുള്ള സംഘത്തിനു നേരെ ആർ എസ് എസ് ആദ്യം കൊടിക്കമ്പുകൾ വലിച്ചെറിഞ്ഞു. തുടർന്ന് ആർ എസ് എസ് സംഘം വന്ന ടിപ്പർ ലോറിയിൽ നിന്നും തുരുതുരാ കല്ലെറിയുകയായിരുന്നു. വഴിയാത്രക്കാരും കുട്ടികൾ ഉൾപ്പടെയുള്ളവർക്കും കല്ലേറിൽ പരുക്കേറ്റു. ഏറ് ശക്തമായതോടെ സ്ത്രീകൾ ഉൾപ്പടെയുള്ളവർ ചിതറിയോടി.ആക്രമികളെ നേരിടാൻ പോലീസ് എത്തിയതോടെ ആക്രമികൾ പടനായർകുളങ്ങര ക്ഷേത്രവളപ്പിനുള്ളിലേക്ക് കയറി. ക്ഷേത്ര കോമ്പൗണ്ടിനുള്ളിൽ നിന്നും കല്ലേറ് തുടർന്നതോടെ എസിപി അരുൺ രാജിനും 2 പോലീസുകാർക്കും കല്ലേറിൽ പരുക്കേറ്റു. നിരവധി എൽഡിഎഫ് പ്രവർത്തകർക്കും പരുക്കേറ്റു. കല്ലേലിഭാഗം, ശാന്താലയത്തിൽ ചന്തുവിന് തലയ്ക്ക് മാരകമായി പരുക്കേറ്റു.ഇയാളെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സി പി ഐ എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി ആർ വസന്തന് കാലിലും വയറിലും കല്ലേറിൽ പരുക്കേറ്റു. ന്യൂസ് 18 ക്യാമറാമാൻ ഗോപു നീണ്ടകരയ്ക്ക് തലയ്ക്കും മിഡിൽ ഈസ്റ്റ് ക്യാമറാമൻ ബിജു (36) വിന് മൂക്കിന്റെ പാലത്തിനും പല്ലുകൾക്കും പരുക്കേറ്റു.

കൊച്ചാലുംമൂട് സ്വദേശിയായ എട്ടു വയസുകാരൻ നബീൽ, അരമത്തുമഠം സ്വദേശി അഖിൽ, കുലശേഖരപുരം സ്വദേശികളായ സുജിത്ത്, ശശി എന്നിവർക്കും പരുക്കേറ്റു.ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നിരവധി പേർക്ക് ദണ്ഡ് കൊണ്ടുള്ള അടിയിലും ഏറിലും പരുക്കേറ്റു. എൽ ഡി എഫിന്റെ നിരവധി പ്രചരണ വാഹനങ്ങളും എറിഞ്ഞുതകർത്തു. തെരെഞ്ഞെടുപ്പ് പ്രചരണ കലാപരിപാടി കഴിഞ്ഞു പോയ ബാലസംഘത്തിന്റെ പ്രവർത്തകൻ അനന്തു (11) എന്ന കുട്ടിയേയും പിൻതുടർന്ന് ആക്രമിച്ചു. പ്രചരണ വാഹനത്തിന്റെ ഡ്രൈവർ ബിജുവിന്റെ തലയ്ക്ക് കല്ലേറിൽ പരുക്കേറ്റു. സമാധാനപരമായി നടന്ന കലാശക്കൊട്ടിനു നേരെ ആർ എസ് എസ് ബോധപൂർവ്വം ആക്രമം അഴിച്ചുവിടുകയായിരുന്നു. ആയിരത്തിലധികം വരുന്ന സ്ത്രീകളുടെ പങ്കാളിത്തം എൽ ഡി എഫിന്റെ പ്രചരണ പരിപാടിയെ ശ്രദ്ധേയമാക്കിയിരുന്നു. ആർ എസ് എസിനെ പ്രകോപ്പിപ്പിക്കുന്നതിന് ഇതും കാരണമായി. അഞ്ചു മണിയോടെ സ്ത്രീകൾക്കു നേരെ ആർ എസ് എസ് പ്രവർത്തകർ അസഭ്യവർഷം നടത്തി പ്രകോപനം സൃഷ്ടിക്കാൻ ശ്രമിച്ചിരുന്നു.എന്നാൽ മുതിർന്ന നേതാക്കൾ ഇടപെട്ട് പ്രശ്നം ഒഴിവാക്കുകയായിരുന്നു. ആർ എസ് എസ് പിന്നീടാണ് കല്ലേറ് തുടങ്ങിയത്. യു ഡി എഫ് പ്രവർത്തകർക്കും ആർ എസ് എസ് കല്ലേറിൽ പരുക്കേറ്റു


പ്രധാന വാർത്തകൾ
 Top