04 December Friday

സ്വർണക്കടത്ത്‌, യൂണിടാക്‌ ഇടപാട്‌: കേസന്വേഷണത്തിൽ വീഴ്‌ചയെന്ന്‌ കണ്ടെത്തൽ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 20, 2020

കൊച്ചി
നയതന്ത്ര ബാഗേജിലൂടെയുള്ള സ്വർണക്കടത്ത്‌, യൂണിടാക്‌ ഇടപാടിലെ അഴിമതി എന്നിവയ്‌ക്കെതിരായ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിലും കേസ്‌ നടത്തിപ്പിലും വലിയ വീഴ്‌ചയെന്ന്‌ വിലയിരുത്തൽ. നൂറുദിവസത്തിലേറെ അന്വേഷിച്ചിട്ടും സുപ്രധാന തെളിവ്‌ കണ്ടെത്താനാകാത്തതും കോടതികളിൽ തിരിച്ചടി നേരിടുന്നതുമാണ്‌ കേന്ദ്ര ആഭ്യന്തര, നിയമ മന്ത്രാലയങ്ങളുടെ അതൃപ്‌തിക്ക്‌ കാരണം. അന്വേഷണ ഏജൻസികളിലുള്ള രാഷ്‌ട്രീയ സമ്മർദവും കേസ്‌ നടത്തിപ്പിലെ രാഷ്‌ട്രീയ ഇടപെടലും അന്വേഷണത്തെ വഴിതെറ്റിച്ചെന്നും‌ വിലയിരുത്തൽ. കോടതികളിലെ തിരിച്ചടി നേരിടാൻ കേസുകളുടെ ഏകോപനത്തിന്‌ അഡീഷണൽ സോളിസിറ്റർ ജനറലിന്‌ ചുമതല നൽകാനാണ്‌ തീരുമാനം.

മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ അറസ്‌റ്റ്‌ ചെയ്യാനുള്ള നീക്കത്തിനേറ്റ തിരിച്ചടിയോടെയാണ്‌  സ്വർണക്കടത്ത്‌ അന്വേഷണവും വഴിതെറ്റിയെന്ന്‌ കേന്ദ്രം വിലയിരുത്തിയത്‌. 95 മണിക്കൂറിലേറെ ചോദ്യംചെയ്‌തിട്ടും ശിവശങ്കറിനെതിരെ ശക്തമായ തെളിവൊന്നും കിട്ടിയില്ല. ഈ സാഹചര്യത്തിൽ ശിവശങ്കറിനെ അറസ്‌റ്റ്‌ ചെയ്യാനുള്ള എൻഫോഴ്‌സ്‌മെന്റിന്റെ നീക്കം പരാജയപ്പെട്ടു. പുതിയൊരു കേസെടുത്ത്‌ അറസ്‌റ്റ്‌ ചെയ്യാനുള്ള  കസ്‌റ്റംസിന്റെ ശ്രമത്തിനും‌ ഹൈക്കോടതിയിൽനിന്ന്‌ തിരിച്ചടിയുണ്ടായി. യൂണിടാക്‌ കേസിൽ അടിയന്തരമായി വാദം കേൾക്കണമെന്ന സിബിഐയുടെ ആവശ്യവും ഹൈക്കോടതി അംഗീകരിച്ചില്ല.

ഇതിനെല്ലാം പുറമെയാണ്‌ എൻഐഎ കേസിൽ പത്തു പ്രതികൾക്ക്‌ ജാമ്യം കിട്ടിയത്‌. മേൽനോട്ടച്ചുമതലയുള്ള അസിസ്‌റ്റന്റ്‌ സോളിസിറ്റർ ജനറൽ ഹാജരായിട്ടും കസ്‌റ്റംസും എൻഫോഴ്‌സ്‌മെന്റും അന്വേഷിക്കുന്ന കേസിൽ സ്വപ്‌ന സുരേഷിനും സന്ദീപ്‌ നായർക്കും കെ ടി റമീസിനുമുൾപ്പെടെ ജാമ്യം ലഭിച്ചു. ലൈഫ്‌ മിഷനെതിരായ സിബിഐ അന്വേഷണത്തിനും ഹൈക്കോടതിയിൽ തിരിച്ചടിയുണ്ടായി.

അന്വേഷണ രേഖകൾ അടിക്കടി പുറത്തുവരുന്നതിനെയും കേന്ദ്രമന്ത്രാലയങ്ങൾ ഗൗരവത്തോടെ കാണുന്നു‌. അന്വേഷണ പിഴവ്‌ മറയ്‌ക്കാൻ അന്വേഷണ ഏജൻസികളിൽ ഒരുവിഭാഗം രേഖകൾ ചോർത്തി ശ്രദ്ധതിരിക്കാൻ ശ്രമിക്കുന്നതായും വിലയിരുത്തുന്നു. സ്‌റ്റാൻഡിങ്‌ കൗൺസൽമാരെ അപ്പാടെ മാറ്റിയതും കേസ്‌ നടത്തിപ്പിനെ ബാധിച്ചെന്നാണ്‌ വിലയിരുത്തൽ. ബിജെപി രാഷ്‌ട്രീയമുള്ളവരെയാണ്‌ പുതുതായി ചുമതലയേൽപ്പിച്ചത്‌. എൻഐഎക്ക്‌ സ്വന്തം പ്രോസിക്യൂട്ടറുള്ളപ്പോൾത്തന്നെ ചുമതല അസി. സോളിസിറ്റർ ജനറലിന്‌ കൈമാറി. എൻഫോഴ്‌സ്‌മെന്റിലും കസ്‌റ്റംസിലും ഈ മാറ്റമുണ്ടായി. സിബിഐ കേസിലും ഇതാണ്‌ അവസ്ഥ.

സരിത്തിനെ കസ്‌റ്റഡിയിൽ വാങ്ങാൻ എൻഐഎ
നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിൽ പി എസ്‌ സരിത്‌‌ ഉൾപ്പെടെ മൂന്ന്‌  പ്രതികളെ കസ്‌റ്റഡിയിൽ വിട്ടുകിട്ടണമെന്ന്‌ ആവശ്യപ്പെട്ട്‌ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അപേക്ഷ നൽകി. സരിത്തിനെ കൂടാതെ കെ ടി റമീസ്‌, എ എം ജലാൽ എന്നിവരെ അഞ്ചുദിവസത്തെ കസ്‌റ്റഡിയിൽ ആവശ്യപ്പെട്ടാണ്‌  കോടതിയെ സമീപിച്ചത്‌.

സന്ദീപ്‌ നായരുടെ കുറ്റസമ്മത മൊഴിയിൽനിന്ന്‌ സ്വർണക്കടത്തിൽ സരിത്ത്‌, റമീസ്‌, ജലാൽ എന്നിവരുടെ പങ്കിനെക്കുറിച്ച്‌ കൂടുതൽ തെളിവ്‌ ലഭിച്ചതായി എൻഐഎ വ്യക്തമാക്കി. ഹംസദ്‌ അബ്‌ദു സലാം, സംജു എന്നിവരുടെ ജാമ്യാപേക്ഷയെ എൻഐഎ എതിർത്തു. മറ്റ്‌ പ്രതികളിൽനിന്ന്‌ സ്വർണം വാങ്ങുകമാത്രമേ ചെയ്‌തിട്ടുള്ളൂവെന്ന്‌ ഇരുവരും കോടതിയിൽ പറഞ്ഞു. നേരത്തെ നടന്ന സ്വർണക്കടത്തുകളിൽ ഇരുവർക്കും പങ്കുണ്ടെന്ന്‌ അന്വേഷണസംഘം വ്യക്തമാക്കി. എൻഐഎക്കുവേണ്ടി അസിസ്‌റ്റൻസ്‌ സോളിസിറ്റർ ജനറൽ പി വിജയകുമാർ ഹാജരായി. ജാമ്യാപേക്ഷ ബുധനാഴ്‌ച പരിഗണിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top