23 November Monday

മെഡിക്കൽ കോളേജിനെക്കുറിച്ചുള്ള ശബ്ദസന്ദേശം ദുരൂഹം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 20, 2020


കൊച്ചി
എറണാകുളം ഗവ. മെഡിക്കൽ കോളേജിലെ നേഴ്സിങ് ഓഫീസറുടേതായി പ്രചരിക്കുന്ന വാട്സാപ് സന്ദേശം ദുരൂഹമാണെന്നും അതിൽ  പറയുന്ന കാര്യങ്ങൾ അടിസ്ഥാനരഹിതമാണെന്നും മെഡിക്കൽ സൂപ്രണ്ട് പീറ്റർ പി വാഴയിലും പ്രിൻസിപ്പൽ ഡോ. വി സതീഷും പറഞ്ഞു.

മൂന്നുമാസംമുമ്പ് കോട്ടയം മെഡിക്കൽ കോളേജിൽനിന്ന് പ്രൊമോഷനായെത്തിയ നേഴ്‌സിങ്‌ ഓഫീസർ ജലജാദേവിയുടെ സന്ദേശമാണ് വിവിധ വാട്സാപ്‌ ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കുന്നത്. വിരമിക്കാൻ മാസങ്ങൾമാത്രം അവശേഷിക്കുന്ന ഇവർ ഒരുമാസത്തെ ഏൺഡ് ലീവിലാണ്. ഈ നേഴ്സിങ് ഓഫീസർ കോവിഡ് പ്രവർത്തനങ്ങളിൽ സജീവമായിരുന്നില്ല. ഒരുമാസത്തെ അവധിയിലായതിനാൽ ഇത്തരത്തിൽ നേഴ്സുമാർക്ക് നിർദേശം നൽകാൻ അവർക്ക് ഔദ്യോഗിക ഉത്തരവാദിത്തങ്ങളൊന്നുമില്ല. ഈ സാഹചര്യത്തിൽ ഇത്തരത്തിൽ സന്ദേശം സൃഷ്ടിക്കുകയും അത് ഒരേസമയം വിവിധ ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുകയും ചെയ്തത് ദുരൂഹമാണ്‌. അതിനുശേഷം അവർതന്നെ രേഖാമൂലം തന്ന വിശദീകരണത്തിൽ കീഴ്‌ജീവനക്കാരെ ജാഗരൂകരാക്കാൻവേണ്ടി പറഞ്ഞതാണെന്നും ഇവിടെ അത്തരത്തിൽ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നുമാണ്‌ പറയുന്നത്‌.

ഹാരിസ് എന്ന രോഗി ഐസിയുവിൽ മരിക്കാനിടയായത് നേഴ്സുമാരുടെ അശ്രദ്ധകൊണ്ടാണെന്ന് സന്ദേശത്തിൽ പറയുന്നത്‌ വാസ്‌തവവിരുദ്ധമാണ്‌. ഈ രോഗി കോവിഡ്‌ ബാധിച്ച്‌ ജൂൺ 26 മുതൽ ജൂലൈ 20 വരെയാണ്‌ ഇവിടെയുണ്ടായിരുന്നത്‌. ഈ കാലത്ത്‌ ഗുരുതരാവസ്ഥയിൽ ദീർഘകാലം ഐസിയുവിൽ കഴിഞ്ഞിരുന്നു. രോഗികളുടെ തിരക്കില്ലാത്തതിനാൽ ഈ സമയത്ത് ഒരശ്രദ്ധ ഉണ്ടാകാനും സാധ്യതയില്ല. മരിക്കുമ്പോഴും കോവിഡ്‌ പോസിറ്റീവായിരുന്നു. അദ്ദേഹത്തിന്‌ കടുത്ത പ്രമേഹവും രക്താതിസമ്മർദവും ഭാരക്കൂടുതലും ഉറങ്ങുമ്പോൾ ശരിയായ രീതിയിൽ ശ്വാസോച്ഛ്വാസം നടക്കാത്ത ഒഎസ്‌എ എന്ന അസുഖവും ഉണ്ടായിരുന്നു. ഏറ്റവും ഗുരുതരാവസ്ഥയായ കോവിഡ്‌ ന്യുമോണിയ, എആർഡിഎസ്‌ എന്ന അവസ്ഥയിലുമായിരുന്നു. ഈ രോഗി മെക്കാനിക്കൽ വെന്റിലേറ്ററിൽ അല്ല്ലായിരുന്നു. എൻഐവി വെന്റിലേറ്ററിലെ ശ്വസനസഹായിയിൽ ആയിരുന്നു. ഈ ശ്വസനസഹായിയുടെ ഓക്‌സിജൻ ട്യൂബുകൾ ഊരിപ്പോകുന്നതല്ല. 100 ശതമാനം ഓക്‌സിജൻ സപ്പോർട്ടിലായിരുന്നതിനാൽ വാർഡിലേക്ക്‌ മാറ്റാവുന്ന അവസ്ഥയിലുമായിരുന്നില്ല. ഈ രോഗിയെ വാർഡിലേക്കു മാറ്റാനിരുന്നതാണെന്ന്‌ ഓഡിയോ ക്ലിപ്പിൽ പറയുന്നതും ശരിയല്ല.

കോവിഡ് ചികിത്സയിൽ മികച്ചനിലയിൽ പ്രവർത്തിക്കുന്ന കേന്ദ്രമാണ് എറണാകുളം ഗവ. മെഡി. കോളേജ്. 10 മാസത്തിനിടെ വിദേശികളടക്കം 3500ൽ അധികം കോവിഡ്‌ രോഗികളെ ചികിത്സിച്ച്‌ ഭേദമാക്കിയിട്ടുണ്ട്‌. ഇവിടെ മാതൃകാപരമായി ജോലി ചെയ്യുന്ന ഡോക്ടർമാരുടെയും നേഴ്‌സുമാരുടെയും ജീവനക്കാരുടെയും മനോവീര്യം തകർക്കാനും ഇതിടയാക്കുമെന്നും സൂപ്രണ്ടും പ്രിൻസിപ്പലും പ്രസ്‌താവനയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top