12 November Tuesday

ആർഎസ്‌എസിന്‌ ബ്രിട്ടീഷുകാർക്ക്‌ മാപ്പെഴുതി നൽകിയ പാരമ്പര്യം: കോടിയേരി ബാലകൃഷ്‌ണൻ

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2019


തലശേരി
ബ്രിട്ടീഷുകാർക്ക്‌ മാപ്പെഴുതിനൽകി ജയിൽ മോചിതനായ സവർക്കർക്കാണോ ഭാരതരത്‌നം നൽകേണ്ടതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. 

സവർക്കർക്ക്‌ ഭാരതരത്‌നം നൽകണമെന്നാണ്‌ ബിജെപി ആവശ്യപ്പെടുന്നത്‌. സ്വാതന്ത്ര്യ സമരകാലത്ത്‌ മാപ്പെഴുതി നൽകി  ബ്രിട്ടീഷുകാർക്ക്‌ അനുകൂലമായിനിന്ന വ്യക്തിയാണ്‌ അദ്ദേഹം. സ്വാതന്ത്ര്യസമരത്തിൽ ഒരു സംഭാവനയും നൽകിയവരല്ല ആർഎസ്‌എസ്സെന്നും കോടിയേരി പറഞ്ഞു. ഇന്ത്യൻ കമ്യൂണിസ്‌റ്റ്‌ പാർടി രൂപീകരണത്തിന്റെ നൂറാം വാർഷികാഘോഷത്തിന്റെയും സി എച്ച്‌ ദിനാചരണത്തിന്റെയും ഭാഗമായുള്ള സെമിനാർ   ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യസമരത്തിൽ കമൂണിസ്‌റ്റുകാർ വഹിച്ച പങ്ക്‌ ആർക്കും വിസ്‌മരിക്കാനാവില്ല. 1921ലെ അഹമ്മദാബാദ്‌ കോൺഗ്രസ്‌ സമ്മേളനത്തിൽ പൂർണസ്വാതന്ത്ര്യമെന്ന മുദ്രാവാക്യം ആദ്യമായി മുന്നോട്ടുവച്ചത്‌ കമ്യൂണിസ്റ്റുകാരാണ്‌. വർഷങ്ങൾക്ക്‌ ശേഷമാണ്‌ കോൺഗ്രസ്‌ പൂർണസ്വാതന്ത്ര്യമെന്ന മുദ്രാവാക്യം അംഗീകരിച്ചത്‌. സ്വാതന്ത്ര്യസമരത്തിന്റെ രൂപം മാറുന്നത്‌ കമ്യൂണിസ്‌റ്റ്‌ പാർടി രൂപീകരണത്തോടെയാണ്‌. വർഗ–-ബഹുജന സംഘടനകൾ രൂപീകരിച്ച്‌ കമ്യൂണിസ്‌റ്റുകാർ ദേശീയപ്രസ്ഥാനത്തിന്റെ മുൻനിരയിലേക്ക്‌ വന്നപ്പോഴാണ്‌ ഞായറാഴ്‌ച കോൺഗ്രസിനെ ബഹുജന കോൺഗ്രസാക്കിമാറ്റാൻ  ഗാന്ധിജി തീരുമാനിച്ചത്‌. ഇന്ത്യ ജനാധിപത്യ മതേതര സോഷ്യലിസ്‌റ്റ്‌ റിപ്പബ്ലിക്കാവണമെന്ന കാഴ്‌ചപ്പാട്‌ മുന്നോട്ടുവച്ചതും കമ്യൂണിസ്‌റ്റുകാരാണ്‌.

ബ്രിട്ടീഷുകാരുമായി ചേർന്ന്‌ പാകിസ്ഥാൻ മുസ്ലിംരാഷ്ട്രമായതുപോലെ ഹിന്ദുരാഷ്ട്രമായിരുന്നു ആർഎസ്‌എസ്‌ ലക്ഷ്യം.  ഗാന്ധിജിയും മതനിരപേക്ഷ ശക്തികളും സ്വീകരിച്ച നിലപാടാണ്‌ ആർഎസ്‌എസ്സിന്റെ മതരാഷ്ട്രവാദത്തിന്‌ തിരിച്ചടിയായത്‌. ഇതോടെയാണ്‌ ഗാന്ധിജിയെ വധിക്കാനുള്ള പദ്ധതിക്ക്‌ ആർഎസ്‌എസ്സുകാർ തയാറെടുത്തതെന്നും കോടിയേരി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top