കൊച്ചി
ചുവന്ന കണ്ണുകളുമായി തുറിച്ചുനോക്കുന്ന ചെമ്പോത്ത്, ചലച്ചിത്രമേളയുടെ പ്രധാന വേദിയിലേക്ക് എത്തുന്നവരെ സ്വീകരിക്കുന്ന ഈ വിരുതന്റെ സ്രഷ്ടാവിനെ അധികമാരും തെരയില്ല. എന്നാൽ, കലാമേളയെ സർഗാത്മഗതയുടെ കേന്ദ്രമാക്കുന്നതിൽ ഏറെ വിയർപ്പൊഴുക്കിയ തിരുവനന്തപുരം മലയിൻകീഴ് സ്വദേശി ഹൈലേഷ് എന്ന ഹൈലകുമാറിനെ ഓരോ കലാസ്വാദകനും അറിഞ്ഞിരിക്കണം.
പോളിടെക്നിക് പഠനശേഷം അലഞ്ഞുതിരിഞ്ഞുനടന്ന ജീവിതത്തിൽ, വഴിത്തിരിവായത് പ്രമുഖ നാടകരചയിതാവും കലാകാരനുമായ സൂര്യ കൃഷ്ണമൂർത്തിയാണ്. യാദൃച്ഛികമായി അദ്ദേഹത്തിന്റെ മുമ്പിൽ എത്തിപ്പെട്ടതാണ്, ഇന്ന് ജീവിതംതന്നെ അദ്ദേഹം പകർന്നുതന്ന പാഠങ്ങളായി. 1998ലാണ് കലാരംഗത്തേക്ക് ചുവടുവയ്ക്കുന്നത്. കലാസംവിധാനത്തിന്റെ ആദ്യപാഠം പകർന്നുനൽകിയ ഗുരുതന്നെയാണ് രാജ്യാന്തര കലാമേളയുടെ വേദിയിലേക്ക് ഹൈലേഷിനെ കൈപിടിച്ചുകയറ്റിയത്. 2001 മുതൽ ഐഎഫ്എഫ്കെയിൽ സജീവമാണ്. വർഷങ്ങൾക്കിപ്പുറവും ഹൈലേഷിനെത്തന്നെ ഈ ഉത്തരവാദിത്തം എന്തുകൊണ്ട് ഏൽപ്പിക്കുന്നുവെന്നതിന് മറുപടി കണ്ടറിഞ്ഞവരാണ് കലാമേളയുടെ ആസ്വാദകർ.
ഓരോ വർഷം കഴിയുംതോറും മേളയുടെ പകിട്ട് കുറയാതെ കലാസംവിധാനം മികവുറ്റതാകുന്നത് ഹൈലേഷിന്റെ മികവിലാണ്. ഇത്തവണയും ആ പതിവ് തെറ്റിച്ചില്ല. കൊച്ചിയിലെ പ്രധാന വേദിയായ സരിത, സവിത, സംഗീത തിയറ്ററിനുമുമ്പിൽ സ്ഥാപിച്ചിരിക്കുന്ന ചകോരംമുതൽ ഫെസ്റ്റിവൽ ഓഫീസ് നിർമിച്ചതുവരെ ഹൈലേഷിന്റെ മാന്ത്രിക അടയാളങ്ങളാണ്. കോവിഡ് പശ്ചാത്തലത്തിൽ സാമൂഹിക അകലം വിഷയമാക്കിയാണ് ഫെസ്റ്റിവൽ ഓഫീസിന്റെ കവാടം നിർമിച്ചത്. ത്രികോണ ആകൃതിയിലുള്ള ഒരുകൂട്ടം രൂപങ്ങൾ ഒരുമിച്ചുചേർത്താണ് കവാടം നിർമിച്ചത്. ഒന്നിടവിട്ട് കയറുകൊണ്ട് കെട്ടിയുണ്ടാക്കിയ രൂപത്തിൽ കോവിഡ് ജാഗ്രതയുടെ സന്ദേശം വ്യക്തമാണ്. ഹൈലേഷിന്റെ നേതൃത്വത്തിൽ 25 തൊഴിലാളികൾ ചേർന്ന് മൂന്നുദിവസംകൊണ്ടാണ് പ്രധാന വേദിയിലടക്കമുള്ള കലാരൂപങ്ങൾ ഒരുക്കിയത്. എല്ലാ വർഷവും തിരുവനന്തപുരത്ത് നടക്കാറുള്ള ഫെസ്റ്റിവൽ ഇക്കുറി പല വേദികളിലേക്കായത് അൽപ്പം ബുദ്ധിമുട്ടുണ്ടാക്കി. എങ്കിലും വ്യത്യസ്തമായ അനുഭവമാണ് ഇക്കുറി ലഭിച്ചത്. വർഷങ്ങളായി മേളയ്ക്കൊപ്പമാണെങ്കിലും ഇന്നേവരെ ഒരുസിനിമപോലും കാണാനായിട്ടില്ലെന്ന നിരാശയും ഹൈലേഷിനുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..