24 November Tuesday

കോൺഗ്രസ്‌ വഞ്ചന മാണി നേരത്തേ വെളിപ്പെടുത്തി

കെ ടി രാജീവ്‌Updated: Monday Oct 19, 2020



കോട്ടയം
കേരള കോൺഗ്രസിനെയും തന്നേയും കോൺഗ്രസ്‌ നേതാക്കൾ പിന്നിൽനിന്ന്‌ കുത്തിയതായി കെ എം മാണി ആരോപിച്ചത്‌ 2016ലെ ചരൽകുന്ന്‌ ക്യാമ്പിൽ. കോൺഗ്രസ്‌ വഞ്ചനയെക്കുറിച്ച്‌ കഴിഞ്ഞ ഒക്‌ടോബർ 9ന്‌ കോട്ടയത്ത്‌ ചേർന്ന ജന്മദിന സമ്മേളന റിപ്പോർട്ടിലും അടിവരയിടുന്നു. കേരള കോൺഗ്രസിനെ പിളർത്തൽ, യുഡിഎഫിൽ കെ എം മാണിയുടെ സ്ഥാനം, കോൺഗ്രസ്‌ നേതാക്കളുടെ ഗൂഢാലോചന, ബാർകോഴ, പട്ടയ പ്രശ്‌നം കോൺഗ്രസിന്റെ ഇരട്ടത്താപ്പ്‌ എന്നിവ വ്യക്തമായ രേഖയാക്കിയ ശേഷമാണ്‌ കെ എം മാണി മുമ്പ്‌ തുറന്നടിച്ചത്‌.

പിളർപ്പുണ്ടാക്കി അർഹമായ സീറ്റുകൾ ഒന്നൊന്നായി പിടിച്ചെടുത്തു. 13 തവണ ബജറ്റ്‌ അവതരിപ്പിച്ചതിനാൽ നേതാക്കൾക്ക്‌ അസൂയയായിരുന്നു. ഇവയെല്ലാം ബാർകോഴ ആരോപണം സംബന്ധിച്ച്‌ പുറത്തായ അന്വേഷണ കമീഷൻ റിപ്പോർട്ടിലും പരാമർശിക്കുന്നു‌. ‌കെ എം മാണി മുന്നണിവിട്ടുപോകുമോ എന്ന സംശയത്തിൽ ഉമ്മൻചാണ്ടിയും രമേശ്‌ ചെന്നിത്തലയും ബാർകോഴ കേസ്‌ ഉപയോഗിച്ചു. ഇടതുപിന്തുണയോടെ കെ എം മാണി മുഖ്യമന്ത്രിയാവുമെന്ന്‌ പി സി ജോർജ്‌, അടൂർ പ്രകാശ്‌, ജോസഫ്‌ വാഴയ്‌ക്കൻ എന്നിവർ കോൺഗ്രസ്‌ നേതാക്കളെ വിശ്വസിപ്പിച്ചു. മന്ത്രിസഭയിലെ നേതൃമാറ്റം നടക്കാതെ വന്നപ്പോഴാണ്‌‌ ഉപമുഖ്യമന്ത്രി സ്ഥാനം ഐ ഗ്രൂപ്പ്‌ ആവശ്യപ്പെട്ടത്‌‌‌. ഇതിനെ തടയിട്ടത്‌ കെ എം മാണിയും കുഞ്ഞാലിക്കുട്ടിയുമാണെന്ന തെറ്റിദ്ധാരണയും ചെന്നിത്തലയ്‌ക്ക്‌ പക ഇരട്ടിയാക്കിയെന്നും റിപ്പോർട്ടിലുണ്ട്‌.

നിഷേധിച്ച്‌ ചെന്നിത്തല
ബാർ കോഴ കേസിൽ കെ എം മാണിക്കെതിരെ  ഗൂഢാലോചന നടത്തിയെന്ന റിപ്പോർട്ട്‌‌ ‌ നിഷേധിച്ച്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല. ഇതുസംബന്ധിച്ച്‌ വന്ന അന്വേഷണ റിപ്പോർട്ട്‌‌ ഊരും പേരുമില്ലാത്തതാണ്‌. അങ്ങനെയൊന്നില്ല.
എന്നെ ചാരി എൽഡിഎഫ്‌ പ്രവേശനം ന്യായീകരിക്കാനുള്ള ശ്രമമാണ്‌. ഞാൻ മന്ത്രിയായിരിക്കവെയാണ്‌ മാണിക്ക്‌‌ വിജിലൻസ്‌ ക്ലീൻ സർട്ടിഫിക്കറ്റ്‌ നൽകിയത്‌ –- കോഴിക്കോട്ട്‌‌  വാർത്താസമ്മേളനത്തിൽ ചെന്നിത്തല പറഞ്ഞു. 

മാണിയെ വേട്ടയാടിയവർ എന്നെയും ലക്ഷ്യം വയ്ക്കുന്നു: ജോസ്‌
കെ എം മാണിക്കെതിരെ തെളിവൊന്നുമില്ലാതെ ഉന്നയിച്ച നീചമായ ആരോപണങ്ങളുടെ ആവർത്തനമാണ് ബിജു രമേശ് ഇപ്പോൾ നടത്തുന്നത്‌. അച്ഛനെ വേട്ടയാടിയവർ ഇപ്പോൾ തന്നെയും  ലക്ഷ്യം വയ്ക്കുന്നതായി ജോസ്‌ കെ മാണി പറഞ്ഞു. ഇതുവരെ ഉന്നയിക്കാത്ത ആരോപണവുമായി ബിജു രമേശ് ഇപ്പോൾ രംഗത്തെത്തിയതിന്റെ രാഷ്ട്രീയലക്ഷ്യം ജനങ്ങൾക്ക് തിരിച്ചറിയാനാവുമെന്നും ജോസ് കെ മാണി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top