28 November Saturday
സഖ്യം തള്ളാതെ മുല്ലപ്പള്ളി

ജമാഅത്തെ‌ കൂട്ടുകെട്ട്‌; ലീഗ് സമ്മർദത്തിൽ യുഡിഎഫിൽ അടി തുടങ്ങി

പി വി ജീജോUpdated: Wednesday Oct 21, 2020


പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജമാ-അത്തെ ഇസ്ലാമിയുമായുള്ള ധാരണ വെളിപ്പെട്ടതോടെ യുഡിഎഫിൽ കലഹത്തിനും തുടക്കം. യുഡിഎഫ് കൺവീനർ എം എം ഹസൻ ജമാഅത്തെ‌ അമീറുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ധാരണ പരസ്യമായത്. ജമാഅത്തെ‌ ബന്ധം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി  രാമചന്ദ്രൻ നിഷേധിച്ചു. എന്നാൽ ധാരണയെ കെ മുരളീധരൻ എംപി ശക്തമായി ന്യായീകരിച്ചു. ആർഎസ്‌‌പി നേതാക്കൾ എതിർപ്പുമായി രംഗത്തെത്തി. അതേസമയം, ജമാഅത്തെ‌ ധാരണയുടെ സൂത്രധാരകരായ മുസ്ലിംലീഗ് നേതൃത്വം പ്രതികരണത്തിന് തയ്യാറായിട്ടില്ലെന്നത് ശ്രദ്ധേയം. കൊച്ചിയിൽ 23ന് ചേരുന്ന യുഡിഎഫ് യോഗത്തിൽ ജമാഅത്തെ‌ബന്ധം കൂടുതൽ ചർച്ചക്കും തർക്കത്തിനും കാരണമാകും.
ലീഗിന്റെ സമ്മർദമാണ് ജമാഅത്തെ‌ കൂട്ടിലേക്ക് നയിച്ചതെന്ന അഭിപ്രായം കോൺഗ്രസ് നേതൃനിരയിൽ പലർക്കുമുണ്ട്. ഹസൻ ജമാഅത്തെ‌ അമീറിനെ സന്ദർശിച്ചത് ലീഗ് തിരക്കഥ പ്രകാരമാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

ഹസൻ അമീറിനെ കണ്ടതിൽ ആര്യാടൻ മുഹമ്മദടക്കമുള്ളവർക്ക് പ്രതിഷേധമുണ്ട്. യൂത്ത്‌ കോൺഗ്രസുകാരും എതിർപ്പിലാണ്. മതരാഷ്ട്ര വാദികളുമായി കൈകോർക്കുമ്പോൾ നേതൃത്വം മതനിരപേക്ഷ സമൂഹത്തിന്റെ വികാരം അവഗണിക്കുകയാണെന്ന വികാരമാണ്‌ ഇവരിലെല്ലാം.  കോൺഗ്രസ് നേതൃത്വത്തിന്റെ ആശീർവാദത്തിലാണ്‌ എല്ലാം നടന്നതെന്ന്‌ പി കെ കുഞ്ഞാലിക്കുട്ടി വിഭാഗം പറയുന്നു.വെൽഫെയർ പാർടി നേതാക്കളുമായി മാസങ്ങൾക്കുമുമ്പ്‌  കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചർച്ച നടത്തി. പഞ്ചായത്ത് തല ധാരണ അവസാന ഘട്ടത്തിലാണ്. ഇനി പിന്നോട്ടു പോക്ക് സാധ്യമല്ലെന്നും ജനസ്വാധീനമില്ലാത്ത കക്ഷികളുടെ പ്രതിഷേധത്തിൽ കാര്യമില്ലെന്നുമാണ്‌ ലീഗിന്റെ നിലപാട്‌.

സഖ്യം തള്ളാതെ മുല്ലപ്പള്ളി
ജമാഅത്തെ‌ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള വെൽഫെയർ പാർടിയുമായുള്ള സഖ്യം തള്ളാതെ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ. വെൽഫെയർ പാർടിയെ സഖ്യകക്ഷിയാക്കാൻ തീരുമാനമെടുത്തിട്ടില്ല. നേതാക്കൾ നടത്തിയ ചർച്ചയുടെ വിവരങ്ങൾ 23ന്‌ കൊച്ചിയിൽ ചേരുന്ന യുഡിഎഫ്‌ യോഗത്തിൽ അവതരിപ്പിക്കും. ഇത്‌ മുന്നണി ചർച്ചചെയ്യും. സമുദായ നേതാക്കളെ കാണുന്നതിന്റെ ഭാഗമായാണ്‌ യുഡിഎഫ്‌ കൺവീനർ ജമാഅത്തെ‌ അമീറിനെ കണ്ടത്‌. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.

എതിർത്ത്‌ ആർഎസ്‌പി
വെൽഫയർ പാർടിയുമായി സഹകരിക്കാനുള്ള കോൺഗ്രസ്‌‌ നീക്കത്തിൽ എതിർപ്പു‌ പ്രകടിപ്പിച്ച്‌ ആർഎസ്‌പി. തൽക്കാലം പുറത്തുനിന്ന്‌ ആരെയും ഉൾപ്പെടുത്തേണ്ടെന്നാണ്‌ യുഡിഎഫ്‌ തീരുമാനമെന്ന്‌‌ സംസ്ഥാന സെക്രട്ടറി എ എ അസീസ്‌, കേന്ദ്ര സെക്രട്ടറിയറ്റ്‌ അംഗം ഷിബു ബേബിജോൺ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top