01 April Wednesday

സമൃദ്ധമായ നാടകകാലത്തിന്റെ വീണ്ടെടുപ്പാണ് ലക്ഷ്യം: ഇ പി ജയരാജന്‍; യൂത്ത് തിയറ്റര്‍ ഫെസ്റ്റിവെല്‍ ഓഫ് കേരളയ്‌ക്ക് തുടക്കം

വെബ് ഡെസ്‌ക്‌Updated: Friday Feb 21, 2020

തിരുവനന്തപുരം > മലയാളത്തിന്റെ സമൃദ്ധമായ നാടക കാലം വീണ്ടെടുക്കലാണ് സംസ്ഥാന നാടകോത്സവത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കായിക യുവജനക്ഷേമ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍. സംസ്ഥാന യുവജനക്ഷേമബോര്‍ഡ് ടാഗോര്‍ തിയറ്ററില്‍ സംഘടിപ്പിക്കുന്ന യൂത്ത് തിയറ്റര്‍ ഫെസ്റ്റിവെല്‍ ഓഫ് കേരള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. യുവജനക്ഷേമ വകുപ്പിന്റെ ഈ ഉദ്യമം നാടക രംഗത്തും യുവജനങ്ങള്‍ക്കും ഒരു പുതിയ കാല്‍വയ്പ്പാകുമെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ സാമൂഹിക സാംസ്‌ക്കാരിക രംഗത്ത് ഏറെ സ്വാധീനം ചെലുത്തിയ നാടകം എന്ന ജനകീയ ദൃശ്യകലയുടെ തിരിച്ചു വരവിന് ഈ വേദി ഉപകരിക്കും. അനീതിക്കെതിരെ സംസാരിക്കാന്‍ എല്ലാ കാലത്തും നാടകത്തിന് സാധിച്ചിട്ടുണ്ട്. അടിച്ചമര്‍ത്തപ്പെട്ടവരുടെ വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കുക വഴി സാമൂഹിക അന്തരീക്ഷം മാറ്റി മറിക്കുവാന്‍ സാധ്യമായ നടകത്തിന് വര്‍ത്തമാന കാലത്തുള്ള പ്രസക്തിയും വിസ്മരിക്കാനാവില്ലെന്ന് മന്ത്രി ഓര്‍മിപ്പിച്ചു.

മലയാളിയെ നാടകത്തോളം സ്വാധീനിച്ച മറ്റൊരു കലയില്ലെന്നു തന്നെ പറയാനാകും. ഇന്ന് ഏറെ പ്രചാരമുള്ള സിനിമയെന്ന വേദിക്ക് താങ്ങും തണലുമായി നിന്നതും നാടക പ്രസ്ഥാനം തന്നെയാണ്. മഹാരഥന്‍മാരായ നാടക ആചചാര്യന്മാര്‍ തന്നെയാണ് സിനിമയെ വാര്‍ത്തെടുക്കുന്നതിലും മുഖ്യ പങ്കു വഹിച്ചത്. ഇന്നും നാടക വേദിയിലൂടെ സിനിമയിലെത്തുന്നവര്‍ നിരവധിയാണ്. 120 വര്‍ഷത്തിലേറെ പാരമ്പര്യമുള്ള നാടക പ്രസ്ഥാനത്തിന് കെപിഎസി നല്‍കിയ സംഭാവനകളും ഒഴിച്ചുകൂടാനാവാത്തതാണ്. ജനകീയ നാടകങ്ങളിലൂടെ കേരളക്കരയുടെ മനസ് കീഴടക്കാന്‍ കെപിഎസിക്കും അതിന്റെ അമരക്കാരന്‍ തോപ്പില്‍ ഭാസിക്കും സാധിച്ചിരുന്നു. ഇത്രയേറെ മഹത്തരമായിരുന്ന ഒരു കലയ്ക്ക് ഇടക്കാലത്ത് അല്പം മങ്ങലേറ്റിരുന്നു.

യുവജനങ്ങളിലൂടെ നാടകം തിരിച്ചു പിടിക്കാന്‍ സാധിക്കുക എന്ന ലക്ഷ്യത്തിലാണ് ഈ വര്‍ഷം മുതല്‍ കേരള യൂത്ത് തിയറ്റര്‍ ഫെസ്റ്റിവെല്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. ജില്ലാ അടിസ്ഥാനത്തില്‍ നടത്തിയ വാശിയേറിയ മത്സരങ്ങള്‍ക്കൊടുവില്‍ തെരഞ്ഞെടുക്കപ്പെട്ട ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് നടക്കുന്ന ഈ നാടകോത്സവത്തില്‍ ഒരു പുതമയും യുവജനക്ഷേമബോര്‍ഡ് കരുതിവച്ചിട്ടുണ്ട്. ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിന്റെ പറയാന്‍ മറന്ന കഥകള്‍ എന്ന നാടകമാണത്. എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിച്ചു നിര്‍ത്താനുള്ള സാര്‍ക്കാര്‍ ഇടപെടലാണ് ഈ കരുതലെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര യുവജനക്ഷേമ വകുപ്പ് ദേശീയ തലത്തില്‍ സംഘടിപ്പിച്ച കലാമത്സരങ്ങളില്‍ വിജയികളായവര്‍ക്ക് മന്ത്രി പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചു. ഫെസ്റ്റിവെല്‍ ഡയറക്റ്റര്‍ പ്രമോദ് പയ്യന്നൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ബിജു സ്വാഗതം പറഞ്ഞു. കെ.എ.എല്‍ ചെയര്‍മാന്‍ കരമന ഹരി, ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി മിനിമോള്‍ എബ്രഹാം, ഫെസ്റ്റിവെല്‍ കോ-ഓര്‍ഡിനേറ്റര്‍ കൃഷ്ണന്‍ ബാാലകൃഷ്ണന്‍, ബോര്‍ഡ് സെക്രട്ടറി എ.എം.അന്‍സാരി, മെമ്പര്‍ സന്തോഷ് കാല എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top