04 April Saturday

കാർഷികമേഖലയിൽ സർക്കാർ നിക്ഷേപം വർധിപ്പിക്കണം: എസ്‌ ആർ പി

വെബ് ഡെസ്‌ക്‌Updated: Friday Feb 21, 2020


കൽപ്പറ്റ
കാർഷിക പ്രതിസന്ധി പരിഹരിക്കാൻ ഈ മേഖലയിൽ സർക്കാർ നിക്ഷേപം  വർധിപ്പിക്കണമെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എസ്‌ രാമചന്ദ്രൻപിള്ള പറഞ്ഞു. സിപിഐ എം നേതാവായിരുന്ന എം വേലായുധൻ അനുസ്‌മരണ പരിപാടിയിൽ ‘കാർഷിക പ്രതിസന്ധിയും ഇടതുപക്ഷ ബദലും’ എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എട്ടുവർഷംകൊണ്ട്‌ കർഷകന്റെ വരുമാനം ഇരട്ടിയാക്കുമെന്ന്‌ വാഗ്‌ദാനം നൽകിയാണ്‌ 2014ൽ മോഡി സർക്കാർ അധികാരത്തിലേറിയത്‌. എന്നാൽ കർഷകരുടെ അവസ്ഥ ഈ ഭരണത്തിൽ ഏറ്റവും പരിതാപകരമായി. കാർഷിക മേഖലയെ തളർത്തുന്ന നയങ്ങളാണ്‌ കേന്ദ്രം സ്വീകരിക്കുന്നത്‌.

ശാസ്‌ത്ര സാങ്കേതിക വിദ്യയുടെ നേട്ടം കർഷകർക്കും ലഭ്യമാകണമെങ്കിൽ  ബയോടെക്‌നോളജി, ഊർജം, ജലസേചനം തുടങ്ങിയ മേഖലകളിൽ സർക്കാർ നിക്ഷേപം വർധിപ്പിക്കണം. ജനിതക എൻജിനിയറിങ്‌ ഉൾപ്പെടെയുള്ള ശാസ്‌ത്ര മേഖലകളിലൂടെയാണ്‌ വികസിത രാഷ്‌ട്രങ്ങൾ കാർഷിക മേഖലയിൽ മുന്നേറ്റം നടത്തുന്നത്‌.

കർഷകരുടെ കടം എഴുതിത്തള്ളണം. ഉൽപ്പന്നങ്ങൾക്ക്‌  ന്യായവില ലഭിക്കണം. ഉൽപ്പാദന ചെലവിന്റെ ഒന്നരയിരട്ടി വരുന്ന തുകയും കർഷകർക്ക്‌ നൽകണമെന്ന സ്വാമിനാഥൻ നിർദേശം നടപ്പാക്കണം. കർഷകരുടെയും സാധാരണക്കാരുടെയും താൽപ്പര്യം സംരക്ഷിക്കാതെ രാജ്യാന്തര കരാറുകളിലേർപ്പെടുന്നത്‌ കേന്ദ്ര സർക്കാർ അവസാനിപ്പിക്കണമെന്നും എസ്‌ആർപി ആവശ്യപ്പെട്ടു.
 


പ്രധാന വാർത്തകൾ
 Top