27 February Thursday

എൻപിആർ നടപ്പാക്കില്ലെന്ന്‌ മന്ത്രിസഭായോഗം; സഹകരിക്കില്ലെന്ന്‌ കേന്ദ്രത്തെ അറിയിക്കും

സ്വന്തം ലേഖകൻUpdated: Tuesday Jan 21, 2020


തിരുവനന്തപുരം
സംസ്ഥാനത്ത്‌ ദേശീയ ജനസംഖ്യാ രജിസ്റ്ററും (എൻപിആർ)  പൗരത്വ രജിസ്‌റ്ററും(എൻആർസി) നടപ്പാക്കേണ്ടെന്ന്‌ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട ഒരു നടപടിയിലും സർക്കാർ സഹകരിക്കില്ല. 

ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ രജിസ്ട്രാർ ജനറൽ ആൻഡ്‌ സെൻസസ് കമീഷണറെ അറിയിക്കും. അതേസമയം സെൻസസുമായി സഹകരിക്കും. സംസ്ഥാനത്ത് ദേശീയ ജനസംഖ്യാ രജിസ്റ്റർ പുതുക്കുന്ന നടപടി നേരത്തെതന്നെ സർക്കാർ നിർത്തിവച്ചു. ജനങ്ങളുടെ ഭയം അകറ്റാനും ക്രമസമാധാന നില ഉറപ്പുവരുത്താനുമാണ്‌ പുതിയ തീരുമാനം.

ദേശീയ ജനസംഖ്യാ രജിസ്റ്റർ നടപടികൾ സംസ്ഥാനത്തെ ക്രമസമാധാനനിലയെ ബാധിക്കുമെന്ന് പൊലീസ് റിപ്പോർട്ടുണ്ട്‌. ജനസംഖ്യാ കണക്കെടുപ്പിനൊപ്പം (സെൻസസ്) ദേശീയ ജനസംഖ്യാ രജിസ്റ്റർ  പുതുക്കാൻ ശ്രമിച്ചാൽ സെൻസസ് പോലും കൃത്യമായി നടപ്പാക്കാൻ കഴിയാതെവരുമെന്ന് ജില്ലാ കലക്ടർമാരും സർക്കാരിനെ അറിയിച്ചു. ദേശീയ പൗരത്വ രജിസ്റ്ററിലേക്ക് നയിക്കുന്ന പ്രക്രിയയാണ്‌ ദേശീയ ജനസംഖ്യാ രജിസ്റ്റർ.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമാകെ പ്രക്ഷോഭം അലയടിക്കുമ്പോൾ മന്ത്രിസഭയുടെ പുതിയ തീരുമാനത്തിലൂടെ കേരളം വീണ്ടും ഇന്ത്യക്ക്‌ വഴികാട്ടുകയാണ്‌.  ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന്‌ സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. തുടർന്ന്‌, സുപ്രീംകോടതിയിൽ ഹർജിയും നൽകി.

വാർഡ്‌ പുനർനിർണയം കരട്‌ ബില്ലിന്‌ അംഗീകാരം
തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകൾ ജനസംഖ്യാനുപാതികമായി പുനർനിർണയിക്കാനുള്ള ബില്ലിന്റെ കരട്‌ മന്ത്രിസഭ അംഗീകരിച്ചു.  ഇത്‌ പ്രകാരം തദ്ദേശസ്ഥാപനങ്ങളിൽ ഒരു വാർഡ്‌ വീതം വർധിക്കും. ഫെബ്രുവരി ആദ്യവാരം ബിൽ സഭയിൽ അവതരിപ്പിക്കും.

2011ലെ ജനസംഖ്യ പ്രകാരം വാർഡുകളുടെ അതിർത്തി പുനർക്രമീകരിക്കണമെന്നാണ്‌ നിയമം. എന്നാൽ, 2015ൽ യുഡിഎഫ്‌ സർക്കാർ പുതിയ മുനിസിപ്പാലിറ്റി രൂപീകരിച്ചപ്പോൾ 1200 തദ്ദേശസ്ഥാപനങ്ങളിൽ 68 എണ്ണത്തിന്റെ അതിർത്തിമാത്രമാണ്‌ പുനർനിർണയിച്ചത്‌. ബാക്കി തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകൾ 2001ലെ ജനസംഖ്യപ്രകാരമാണ്‌. ഭരണഘടനയും പഞ്ചായത്തീരാജ്‌, മുനിസിപ്പാലിറ്റി ആക്‌ടുകൾ പ്രകാരവും തദ്ദേശസ്ഥാപനങ്ങളുടെ പ്രാതിനിധ്യം പുതിയ ജനസംഖ്യപ്രകാരമാകണം. അതിനാലാണ്‌  2011ലെ ജനസംഖ്യ പ്രകാരം ഒരു വാർഡ്‌ വീതം കൂട്ടുന്നത്‌.  വാർഡ്‌ വിഭജനത്തിന്‌ നേരത്തെ സർക്കാർ കൊണ്ടുവന്ന ഓർഡിനൻസ്‌  ഗവർണർ  ഒപ്പിടാത്തതിനെ തുടർന്നാണ്‌ ബിൽ കൊണ്ടുവരുന്നത്‌.

നിയമസഭാ സമ്മേളനം 30മുതൽ 
നിയമസഭാസമ്മേളനം 30 മുതൽ വിളിച്ചുചേർക്കാൻ ഗവർണറോട് ശുപാർശചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു. ഗവർണറുടെ നയപ്രഖ്യാപനവും ബജറ്റുമാണ്‌ മുഖ്യ അജൻഡ.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top