23 November Monday

കോവിഡ്‌ വ്യാപനം : പ്രതിപക്ഷരാഷ്ട്രീയം പ്രതികാര രാഷ്ട്രീയമായതിന്റെ ദുരന്തം : മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 20, 2020


സ്വന്തം ലേഖകൻ   
ഓണക്കാലത്തെ ഇളവുകളാണ്‌ കോവിഡ്‌ വ്യാപനത്തിന്‌ ഇടയാക്കിയതെന്ന പ്രചാരണം ശരിയല്ലെന്നും പ്രതിപക്ഷ രാഷ്ട്രീയം പ്രതികാര രാഷ്ട്രീയമായതിന്റെ ദുരന്തമാണ്‌ യാഥാർഥ പ്രശ്‌നമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എങ്ങനെയാണ് രോഗവ്യാപനമുണ്ടായതെന്ന്‌ എല്ലാവർക്കും അറിയാം.

പ്രതിരോധപ്രവർത്തനങ്ങളെ അട്ടിമറിക്കാൻ ചിലർ പരസ്യമായി രംഗത്തിറങ്ങിയതിന്റെ പ്രത്യാഘാതമാണത്.  ഒരു പ്രത്യേക ഘട്ടത്തിൽ വ്യാപകമായി സമരങ്ങൾ സംഘടിപ്പിച്ചു. മാസ്ക് വലിച്ചെറിഞ്ഞും നിയന്ത്രണങ്ങൾ ലംഘിച്ചും സമരത്തിനിറങ്ങാൻ പരസ്യ ആഹ്വാനങ്ങളുണ്ടായി.  ഒരു ഭാഗത്ത്‌ കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തുമ്പോൾ മറ്റൊരു സന്ദേശമാണ്  അനാവശ്യ അരാജകസമരങ്ങൾ നൽകിയത്. ഉത്തരവാദപ്പെട്ട നേതാക്കളും പൊതുപ്രവർത്തകരും ഇങ്ങനെ പെരുമാറുമ്പോൾ ജനങ്ങൾക്കിടയിൽ തെറ്റായ ബോധം സൃഷ്ടിക്കപ്പെടില്ലേ?

ചെറിയ ഇളവുകൾ മാത്രമാണ് ഓണക്കാലത്തും നൽകിയത്. പൊതുസ്ഥലങ്ങളിൽ ഓണാഘോഷം അനുവദിച്ചില്ല.  കൂട്ടംകൂടാനും പൊതുപരിപാടികൾ നടത്താനും അനുമതിയുണ്ടായിരുന്നില്ല.  രാത്രി ഒമ്പതുവരെ മാത്രമായിരുന്നു കടകൾ, മാളുകൾ, ഹൈപ്പർ മാർക്കറ്റുകൾ എന്നിവയ്‌ക്ക്‌ അനുമതി നൽകിയിരുന്നെങ്കിലും ഹോം ഡെലിവറിക്കാണ്‌ പ്രോത്സാഹനം നൽകിയത്‌.    സർക്കാർ  ജാഗ്രത പാലിച്ചതിന്‌ ഓണനാളുകളിലെ കേസിന്റെയും അറസ്‌റ്റിന്റെയും കണക്ക്‌ സാക്ഷ്യമാണ്‌. ഒന്നാം ഓണദിവസം നിയന്ത്രണം ലംഘിച്ചതിന്‌  2631 കേസും 1279 അറസ്റ്റും  രേഖപ്പെടുത്തി. 137 വാഹനം പിടിച്ചെടുത്തു.

തിരുവോണദിവസം  1996 കേസും 1019 അറസ്‌റ്റും  94 വാഹനം പിടിച്ചെടുക്കുകയും ചെയ്‌തു. അവിട്ടം ദിനത്തിൽ 1198 കേസും പിടിച്ചെടുത്തത് 62 വാഹനവുമാണ്. 655 പേർ അറസ്റ്റിലായി. സെപ്തംബർ രണ്ടിന് നിയന്ത്രണങ്ങൾ ലംഘിച്ചതിന്‌ 708   അറസ്റ്റും 1612 കേസും ഉണ്ടായി.  91 വാഹനമാണ് പിടിച്ചെടുത്തത്.   പ്രതിരോധനടപടികൾ മാത്രമല്ല, പെൻഷനുകളും ഭക്ഷ്യധാന്യങ്ങളും സാധാരണക്കാരുടെ കൈകളിൽ എത്തിക്കുന്നതിലും  ഇടപെട്ടു–- മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top