04 April Saturday

അവിനാശി അപകടം : മരിച്ചവരിൽ ഏഴുപേർ എറണാകുളം ജില്ലക്കാർ

വെബ് ഡെസ്‌ക്‌Updated: Friday Feb 21, 2020

ജിസ്‌മോന്റെ മൃതദേഹം തുറവൂർ നെല്ലിക്കുടിയിലെ വീട്ടിലെത്തിച്ചപ്പോൾ

കൊച്ചി > അപകടത്തിൽ മരിച്ച 19 പേരിൽ ഏഴുപേർ എറണാകുളം ജില്ലക്കാർ. ബസിന്റെ ഡ്രൈവർ പെരുമ്പാവൂർ സ്വദേശി ഗിരീഷ്‌ (45), ഡ്രൈവർ കം കണ്ടക്‌ടർ ആരക്കുന്നം സ്വദേശി ബൈജു (47), പോണേക്കര സ്വദേശി ഐശ്വര്യ (28), തൃപ്പൂണിത്തുറ സ്വദേശി ടി ജി ഗോപിക (23), അങ്കമാലി സ്വദേശി എംസി കെ മാത്യു (34), തുറവൂർ സ്വദേശി ജിസ്‌മോൻ ഷൈജു (24), തിരുവാങ്കുളം സ്വദേശി ശിവശങ്കരൻ (27) എന്നിവരാണ്‌ മരിച്ചത്‌. ബസിലെ റിസർവേഷൻ ചാർട്ടുപ്രകാരം ബംഗളൂരുവിൽനിന്ന്‌ യാത്ര ചെയ്‌ത 48 പേരിൽ 25 പേരും എറണാകുളം ജില്ലക്കാരാണ്‌. എറണാകുളത്തുനിന്ന്‌ ബംഗളൂരുവിലേക്കും തിരിച്ചും സർവീസ്‌ നടത്തുന്ന എറണാകുളം ഡിപ്പോയിലെ രണ്ടു മൾട്ടി ആക്‌സിൽ വോൾവോ ബസുകളിലൊന്നാണ്‌ അപകടത്തിൽപ്പെട്ടത്‌. ആവശ്യത്തിന്‌ റിസർവേഷനില്ലാത്തതിനാൽ ഒരുദിവസം വൈകിയാണ്‌ ബസ്‌ ബംഗളൂരുവിൽനിന്ന്‌ പുറപ്പെട്ടത്‌. ശിവരാത്രിയുടെ അവധിക്ക്‌ ബംഗളൂരുവിൽനിന്ന്‌ നാട്ടിലേക്ക്‌ പോന്നവരാണ്‌ ബസിലുണ്ടായിരുന്നവരിൽ പലരും. ഐടി മേഖലയിൽ തൊഴിലെടുക്കുന്നവരും വിദ്യാർഥികളുംവരെ ഉണ്ടായിരുന്നു. പോണേക്കര സ്വദേശി ഐശ്വര്യ ബംഗളൂരുവിൽ ഏണസ്‌റ്റ്‌ ആൻഡ്‌ യങ് എന്ന സ്ഥാപനത്തിലെ ഉദ്യോഗസ്ഥയാണ്‌. ഔദ്യോഗികാവശ്യത്തിന്‌ കൊച്ചിയിലേക്ക്‌ വണ്ടി കയറിയ ഐശ്വര്യ കൊച്ചിയിലുള്ള മാതാപിതാക്കൾക്കൊപ്പം രണ്ടുദിവസം ചെലവഴിക്കാനും തീരുമാനിച്ചിരുന്നു. ഭർത്താവ്‌ ആശിനൊപ്പം ബംഗളൂരുവിലായിരുന്നു സ്ഥിരതാമസം.

തൃപ്പൂണിത്തുറ കണ്ണൻകുളങ്ങര സ്വദേശി ഗോപികയും ബംഗളൂരുവിൽ ജോലി ചെയ്യുകയായിരുന്നു. മൂന്നുദിവസത്തെ അവധിക്ക്‌ നാട്ടിലേക്ക്‌ തിരിച്ചതാണ്‌.  പതിവായി നാട്ടിലേക്ക്‌ വരുന്ന ബസിലെ യാത്ര, ബംഗളൂരുവിൽ മൈൻഡ്‌ ട്രീ എന്ന ഐടി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അങ്കമാലി സ്വദേശി എംസി കെ മാത്യുവിന്റെ അവസാനയാത്രയാവുകയായിരുന്നു. തുറവൂർ സ്വദേശി ജിസ്‌മോൻ ഷാജു ബംഗളൂരുവിലുള്ള സുഹൃത്തിനെ കണ്ട്‌ മടങ്ങുകയായിരുന്നു. ബംഗളൂരുവിൽ ഐടി കമ്പനിയിൽ ജോലി ചെയ്‌തിരുന്ന തിരുവാങ്കുളം സ്വദേശി പി ശിവശങ്കരനും അവധിക്ക്‌ നാട്ടിലേക്ക്‌ വന്നതാണ്‌ അവസാനയാത്രയായത്‌.

അമ്മയെ ഡോക്‌ടറെ കാണിക്കാൻ നിൽക്കാതെ എംസി യാത്രയായി
അമ്മയെ ഡോക്‌ടറെ കാണിക്കാനുള്ള വരവ്‌ എംസിക്ക്‌ അന്ത്യയാത്രയായി. രോഗിയായ അമ്മ സെലിനെ വ്യാഴാഴ്ച ആശുപത്രിയിൽ കൊണ്ടുപോകാനായിരുന്നു ബുധനാഴ്ചതന്നെ ബംഗളൂരുവിൽനിന്ന് യാത്ര പുറപ്പെട്ടത്. വെള്ളിയാഴ്ച ശിവരാത്രി അവധിയായിരുന്നതും യാത്ര നേരത്തെയാക്കാൻ കാരണമായി. ഇക്കാര്യം വീട്ടുകാരെ അറിയിച്ചിരുന്നു.

ബംഗളൂരു വിപ്രോയിൽ എൻജിനിയറായിരുന്ന എംസി നാലുമാസം മുമ്പാണ് പുതിയ കമ്പനി മൈൻഡ് ട്രീയിൽ  ജോലിയിൽ പ്രവേശിച്ചത്. എല്ലാ ആഴ്ചയിലും നാട്ടിൽ വരാറുള്ളതാണ്. കിഴക്കേ അങ്ങാടി കപ്പേള  പെരുന്നാളിന്റെ പ്രസുദേന്തിയായിട്ടും കഴിഞ്ഞ ഞായറാഴ്ച എത്താനായില്ല.  കമ്പനിയിലെ തിരക്കായിരുന്നു കാരണം. ബംഗളൂരു–-എറണാകുളം കെഎസ്ആർടിസി ബസിലാണ് പതിവായി വരാറുള്ളത്. രാവിലെ ഏഴോടെ ബസ് അങ്കമാലിയിലെത്തും. എന്നാൽ, വ്യാഴാഴ്ച 8.30 കഴിഞ്ഞിട്ടും എത്തിയില്ല. ഇതോടെ പിതാവ്‌ സണ്ണിക്ക്‌ ആശങ്കയായി. സാധാരണ യാത്രയ്‌ക്കിടെ വിളിക്കാറുള്ളതാണ്. അതുമുണ്ടായില്ല. ഫോൺ വിളിച്ചിട്ട് എടുക്കുന്നുമില്ല.

അതിനിടെയാണ് ടിവിയിൽ അപകടവാർത്ത കാണാനിടയായത്. അതോടെ സണ്ണി അങ്കലാപ്പിലായി. എന്നാൽ, സെലിനെയോ മരുമകൾ സീതുവിനെയോ ഇക്കാര്യം അറിയിച്ചില്ല. ഉടൻ അങ്കമാലി പൊലീസ് സ്റ്റേഷനിലും എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിലും അന്വേഷിച്ചെങ്കിലും വ്യക്തമായ വിവരം ലഭിച്ചില്ല. അതോടെ ഭാര്യാസഹോദരൻ ജോണിനെയും അടുത്ത ചില ബന്ധുക്കളെയും കൂട്ടി സണ്ണി അപകടസ്ഥലത്തേക്ക് യാത്രതിരിക്കുകയായിരുന്നു. ഇതിനിടെ, അവിനാശിയിൽനിന്ന് പൊലീസ് സീതുവിനെ വിളിച്ച് എംസിക്ക് അപകടത്തിൽ പരിക്കേറ്റതായി അറിയിച്ചു. അതിനിടെ ഫെഡറൽ ബാങ്ക് കളമശേരി ബ്രാഞ്ച് മാനേജരായ ജോണിന്റെ മകൻ ഡിനോ ബംഗളൂരുവിൽ അന്വേഷിച്ചപ്പോഴാണ്‌ എംസി മരിച്ച വിവരം ഉച്ചയോടെ അറിഞ്ഞത്‌. മൃതദേഹം വ്യാഴാഴ്‌ച വൈകിട്ട്‌ ഏഴോടെ എൽഎഫ്‌ ആശുപത്രിയിലെത്തിച്ചു. സംസ്‌കാരം വെള്ളിയാഴ്‌ച 3.30ന്‌ അങ്കമാലി ബസിലിക്ക പള്ളി സെമിത്തേരിയിൽ.
 


പ്രധാന വാർത്തകൾ
 Top