03 April Friday
ഇടിച്ചുകയറി മരണം

മരണമേ എന്തിത്ര വേഗം ; മരിച്ചവരിലേറെയും ബസിന്റെ മുന്നിലും വലതുവശത്തും ഇരുന്നവർ

ഇ എൻ അജയകുമാർUpdated: Friday Feb 21, 2020


തിരുപ്പൂർ
കോയമ്പത്തൂർ–-സേലം ദേശീയപാതയിൽ അവിനാശി മംഗളം റോഡിൽ കെഎസ്ആർടിസി ബസിലേക്ക് കണ്ടെയ്നർ ലോറി ഇടിച്ചുകയറി 19 മരണം. 25പേർക്ക് പരിക്ക്. വ്യാഴാഴ‌്ച പുലർച്ചെ മൂന്നരയ്ക്കാണ്‌ അപകടം. എറണാകുളത്തുനിന്ന്‌ സേലത്തേക്ക് ടൈൽ കയറ്റി പോയ ലോറിയാണ് അപകടമുണ്ടാക്കിയത്‌. ബംഗളൂരുവിൽനിന്ന്‌ എറണാകുളത്തേക്ക് വന്ന  കെഎസ്ആർടിസി ഗരുഢ കിങ്‌ ക്ലാസ്‌ വോൾവോ ബസിൽ ലോറി ഇടിച്ചുകയറി. പത്തുപേർ സംഭവസ്ഥലത്തും ബാക്കിയുള്ളവര്‍  ആശുപത്രിയിലും മരിച്ചു.

ലോറി ഡ്രൈവർ ഉറങ്ങിയതാകാം അപകടകാരണമെന്നാണ്‌ പൊലീസ് നിഗമനം. ഓടി രക്ഷപ്പെട്ട  ഡ്രൈവർ പാലക്കാട്‌ ഒറ്റപ്പാലം ചെറുമുണ്ടശേരി കൊല്ലത്തുംകുടി കെ എ ഹേമരാജ്‌ (38)  സേലം പൊലീസിൽ കീഴടങ്ങി.


 

അഞ്ച് സ്ത്രീകള്‍ അടക്കം മരിച്ചവരില്‍ എല്ലാവരും മലയാളികളാണ്‌. ഡ്രൈവറും കണ്ടക്ടറും 48 യാത്രക്കാരുമാണ് ബസിലുണ്ടായിരുന്നത‌്. 42 പേരും മലയാളികള്‍.  എറണാകുളം, തൃശൂർ, പാലക്കാട‌് ഭാ​ഗത്തേക്ക്  പോകുന്നവരായിരുന്നുഏറെയും.

അപകടസമയത്ത്‌ യാത്രക്കാർ ഉറക്കത്തിലായിരുന്നു.  ടൈല്‍ നിറച്ച ലോറി നിയന്ത്രണംവിട്ട്‌ ഡിവൈഡറിൽ ഇടിച്ചുകയറി. ഈ നിലയിൽ 50 മീറ്ററോളം ഓടി ലോറിയിലെ ഡ്രൈവർക്യാബിൻ കണ്ടെയ്‌നറിൽനിന്ന്‌ വേർപെട്ടു. ബസിന്റെ മുൻഭാഗത്തും വലതുവശത്തുമായി കണ്ടെയ്‌നർ  ഇടിച്ചുകയറി.
ബസിന്റെ മുന്നിലും വലതുവശത്തും ഇരുന്നവരാണ്‌ മരിച്ചവരിലേറെയും. കണ്ടക്ടർ മുന്നിൽ ഇടതുവശത്താണ്‌ ഇരുന്നത്‌. ബസ്‌ വെട്ടിപ്പൊളിച്ചാണ്‌ യാത്രക്കാരെ പുറത്തെടുത്തത്‌.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം മന്ത്രിമാരായ എ കെ ശശീന്ദ്രൻ, വി എസ്‌ സുനിൽകുമാർ എന്നിവർ  തിരുപ്പൂരിലെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. തിരുപ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നാലരയോടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി. കേരള സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയ ആംബുലന്‍സുകളില്‍ മൃതദേഹങ്ങള്‍ വീടുകളില്‍ എത്തിച്ചു.

പരിക്കേറ്റവരുടെ നില ഗുരുതരമല്ല. തിരുപ്പൂരിലെ രണ്ട‌് സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ച ഇവരില്‍ പലരെയും  പാലക്കാട്ടും തൃശൂരിലുമുള്ള ആശുപത്രികളിലേക്ക‌് മാറ്റി. തിരുപ്പൂർ കലക്ടർ വിജയ്‌ കാർത്തികേയൻ, തിരുപ്പൂർ എസ്‌പി ഭദ്രീനാരായണൻ,  എംപിമാരായ പി ആർ നടരാജൻ(കോയമ്പത്തൂർ) വി കെ ശ്രീകണ്ഠൻ, രമ്യ ഹരിദാസ്‌,  പാലക്കാട്‌ കലക്ടർ ഡി ബാലമുരളി, എസ്‌പി ജി ശിവവിക്രം, സ്‌പെഷ്യൽ ബ്രാഞ്ച്‌ ഡിവൈഎസ്‌പി സി സുന്ദരൻ, കെഎസ്‌ആർടിസി എംഡി എംപി ദിനേശ്‌,  ഡിടിഒ ടി എ ഉബൈദ്‌ എന്നിവരും സംഭവസ്ഥലത്തെത്തി.


 

8 മൃതദേഹം  തിരിച്ചറിഞ്ഞത്‌ ഫോൺ നമ്പരിലൂടെ
പാലക്കാട്‌
മരിച്ചവരിൽ 11 പേരുടെ വിലാസം മാത്രമാണ്‌ ആദ്യമണിക്കൂറിൽ കെഎസ്ആര്‍ടിസിയുടെ രേഖകളില്‍നിന്ന്‌ ലഭിച്ചത്‌. എട്ടുപേരെ തിരിച്ചറിയാൻ ആ ഘട്ടത്തിൽ കഴിഞ്ഞില്ല. യാത്രക്കാർ കെഎസ്‌ആർടിസിയിൽ സീറ്റ്‌ ബുക്ക്‌ചെയ്യുമ്പോൾ നൽകുന്നത്‌ സ്വന്തം ഫോൺ നമ്പറുകൾ ആണ്‌. ഈ എട്ടു പേരുടെ നമ്പരുകൾ  ആർഡിഒ മുഖേന സംസ്ഥാന  എമർജൻസി ഓപ്പറേറ്റിങ്‌ സെന്ററിലേക്ക്‌ അയച്ചു. അവർ ടെലികോം വകുപ്പിന്‌ കൈമാറി മരിച്ചവരുടെ വിലാസം തിരിച്ചറിഞ്ഞു.

അവർ ഓർമ
റോഡിൽ ചിന്നിച്ചിതറിയ മാംസം. വാരിവലിച്ചിട്ട പോലെ വസ്‌ത്രങ്ങളും ബാഗുകളും ചെരുപ്പുകളും. രക്തം തളംകെട്ടിയ നിരത്ത്‌. ഞെട്ടൽ മാറാത്ത നാട്ടുകാർ. അമ്പരപ്പോടെ കടന്നുപോകുന്ന യാത്രികർ...

വ്യാഴാഴ്‌ച പ്രഭാതം പൊട്ടി വിടരുമ്പോൾ അവിനാശി നെടുവീർപ്പിട്ടു നിന്നു...

പത്തൊമ്പതു പേരുടെ ദാരുണാന്ത്യത്തിനു സാക്ഷ്യം വഹിച്ച അവിനാശി പ്രേതനഗരം പോലെ തോന്നിച്ചു. എവിടെയും ചർച്ച അപകടം മാത്രം. വീടുകൾ, കടകൾ, ചന്തകൾ, വിദ്യാലയങ്ങൾ, ആശുപത്രികൾ, ബസ്‌സ്റ്റേഷനുകൾ–- എല്ലായിടത്തും അപകടം ഞെട്ടലും ഭീതിയും നിഴലിച്ചു.

വ്യാഴാഴ്‌ച പുലർച്ചെ നടന്ന അപകട വാർത്ത കേട്ടാണ്‌ അവിനാശിയും സമീപപ്രദേശങ്ങളും ഉറക്കമുണർന്നത്‌. അതോടെ എവിടെയും മൂകത തളംകെട്ടി. എങ്ങും നിശബ്‌ദത പരന്നു. ഒപ്പം രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവർ തങ്ങളുടെ സേവനങ്ങളുടെ കഥയുമായി കളം നിറഞ്ഞു. അതും ഭീതി പരത്തുന്നതായി.

സമീകാലത്തൊന്നും അവിനാശി ഇത്തരം ദുരന്തത്തിനു സാക്ഷിയായിട്ടില്ല.  അപകടമേഖലയിൽ അതിരാവിലെ തന്നെ വൻ ജനാവലി. നിമിഷം തോറും അവരുടെ എണ്ണം കൂടിവന്നു. പൊലീസ്‌, മാധ്യമസംഘങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങി നൂറുകണക്കിനു പേർ വേറെയും. അവിനാശി അങ്ങനെ വിറങ്ങലിച്ചു നിന്നു.

ഇതിനിടെ അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽനിന്നു മാറ്റാൻ കൂറ്റൻ ക്രെയ്‌ൻ എത്തി. മണിക്കുറുകൾ നീണ്ട ദൗത്യത്തിനൊടുവിൽ ഇരുവാഹനങ്ങളും അവിടെ നിന്നു മാറ്റി. 

എങ്ങും കൂരിരുട്ടും കൂട്ടനിലവിളിയും
എം ശ്രീനേഷ്‌
തിരുപ്പൂർ
വലിയൊരു ശബ്ദം കേട്ടാണ് ബസിലുണ്ടായിരുന്ന മാരിയപ്പൻ ഞെട്ടിയുണർന്നത്. കൂരിരുട്ട്. കേട്ടത്  ഇരുട്ടിലുയരുന്ന നിലവിളി. കൂടെ യാത്ര ചെയ്തവർ ചതഞ്ഞരഞ്ഞ് റോഡിലും ബസിലുമായി കിടക്കുന്നത്‌ മൊബൈൽ ടോർച്ചുകളുടെ വെട്ടത്തിൽ കണ്ടു.

തിരുപ്പൂർ രേവതി മെഡിക്കൽ സെന്ററിലെ കിടക്കയിൽ ഇരുപത്തിയഞ്ചുകാരനായ മാരിയപ്പൻ ആ സംഭവം ഓർത്തെടുത്തു. ഇടിയുടെ ആഘാതത്തിൽ ബസ്സിൽ തലയിടിച്ച് മുറിവുണ്ടായി. അഞ്ചു തുന്നലുണ്ട്. സീറ്റിന്റെ കമ്പി തുളഞ്ഞു കയറി കാലിനും  മുറിവേറ്റു. തൃശൂർ കൊരട്ടി ശരവണഭവൻ ഹോട്ടലിലെ ജീവനക്കാരനാണ് തെങ്കാശി രാമർകോവിൽ സ്ട്രീറ്റിലെ കന്തസാമിയുടെ മകൻ മാരിയപ്പൻ. സുഹൃത്തുക്കളെ കാണാന്‍  ഒരാഴ്ചമുമ്പ് ബംഗളൂരുവിൽ എത്തിയതായിരുന്നു. ബുധനാഴ്ച രാത്രി എട്ടിനാണ്  ബസ് ബംഗളൂരിവിൽ നിന്ന് പുറപ്പെട്ടത്.

 

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top