28 November Saturday

കോവിഡ്‌ പ്രോട്ടോകോൾ : വീടുകയറിയുള്ള പ്രചാരണത്തിന്‌ വിലക്കില്ല

വെബ് ഡെസ്‌ക്‌Updated: Wednesday Oct 21, 2020


തിരുവനന്തപുരം
തദ്ദേശഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ വീടുകയറിയുള്ള പ്രചാരണത്തിന്‌ വിലക്കില്ല. എന്നാൽ, പൊതുയോഗങ്ങളും റാലികളും കൊട്ടിക്കലാശവും അനുവദിക്കില്ല. കേന്ദ്ര–സംസ്ഥാന സർക്കാരുകൾ അതത്‌ സമയത്ത്‌ പ്രഖ്യാപിക്കുന്ന നിയന്ത്രണങ്ങൾക്ക്‌ വിധേയമായിട്ടാകും പ്രചാരണവും മറ്റ്‌ നടപടിക്രമങ്ങളും. വിശദമായ കോവിഡ്‌ പ്രോട്ടോകോൾ സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷൻ ബുധനാഴ്‌ച പ്രസിദ്ധീകരിക്കും.

നാമനിർദേശ പത്രിക സമർപ്പിക്കുമ്പോൾ‌ മൂന്നുപേരെ മാത്രമേ അനുവദിക്കൂ. സ്ഥാനാർഥിക്ക്‌ കോവിഡ്‌ ബാധിച്ചാൽ മറ്റൊരാൾവഴി പത്രിക സമർപ്പിക്കാം. കണ്ടെയ്‌ൻമെന്റ്‌ സോണുകളിലെ ഗൃഹസന്ദർശനത്തിനടക്കം കലക്ടർ പ്രഖ്യാപിക്കുന്ന നിയന്ത്രണങ്ങൾ ബാധകമാകും.  മാസ്‌ക്‌, സാനിറ്റൈസർ തുടങ്ങിയവ ബൂത്തുകളിൽ സജ്ജീകരിക്കും.  പോളിങ്‌ സമയം ഒരുമണിക്കൂർ ദീർഘിപ്പിച്ചിട്ടുണ്ട്‌. നവംബർ അവസാനമോ ഡിസംബർ ആദ്യമോ രണ്ടുഘട്ടമായി തെരഞ്ഞെടുപ്പ്‌ നടത്താനാണ്‌ ആലോചന. വിജ്ഞാപനം നവംബർ ആദ്യം പുറപ്പെടുവിക്കും.

ബാങ്കിൽ  ഇടപാടിന്‌ സമയക്രമം
ബാങ്കിടപാടിന്‌ എത്തുന്നവർക്ക്‌ സമയക്രമം ഏർപ്പെടുത്തി. അക്കൗണ്ട്‌ നമ്പർ ഒന്നുമുതൽ അഞ്ചുവരെ അക്കത്തിൽ അവസാനിക്കുന്നവർക്ക്‌ പകൽ 10 മുതൽ 12.30 വരെയാണ് സമയം. ആറുമുതൽ ഒമ്പതുവരെയും പൂജ്യത്തിലും അവസാനിക്കുന്ന അക്കൗണ്ടുകാർക്ക്‌ ഒന്നുമുതൽ നാലുവരെ ബാങ്കിലെത്തി ഇടപാടുകൾ നടത്താം.

രാവിലെ ബാങ്കിലെത്തിയിട്ടും ഇടപാട് നടത്താനാകാത്തവർക്ക് ഉച്ചക്ക് 12.30 മുതൽ ഒന്നുവരെ അവസരമുണ്ടാകും. ബാങ്കിൽ തിരക്ക്‌ ഒഴിവാക്കാനാണ്‌ തീരുമാനമെന്ന്‌ സംസ്ഥാനതല ബാങ്കേഴ്സ് സമിതി കൺവീനർ എൻ അജിത്‌ കൃഷ്‌ണൻ അറിയിച്ചു.
വായ്‌പ സേവനങ്ങൾക്കും മറ്റും നിയന്ത്രണം ബാധകമല്ല. പൊതുവായ അന്വേഷണത്തിനും മുൻകൂർ സന്ദർശനത്തിനും ഫോണിൽ ബന്ധപ്പെടണം.  നിയന്ത്രിത മേഖലകളിൽ സമയക്രമീകരണത്തിൽ മാറ്റംവരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top