04 June Thursday

ബവിത പരീക്ഷ എഴുതി, അച്ഛൻ പോയതറിയാതെ

വെബ് ഡെസ്‌ക്‌Updated: Friday Feb 21, 2020


മുളന്തുരുത്തി
തന്നെ കാത്തിരിക്കുന്ന ദുരന്തവാർത്ത അറിയാതെയാണ്‌ ബവിത പത്താം ക്ലാസിലെ മോഡൽ പരീക്ഷയ്‌ക്ക്‌ എത്തിയത്‌. സ്കൂളിൽ അധ്യാപകരും സ്വാഭാവിക രീതിയിൽത്തന്നെ പെരുമാറിയതോടെ ആശങ്കയില്ലാതെ പരീക്ഷയെഴുതി. വൈകിട്ട് വീട്ടിൽ തിരിച്ചെത്തുമ്പോഴാണ്‌ ജോലിക്കു പോയ അച്ഛൻ ഇനിയൊരിക്കലും മടങ്ങിവരില്ലെന്ന ഹൃദയം പിളർത്തുന്ന വാർത്ത അവളറിഞ്ഞത്.

അവിനാശി അപകടത്തിൽ മരിച്ച കെഎസ്ആർടിസി ജീവനക്കാരൻ വെളിയനാട് വാളകത്തിൽ ബൈജുവിന്റെ ഏകമകളാണ്‌ ബവിത. അപകടവും ബൈജുവിന്റെ മരണവും അടുത്ത ബന്ധുക്കളും നാട്ടുകാരും രാവിലെ തന്നെ അറിഞ്ഞിരുന്നെങ്കിലും പരീക്ഷയായതിനാൽ കുട്ടിയെ അറിയിക്കേണ്ടെന്ന്‌ തീരുമാനിക്കുകയായിരുന്നു.  വെളിയനാട് സെന്റ് പോൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ്‌ ബവിത.

ബൈജുവിന്റെ ഭാര്യ കവിത രാവിലെ ജോലിക്ക് പോയിരുന്നു. വൈക്കത്ത് സ്വകാര്യ ആശുപത്രിയിൽ നേഴ്സായ കവിതയെ അപകടവിവരം അറിഞ്ഞ്  ബന്ധുക്കൾ തിരികെ വിളിക്കുകയായിരുന്നു. തുടർന്ന് ബൈജുവിന്റെ സഹോദരൻ ബിജുവിനും ബന്ധുക്കൾക്കും ഒപ്പം കോയമ്പത്തൂരിലേക്ക് പോയി. വ്യാഴാഴ്‌ച രാത്രി വീട്ടിൽ എത്തിച്ച മൃതദേഹം  വെള്ളിയാഴ്‌ച രാവിലെ 9.30ന് വീട്ടുവളപ്പിൽ സംസ്‌കരിക്കും.
   


പ്രധാന വാർത്തകൾ
 Top