20 February Wednesday
സംഘപരിവാർ അജൻഡയിൽ ആരും കൊത്തിയിട്ടില്ല

തെറ്റിനെ എതിർക്കുമ്പോൾ മഹത്വം നോക്കേണ്ട: മുഖ്യമന്ത്രി

സ്വന്തം ലേഖകൻUpdated: Monday Jan 21, 2019

തിരുവനന്തപുരം> നവോത്ഥാന പാരമ്പര്യം തകർത്ത‌് കേരളത്തെ നൂറ്റാണ്ടുകൾ പിന്നോട്ടു നയിക്കുന്നവർക്കെതിരെ പോരാടുമ്പോൾ അത്തരക്കാരുടെ മഹത്വംനോക്കി അറച്ചുനിൽക്കരുതെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തെറ്റായ കാര്യങ്ങളെ തുറന്നെതിർക്കാൻ സമൂഹം മുന്നോട്ടുവരണം. യാഥാസ്‌ഥിതിക മൂല്യങ്ങളോടു സന്ധിചെയ്യുന്നവരെക്കണ്ട‌് ആരും വേവലാതിപ്പെടേണ്ടെന്നും സമൂഹം എല്ലാം ശരിയായി കാണുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇ എം എസ‌് അക്കാദമിയുടെ ‘കേരള സമൂഹത്തിന്റെ വലതുപക്ഷവൽക്കരണം’  ശിൽപ്പശാല ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ വിശ്വാസികളെയും രംഗത്തിറക്കാനുള്ള  സംഘപരിവാർ അജൻഡയിൽ ആരുംകൊത്തിയിട്ടില്ല.  എന്നാൽ ഇത്തരം നീക്കങ്ങളെ നിസ്സാരമായി കാണരുത‌്. മതനിരപേക്ഷമായ പൊതുമണ്ഡലങ്ങൾ ഇല്ലാതാക്കുന്ന ശക്തികൾക്കെതിരെ കൊടുങ്കാറ്റുപോലെ പ്രചാരണം നടത്തേണ്ടതുണ്ട‌്. നേരത്തെ പലതരത്തിൽ കേരളത്തിൽ വേരൂന്നാൻ ശ്രമിച്ച ജാതി മതശക്തികളെ ചെറുത്ത‌് പരാജയപ്പെടുത്തിയ പാരമ്പര്യമാണ‌് നമ്മുടേത‌്. ഒന്നുംനടക്കാതെ വന്നപ്പോൾ ശബരിമലയുടെ മറവിൽ വിശ്വാസികളെ ഇറക്കിയാണ‌് മൂല്യങ്ങൾ അട്ടിമറിക്കുന്നത‌്. ഇക്കാര്യത്തിൽ ബിജെപിക്കും ആർഎസ‌്എസിനും കോൺഗ്രസിനും ഒരേനിലപാടാണ‌്. 

ഹൈക്കോടതിവിധിയെ സുപ്രീംകോടതി തിരുത്തി സുപ്രീംകോടതി വിശ്വാസികൾക്കെതിരെ ഒന്നുംപറഞ്ഞിട്ടില്ല. സ‌്ത്രീകൾക്ക‌് ശബരിമല ക്ഷേത്രത്തിൽ പ്രവേശം നൽകണമെന്നുമാത്രമാണ‌് പറഞ്ഞത‌്. 1991വരെ അവിടെ പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ള സ‌്ത്രീകൾ പ്രവേശിച്ചിട്ടുണ്ട‌്.  1991ൽ അതിനെരെ ഹൈക്കോടതി വിധിയുണ്ടായി. ആ വിധി നിയമവിരുദ്ധമാണെന്ന‌് സുപ്രീംകോടതിതന്നെ പറഞ്ഞു. അന്ന‌് ബെഞ്ചിലുണ്ടായിരുന്ന ഒരു ജഡ‌്ജി എതിരഭിപ്രായം പറഞ്ഞപ്പോൾ അദ്ദേഹം വിരമിക്കുംവരെ വിധിപറഞ്ഞില്ല. പുതിയ ജഡ‌്ജി വന്നശേഷമാണ‌് പത്തിനും 50നും ഇടയിൽ പ്രായമുള്ള സ‌്ത്രീകളുടെ പ്രവേശനം വിലക്കി വിധി പറഞ്ഞത‌്. ആ തെറ്റായ കാര്യമാണ‌് സുപ്രീംകോടതി തിരുത്തിയത‌്. എന്നാൽ, സുപ്രീംകോടതിക്കെതിരെ  ഒന്നുംപറയാനാകാത്തതിനാൽ ചിലർ സംസ്ഥാന സർക്കാരിനുമേൽ കുതിര കയറുകയാണ‌്. 

സർക്കാർ വിശ്വാസികൾക്കെതിരല്ല
സർക്കാർ വിശ്വാസികൾക്കെതിരാണെന്നാണ‌് പ്രചരിപ്പിക്കുന്നത‌്. വിശ്വാസത്തിന്റെ കാര്യത്തിൽ പാർടിയും സർക്കാരും നേരത്തെതന്നെ നിലപാട‌് വ്യക്തമാക്കിയിട്ടുണ്ട‌്. സിപിഐ എമ്മിൽ മഹാഭൂരിപക്ഷവും വിശ്വാസികളാണ‌്. അവർക്കെതിരെ ഈ പാർടി യുദ്ധം പ്രഖ്യാപിക്കുമോ. തന്റെ വിശ്വാസം മാത്രമാണ‌് വിശ്വാസമെന്നും മറ്റുള്ളവരുടേത‌് വിശ്വാസമല്ലെന്നും പറയുന്നവരാണ‌് വിശ്വാസ സംരക്ഷണത്തെക്കുറിച്ച‌്  പറയുന്നത‌്. എല്ലാവരുടെയും വിശ്വാസം സംരക്ഷിക്കുകയാണ‌് പാർടി നിലപാട‌്. ഏതെങ്കിലും വിശ്വാസിക്ക‌് അവരുടെ സ്വന്തം ഇഷ‌്ടത്തിനനുസരിച്ച‌് പ്രവർത്തിക്കാനാകാത്ത ഇടങ്ങളിൽ പാർടി ഇടപെട്ട പാരമ്പര്യമാണുള്ളത‌്.  

സുപ്രീംകോടതി വിധിയോട‌് ഒരു വിഭാഗത്തിന‌് പൊരുത്തപ്പെടാനാകുന്നില്ല. അതിനാൽ ഇന്നത്തെ അവസ്ഥയെ പൂർണമായും അട്ടിമറിച്ച‌് പഴയതിലേക്ക‌്  കൊണ്ടുപോകാനാണ‌് ശ്രമം. ഇതിന‌് പലരേയും കൂട്ടുപിടിക്കുന്നു. ഇവരുടെയൊക്കെ ഉള്ളറകളിലേക്ക‌് ഇറങ്ങി പരിശോധന നടത്തുന്നത‌് നല്ലതാണ‌്. ഇപ്പോൾ സമര രംഗത്തുള്ളവരല്ല കോടതിവിധിക്കെതിരെ ആദ്യം രംഗത്തുവന്നത‌്. ഫ്യൂഡൽ പാരമ്പര്യം കൊണ്ടുനടക്കുന്ന ജാതി ശക്തികളാണ‌്. ഇവർക്കൊപ്പം പലരും കൂടി. എന്നാൽ, സമരം വിജയിച്ചില്ലെന്ന‌് നടത്തിയവർതന്നെ ഇപ്പോൾ പറയുന്നു.

സംഘപരിവാർ പ്രവർത്തനം രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കിടയിൽ കടുത്ത അരക്ഷിതാവസ്ഥയുണ്ടാക്കിയിട്ടുണ്ട‌്. എന്നാൽ, ഈ സാഹചര്യം ഉപയോഗപ്പെടുത്തി തീവ്രസ്വഭാവമുള്ള സംഘടനകൾ ഈ മേഖലയിൽ പിടിമുറുക്കാൻ ശ്രമിക്കുന്നു. പൊതുവായി ജനങ്ങൾ ഒന്നിച്ചുചേരുന്ന ആഘോഷങ്ങളെയും ഒത്തുചേരലുകളെയും തടയുന്നതിനും അതുവഴി മതനിരപേക്ഷ പൊതുമണ്ഡലങ്ങളെ ഇല്ലാതാക്കാനുമുള്ള ശ്രമവും നടക്കുന്നു.

പാൻ ഇസ്ലാമിക‌് സംഘടനകൾ ഇത്തരം പ്രവർത്തനങ്ങൾക്ക‌് നേതൃത്വം നൽകുന്നു. ഇതിനെതിരെ ജാഗ്രത പാലിക്കണമൈന്നും പിണറായി പറഞ്ഞു.

സമൂഹത്തിന‌് മാധ്യമസാക്ഷരത അനിവാര്യം
മാധ്യമങ്ങള‌ിലൂടെ കാണുന്നതും കേൾക്കുന്നതും വിവേചനപരമായി തിരിച്ചറിയുന്നതിന‌് സമൂഹത്തിന‌് മാധ്യമസാക്ഷരത അനിവാര്യമാണെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ചില ശക്തികൾ മാധ്യമങ്ങൾക്ക‌് പണം നൽകി അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും കൂടുതൽ ശക്തിപകരാൻ ശ്രമിക്കുന്നു. ഇതിനായി നവമാധ്യമങ്ങളെ വിലയ‌്ക്കെടുക്കുന്നു. ചിലർ എന്തു കള്ളവും പ്രചരിപ്പിക്കുന്നു. ദൃശ്യമാധ്യമങ്ങൾ വന്നതോടെ വലിയ മാറ്റമാണ‌് വന്നത‌്.

തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു. ശരിയായ സംവാദമല്ല നടക്കുന്നത‌്. നവമാധ്യമങ്ങളിൽ വലതുപക്ഷശക്തികൾ കേന്ദ്രീകരിക്കുകയാണ‌്. ഇതുവഴി പൂർണകളവ‌് മെനഞ്ഞെടുക്കുന്നു. പെയ‌്ഡ‌് ന്യൂസ‌് യാഥാർഥ്യമാണ‌്. അവ എത്രമാത്രം അധഃപതിച്ചെന്ന‌് പരിശോധിക്കണം.

ഗതിയില്ലാത്തവരല്ല പണംവാങ്ങി വാർത്ത നൽകുന്നത‌്. വൻകിടക്കാരാണ‌് വലിയൊരു വിഭാഗം. വികസനകാര്യങ്ങളിൽ പരിസ്ഥിതികൂടി പരിഗണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.സർക്കാർ നിലപാടും ഇതാണ‌്. പരിസ്ഥിതിയെ തീരെ പരിഗണിക്കാതെ വികസനംപാടില്ല.

എന്നാൽ, പരിസ്ഥിതിയുടെ പേരുപറഞ്ഞ‌്  എല്ലാ വികസനവും തടസ്സപ്പെടുത്തുന്നത‌് അംഗീകരിക്കാനാവില്ലെന്നും അത്തരം പ്രവണത കേരളത്തിൽ കാണുന്നതായും മുഖ്യമന്ത്രി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top