27 September Sunday

3 വർഷം; 52,000 വ്യവസായ സംരംഭങ്ങൾ ; കെ സ്വിഫ്‌റ്റ്‌ പരിഷ്‌കരിച്ച പതിപ്പ്‌ ഉദ്‌ഘാടനം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 21, 2020


തിരുവനന്തപുരം
മൂന്നുവർഷത്തിനിടയിൽ സൂക്ഷ്മ–-ഇടത്തരം–-ചെറുകിട വ്യവസായമേഖലയിൽ 52,000 പുതിയ സംരംഭങ്ങൾ തുടങ്ങിയതായി  മന്ത്രി ഇ പി ജയരാജൻ പറഞ്ഞു.  രണ്ടുലക്ഷം തൊഴിലവസരവും  സൃഷ്‌ടിച്ചു; 4500 കോടി രൂപയുടെ മുതൽ മുടക്കും. നിക്ഷേപ അനുമതി നൽകാനുള്ള ഓൺലൈൻ ഏകജാലകസംവിധാനമായ കെ സ്വിഫ്റ്റിന്റെ പരിഷ്കരിച്ച പതിപ്പ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. -

നൂലാമാലകളിൽ കുടുങ്ങി ഒരുതരത്തിലും നിക്ഷേപകർ പ്രയാസപ്പെടരുതെന്ന് സർക്കാരിന്‌ നിർബന്ധമുണ്ട്‌. അതിനാലാണ് പുതിയ നിയമവും വളരെ വേഗം കെ സ്വിഫ്റ്റിൽ ഉൾപ്പെടുത്തിയത്‌. 2019 ഡിസംബറിലാണ് പുതിയ നിയമം നിലവിൽ വന്നത്. ഒരുമാസത്തിനകം ആ നിയമം കെ സ്വിഫ്റ്റിൽ ഉൾപ്പെടുത്താൻ കഴിഞ്ഞു. കെ സ്വിഫ്റ്റ് വഴി 14 വിവിധ വകുപ്പുകൾ, ഏജൻസികൾ എന്നിവയിൽ നിന്നുള്ള 31 തരം അനുമതികളും ലൈസൻസുകളും നൽകും. അപേക്ഷ സമർപ്പിച്ച് 30 ദിവസത്തിനകം ലൈസൻസുകളും അനുമതികളും നൽകണം. അല്ലാത്തപക്ഷം കൽപ്പിത അനുമതി ലഭിച്ചതായി കണക്കാക്കി സംരംഭം തുടങ്ങാം.

11 മാസത്തിനിടെ കെ സ്വിഫ്റ്റ് വഴി 1011 സംരംഭകർ രജിസ്ട്രേഷൻ നടത്തി. അതിൽ കോമൺ അപ്ലിക്കേഷൻ ഫോർമാറ്റ് പൂർത്തിയാക്കിയ 496 പേരിൽ 232 പേർക്ക് അനുമതി നൽകി. ബാക്കി 264 അപേക്ഷകളിൽ വിവിധ വകുപ്പുകൾ തുടർനടപടികൾ എടുത്തുവരികയാണെന്ന് മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ  വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഇളങ്കോവൻ, വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ കെ ബിജു, കിൻഫ്ര മനേജിങ്‌ ഡയറക്ടർ സന്തോഷ് കോശി, കെ ബിപ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എസ് സന്തോഷ്  എന്നിവരും പങ്കെടുത്തു. കെ സ്വഫ്റ്റിന്റെ പരിഷ്‌കരിച്ച പതിപ്പിലൂടെയുള്ള ആദ്യ അനുമതി നേടിയത്‌ മലബാർ ഡയറിയാണ്‌.

കെ സ്വിഫ്‌റ്റ്‌ വഴി ഉടൻ അനുമതി
പത്തു കോടി രൂപ വരെ മുതൽമുടക്കുള്ള സംരംഭം തുടങ്ങാൻ മൂന്നു വർഷത്തേക്ക് ഒരനുമതിയും വേണ്ട എന്നതാണ് പുതിയ നിയമത്തിലെ വ്യവസ്ഥ.  സംരംഭം തുടങ്ങാൻ നോഡൽ ഏജൻസിയായ ജില്ലാ ബോർഡ് മുമ്പാകെ സ്വയം സാക്ഷ്യപത്രം നൽകണം.  ഇപ്പോൾ കെ സ്വിഫ്റ്റിലൂടെത്തന്നെ സാക്ഷ്യപത്രം നൽകി കൈപ്പറ്റ് രസീത് ലഭ്യമാക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്‌.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top