21 February Thursday

ബിജെപിയുടെ ശ്രമം തൊഴിലാളികളെ ഭിന്നിപ്പിക്കാൻ: എളമരം കരീം

വെബ് ഡെസ്‌ക്‌Updated: Monday Jan 21, 2019


കോഴിക്കോട‌്
മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ  തൊഴിലാളികളെ ഭിന്നിപ്പിക്കാനാണ‌് ബിജെപിയുടെ ശ്രമമെന്ന‌് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി പറഞ്ഞു. ഓട്ടോമൊബൈൽ സെയിൽസ‌് ആൻഡ‌് സർവീസ‌് വർക്കേഴ‌്സ‌് യൂണിയനുകളുടെ സംയുക്ത സംസ്ഥാന കൺവൻഷൻ ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ യോജിക്കുന്നവരെ മതത്തിന്റെയും ജാതിയുടെയും രാഷ്ട്രീയത്തിന്റെയും പേരിൽ ഒറ്റപ്പെടുത്താനാണ‌് മുതലാളിമാരും കൂട്ടുനിൽക്കുന്ന കേന്ദ്രഭരണവും ശ്രമിക്കുന്നത‌്‌. ശബരിമല പ്രശ‌്നവും ഇത്തരത്തിലൊന്നാണ‌്‌. വിശ്വാസത്തിന്റെ പേരിൽ ജനങ്ങളെ വേർതിരിക്കുകയും എൽഡിഎഫ‌് സർക്കാരിനെ ദുർബലപ്പെടുത്തുകയുമാണ‌് അവരുടെ ലക്ഷ്യം. തൊഴിലാളികൾക്ക‌് ഒപ്പം നിൽക്കുന്ന സർക്കാരാണ‌് കേരളത്തിലുള്ളത‌്‌. എന്നാൽ, തൊഴിലാളികളെ ഭിന്നിപ്പിക്കാനാണ‌് ബിജെപി ശ്രമം. അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ട്രേഡ‌് യൂണിയനുകൾക്ക‌് നിരോധനമാണ‌്.

സംസ്ഥാനത്ത‌് ഓട്ടോമൊബൈൽ മേഖലയിൽ രണ്ടുലക്ഷത്തോളം തൊഴിലാളികളാണ‌് പണിയെടുക്കുന്നത‌്. കടുത്ത ചൂഷണം നേരിടുന്ന ഈ രംഗത്തെ തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങളും സേവന വേതന വ്യവസ്ഥകളും മെച്ചപ്പെടുത്താനും അവകാശങ്ങൾ നേടിയെടുക്കാനും ശക്തമായ ട്രേഡ‌് യൂണിയൻ കെട്ടിപ്പടുക്കേണ്ടത‌് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

കേരള ഓട്ടോമൊബൈൽ സെയിൽസ‌് ആൻഡ‌് സർവീസ‌് എംപ്ലോയീസ‌് അസോസിയേഷൻ (സിഐടിയു) സംസ്ഥാന പ്രസിഡന്റ‌് എൻ എൻ കൃഷ‌്ണദാസ‌് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം കെ കെ മമ്മു പ്രവർത്തന റിപ്പോർട്ട‌് അവതരിപ്പിച്ചു. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ, കെ ജയരാജൻ, ഫിറോസ‌് ഖാൻ എന്നിവർ സംസാരിച്ചു. സി പി സുലൈമാൻ സ്വാഗതവും എ കെ രജീഷ‌് ബാബു നന്ദിയും പറഞ്ഞു.
 


പ്രധാന വാർത്തകൾ
 Top