25 May Monday
നിരവധിപേര്‍ക്ക് പരിക്ക്‌

അമ്പലപ്പുഴയിൽ ആർഎസ‌്എസിന്റെ കലാപനീക്കം ; പൊലീസുകാരടക്കം നിരവധി പേർക്ക‌് പരിക്ക‌്

വെബ് ഡെസ്‌ക്‌Updated: Sunday Apr 21, 2019

അമ്പലപ്പുഴ
കൊട്ടിക്കലാശത്തിനിടെ ക്ഷേത്രത്തിന്റെ കാണിക്ക മണ്ഡപം തകർത്ത് ബിജെപിയുടെ കലാപനീക്കം. തടയാൻ ശ്രമിച്ച എൽഡിഎഫ് പ്രവർത്തകർക്കു നേരെ വ്യാപക അക്രമം. സിഐടിയു പ്രവർത്തകരുടെ വാഹനങ്ങൾ തകർത്ത അക്രമികൾ സിപിഐ മണ്ഡലം കമ്മിറ്റി ഓഫീസിന്റെ ജനൽചില്ലുകൾ എറിഞ്ഞുതകർത്തു. ബിജെപിക്കാരുടെ കല്ലേറിൽ  രണ്ടു പൊലീസുകാർക്കും പരിക്കേറ്റു. ഞായറാഴ‌്ച വൈകിട്ട് അഞ്ചോടെ അമ്പലപ്പുഴ കച്ചേരിമുക്കിലായിരുന്നു  പ്രകോപനമില്ലാതെ അക്രമം അഴിച്ചുവിട്ടത്. 
 
പകൽ 3.30 മുതൽ എൽഡിഎഫ് പ്രവർത്തകർ കൊട്ടിക്കലാശത്തിന്റെ ഭാഗമായി കച്ചേരി മുക്കിൽ നിലയുറപ്പിച്ചിരുന്നു. തെക്കുഭാഗത്തായി കോൺഗ്രസ് പ്രവർത്തകരും സംഘടിച്ചിരുന്നു. ഇതിനിടെ ദേശീയ പാത വഴി തെക്കോട്ട് പ്രകോപനപരമായ മുദ്രാവാക്യം വിളികളുമായെത്തിയ  ആർഎസ്എസുകാർ  എൽഡിഎഫ് പ്രവർത്തകർക്കു നേരെ കൊടി വീശുകയും കൊടിക്കമ്പു കൊണ്ട് കുത്താനും ശ്രമിച്ചു. ഇതു ചോദ്യം ചെയ‌്തതോടെ കൊടിക്കമ്പുകൊണ്ട് അടിക്കുകയായിരുന്നു. ഈ സമയം നേതാക്കളിടപെട്ട് എൽഡിഎഫ് പ്രവർത്തകരെ പിന്തിരിപ്പിച്ചതോടെ ആർഎസ‌്എസ‌് സംഘം കൈവശം കരുതിയിരുന്ന മെറ്റൽ കൊണ്ട് കച്ചേരി മുക്കിലെ അമ്പലപ്പുഴ ശ്രീക‌ൃഷ‌്ണസ്വാമി ക്ഷേത്രത്തിന്റെ കാണിക്ക മണ്ഡപത്തിനു നേർക്ക് എറിയുകയായിരുന്നു. സമീപത്ത് കൂട്ടമായി നിന്ന എൽഡിഎഫ് പ്രവർത്തകയായ സ‌്ത്രീയടക്കമുള്ള 17പേർക്കും രണ്ടു പൊലീസുകാർക്കും കല്ലേറിൽ പരിക്കേറ്റിട്ടുണ്ട‌്. ഇതിനിടെ കിഴക്കുഭാഗത്തു നിന്നും വന്ന ബിജെപിയുടെ കൊടിതോരണങ്ങൾ കൊണ്ട് അലങ്കരിച്ച കെ എൽ 24-2384 എന്ന രജിസ്ട്രേഷൻ നമ്പരിലുള്ള ടിപ്പർ ലോറിയിൽ നിന്നും എൽഡിഎഫ് പ്രവർത്തകർക്കു നേരെ കല്ലേറുണ്ടായി. കൊട്ടിക്കലാശം കാണാനെത്തിയ മത്സ്യത്തൊഴിലാളി യൂണിയൻ സിഐടിയു ജില്ലാ കമ്മിറ്റിയംഗം സുനിൽകുമാറിന്റെ സഹോദരി ഓമന (62) ക്ക് കല്ലേറിൽ തലയ‌്ക്കു പരിക്കേറ്റു. കരുതി കൂട്ടിയുള്ള ആക്രമത്തിൽ സിപിഐ എം ഏരിയ കമ്മിറ്റിയംഗം പി ലിജിൻ കുമാർ (39), അമ്പലപ്പുഴ തെക്കുപഞ്ചായത്തംഗം ജിത്തു ക‌ൃഷ‌്ണൻ (27), ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടി ജി വേണുഗോപാൽ (26) എസ്എഫ്ഐ പ്രവർത്തകരായ തോട്ടപ്പള്ളി പ്രസാദത്തിൽ ഹരിപ്രസാദ് (21),  സഹോദരൻ ശിവപ്രസാദ് (18) സിപിഐ എം, ഡിവൈഎഫ്ഐ, എൽഡിഎഫ് പ്രവർത്തകരായ ബൈജു (30), മണിയൻ (32), നന്ദു (23), വാസുദേവൻ (60), മോൻസി (29), രാഹുൽ (26), ദിനേശൻ (38), സുധി മോൻ (40), ഫ്രമിൽ (26), കിച്ചു (24), അനീഷ് (21), വിപിൻദാസ് (24), അജ്മൽ (30), അമ്പലപ്പുഴ സ‌്റ്റേഷനിലെ എഎസ്ഐ ഹരി (54), എന്നിവർക്ക‌് പരിക്കേറ്റു. കരിങ്കല്ലിന് ഏറും കൊടിക്കമ്പിന് അടിയുമേറ്റ് തലയ‌്ക്കും മുഖത്തും കൈകാലുകൾക്കും പരിക്കേറ്റ ഇവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 
 കോൺഗ്രസ് പ്രവർത്തകരായ അബ‌്ദുൾ റഷീദ് (59), സമദ് സത്താർ (40), അമീർ (25) എന്നിവർക്കും ആർഎസ‌്എസ‌് അക്രമത്തിൽ പരിക്കേറ്റിട്ടുണ്ട‌്.    പടിഞ്ഞാറെനട സ‌്റ്റാൻഡിലെ  സുരേഷിന്റെയും കച്ചേരിമുക്ക് സ‌്റ്റാൻഡിലെ രാജേന്ദ്രന്റെ ഓട്ടോറിക്ഷകളും അക്രമികൾ തകർത്തു. ബിഎംഎസ് ജില്ലാ നേതാവിന്റെ  ടിപ്പർ ലോറിയിലാണ് എറിയാനുള്ള കല്ലുകൾ എത്തിച്ചത്. ഈ ലോറിയിൽ നിന്നും വ്യാപകമായി പ്രവർത്തകർക്കു നേരെ കല്ലേറുണ്ടായിരുന്നു. അക്രമികൾ എത്തിയ എയ്സ് വാനിൽ വടിവാളടക്കമുള്ള ആയുധങ്ങളും കരുതിയിരുന്നു. പൊലീസെത്തിയപ്പോൾ ഇതുമായി അക്രമികൾ കടന്നു.
 
സംഭവത്തെത്തുടർന്ന് ദേശീയ പാതയിൽ ഒരു മണിക്കൂറോളം ഗതാഗതം നിലച്ചു. അഡീഷണൽ എസ് പി ബി ക‌ൃഷ‌്ണകുമാർ, ഡിവൈഎസ‌്പി പി വി ബേബി എന്നിവരുടെ നേത‌ൃത്വത്തിൽ കൂടുതൽ പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.
 
 പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരെ മന്ത്രി ജി സുധാകരൻ, സ്ഥാനാർഥി എ എം ആരിഫ്, സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, സി ബി ചന്ദ്രബാബു, പി ജ്യോതിസ്, എച്ച് സലാം എന്നിവർ സന്ദർശിച്ചു. 
 
കരുതിക്കൂട്ടി അക്രമമുണ്ടാക്കി കലാപത്തിലേക്കു വഴി തുറക്കാനുള്ള ബോധപൂർവമായ നീക്കമാണ് ബിജെപി ആർഎസ്എസ് പ്രവർത്തകർ ശ്രമിച്ചതെന്നും ആയുധങ്ങളും കല്ലുമെത്തിച്ചത് ഇതിന്റെ ഭാഗമായിരുന്നെന്നും മണ്ഡലം തെരഞ്ഞെടുപ്പു കമ്മിറ്റി പ്രസിഡന്റ് പി ജ്യോതിസ്, സെക്രട്ടറി എച്ച് സലാം എന്നിവർ പറഞ്ഞു.സംഭവത്തിൽ ഇരുവരും പ്രതിഷേധിച്ചു.
മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top