04 December Friday

കസ്‌റ്റംസിനെതിരെ നടപടി ആവശ്യപ്പെട്ട്‌ സ്വപ്‌ന

വെബ് ഡെസ്‌ക്‌Updated: Tuesday Oct 20, 2020


കൊച്ചി
കസ്‌റ്റംസിന്‌ നൽകിയ രഹസ്യമൊഴി ചോർത്തിയതിൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട്‌ സ്വർണക്കടത്ത്‌ കേസിലെ രണ്ടാംപ്രതി സ്വപ്‌ന സുരേഷ്. കസ്റ്റംസ് മുദ്രവച്ച് കോടതിയിൽ നൽകിയ മൊഴിയാണ് ചോർന്നത്. അതീവ രഹസ്യസ്വഭാവമുണ്ടെന്ന്‌‌ പറഞ്ഞ്‌ തനിക്കുപോലും കോടതി മൊഴിപ്പകർപ്പ്‌ നിഷേധിച്ചിരുന്നു. ഇതാണ്‌ കസ്റ്റംസ് ഉദ്യോഗസ്ഥർ മാധ്യമങ്ങൾക്ക് ചോർത്തിയത്‌. ഇത് ക്രിമിനൽ കോടതിയലക്ഷ്യമാണെന്ന് സ്വപ്നയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ഇതിനെതിരെ നടപടി ആവശ്യപ്പെട്ട്‌ സ്വപ്ന പ്രത്യേകം ഹർജി നൽകും.

എൻഐഎയ്‌ക്ക്‌ നൽകിയ രഹസ്യമൊഴി കസ്റ്റംസിന് നൽകരുതെന്ന് സ്വർണക്കടത്ത്‌ കേസിലെ നാലാംപ്രതി സന്ദീപ് നായർ എൻഐഎ കോടതിയിൽ ആവശ്യപ്പെട്ടു. അഭിഭാഷക മുഖേനയാണ്‌ മൊഴി നൽകുന്നതിലെ എതിർപ്പറിയിച്ചത്. സന്ദീപിന്റെ രഹസ്യമൊഴി നൽകണമെന്ന്‌ ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയെ സമീപിച്ചിട്ടുണ്ട്‌.


സ്വർണക്കടത്തിന്‌ ടെലിഗ്രാം ഗ്രൂപ്പുണ്ടാക്കിയെന്ന്‌ സരിത്‌

സ്വർണക്കടത്തിനായി സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിൽ ഗ്രൂപ്പുണ്ടാക്കിയതായി സരിത്‌ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മൊഴി നൽകി. സന്ദീപ് നായരാണ് ഗ്രൂപ്പ് ഉണ്ടാക്കിയത്. തന്നെയും സ്വപ്നയെയും ചേർത്തു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കൈമാറിയിരുന്നത്‌ ഈ ഗ്രൂപ്പിലൂടെയാണ്‌. റമീസിനാണ്‌ ഫൈസൽ ഫരീദുമായി നേരിട്ട് ബന്ധം. തനിക്ക് നേരിട്ട് പരിചയമില്ല. സ്വപ്‌നയുമായി നേരിട്ടും ഫോൺവഴിയും നിരന്തരം ബന്ധപ്പെട്ടിരുന്നു. സാധനങ്ങൾ എത്തുന്ന വിവരം എയർലൈൻ കമ്പനികൾ കോൺസൽ ജനറലിലെ ഇ–-മെയിൽവഴിയോ കത്ത്‌ മുഖേനയോ അറിയിച്ചിരുന്നെന്നും സരിത്‌ നൽകിയ മൊഴിയിൽ പറയുന്നു.

സ്വപ്‌നയുടെ നിയമനത്തിൽ ഇടപെട്ടിട്ടില്ലെന്ന്‌ ശിവശങ്കർ
സ്വപ്‌ന സുരേഷിന്റെ നിയമനത്തിൽ ഇടപെട്ടിട്ടില്ലെന്ന്‌ കസ്‌റ്റംസിന്‌ നൽകിയ മൊഴിയിലും മുൻ ഐടി സെക്രട്ടറി എം ശിവശങ്കർ ആവർത്തിച്ചു. പ്രൈസ്‌ വാട്ടർ കൂപ്പേഴ്‌സ്‌ നിയോഗിച്ച മാൻപവർ ഏജൻസിയുടെ ശുപാർശപ്രകാരമാണ്‌ കെഎസ്ഐടിഐഎലിനു‌ കീഴിലെ സ്‌പേസ്‌ പാർക്ക്‌ പദ്ധതിയിൽ സ്വപ്‌നയെ നിയമിച്ചത്‌. എൻഫോഴ്‌സ്‌മെന്റിനും ശിവശങ്കർ ഇതെ മൊഴി നൽകിയിരുന്നു.

താൽക്കാലിക നിയമനം ലഭിച്ചത്‌ ശിവശങ്കറുടെ ശുപാർശയിലും മുഖ്യമന്ത്രിയുടെ അറിവോടെയും ആണെന്നാണ്‌ സ്വപ്‌ന എൻഫോഴ്‌സ്‌മെന്റിനോട്‌ പറഞ്ഞിരുന്നത്‌. വകുപ്പ്‌ സെക്രട്ടറിപോലും അറിയാനിടയില്ലാത്ത ഹ്രസ്വകാല നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന സ്വപ്‌നയുടെ പ്രസ്‌താവന അടിസ്ഥാനമില്ലാത്തതാണെന്ന്‌ ശിവശങ്കർ പറഞ്ഞു. യുഎഇ കോൺസൽ ജനറലിന്റെ ദുരൂഹ ഇടപാടുകൾ അറിയാമായിരുന്നത്‌ സ്വപ്‌നയ്‌ക്കാണ്‌. അതുകൊണ്ടാണ്‌ കാലാവധി പൂർത്തിയാക്കി കോൺസൽ ജനറൽ മടങ്ങാനിരിക്കെ ആഗസ്‌തിൽ സ്വപ്‌നയെ ജോലിയിൽനിന്ന്‌ നീക്കിയത്‌. അടുത്ത കോൺസൽ ജനറൽ ഇടപാടുകൾ അറിയാതിരിക്കാനായിരുന്നു അതെന്ന്‌ സ്വപ്‌ന പറഞ്ഞിരുന്നു. നയതന്ത്ര ബാഗേജിലൂടെ സൗന്ദര്യവർധകവസ്‌തുക്കൾ കടത്തി തിരുവനന്തപുരം ബീമാപള്ളിയിൽ വിറ്റു. ഇത്തരം അനധികൃത ഇടപാടുകൾക്ക്‌ ഈറ്റിങ് മാംഗോസ്‌ എന്ന കോഡ്‌ കോൺസുലേറ്റ്‌ അധികൃതർ ഉപയോഗിച്ചിരുന്നതും സ്വപ്‌ന പറഞ്ഞിട്ടുള്ളതായി ശിവശങ്കർ മൊഴിനൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top