03 April Friday

നെഞ്ചുതകർന്ന്‌ വിടചൊല്ലി സഹപ്രവർത്തകർ

വെബ് ഡെസ്‌ക്‌Updated: Friday Feb 21, 2020


കൊച്ചി
‘പ്രിയപ്പെട്ട ഡ്രൈവർ സുഹൃത്തുക്കളായ ബൈജുവിനും ഗിരീഷിനും ആദരാഞ്‌ജലികൾ’ കെഎസ്ആർടിസി ബസ്‌ സ്‌റ്റാൻഡിൽ വ്യാഴാഴ്‌ച സുഹൃത്തുക്കൾ പതിച്ച പോസ്‌റ്ററുകളിലെ വാചകങ്ങൾ... അവിനാശി അപകടത്തിൽ ജീവൻ പൊലിഞ്ഞ സഹപ്രവർത്തകരുടെ മൃതദേഹം ഒരുനോക്കു കാണാൻ നൂറുകണക്കിനു പേരാണ്‌ എറണാകുളം കെഎസ്‌ആർടിസി സ്‌റ്റാൻഡിലേക്ക്‌ വ്യാഴാഴ്‌ച രാത്രി എത്തിയത്‌. മൃതദേഹങ്ങൾ എത്തുന്നതിന്‌ മണിക്കൂറുകൾക്കു മുമ്പേതന്നെ സ്‌റ്റാൻഡും പരിസരവും ജനനിബിഡമായിരുന്നു.

ഡ്രൈവർ ബൈജുവിന്റെ മൃതദേഹമാണ്‌ ആദ്യം എത്തിച്ചത്‌. രാത്രി ഏട്ടരയോടെ എത്തിച്ച  മൃതദേഹം കണ്ട്‌ സഹപ്രവർത്തകരിൽ പലരും നിയന്ത്രണംവിട്ട്‌ പൊട്ടിക്കരഞ്ഞു. മൃതദേഹം പുറത്തെടുത്തില്ല, പകരം ആംബുലൻസിനകത്തു കയറി അന്ത്യോപചാരമർപ്പിക്കാനുള്ള സൗകര്യമാണ് ഒരുക്കിയത്. ബൈജുവിന്റെ ഭാര്യയും സഹോദരിയും ബന്ധുക്കളുമാണ് ഒപ്പമുണ്ടായിരുന്നത്‌. തിക്കും തിരക്കുമേറിയതോടെ സഹപ്രവർത്തകരിൽ പലർക്കും ആംബുലൻസിനടുത്തെത്താനായില്ല.

പത്തു മിനിറ്റിനുശേഷം വീട്ടിലേക്കുകൊണ്ടുപോയപ്പോൾ പലരും ദുഃഖം താങ്ങാനാകാതെ തളർന്നുനിന്നു. ഗിരീഷിന്റെ മൃതദേഹം രാത്രി പത്തരയോടെ കെഎസ്‌ആർടിസി ബസ്‌സ്‌റ്റാൻഡിലെത്തിച്ചു. സംസ്ഥാന സർക്കാരിനുവേണ്ടി കലക്ടർ എസ്‌ സുഹാസ്‌ അന്ത്യോപചാരമർപ്പിച്ചു. ഹൈബി ഈഡൻ എംപി, ടി ജെ വിനോദ്‌ എംഎൽഎ എന്നിവരും അന്ത്യോപചാരമർപ്പിച്ചു.


പ്രധാന വാർത്തകൾ
 Top