23 November Saturday

നാടകമല്ല, ഇത് ഷണ്മുഖന്റെ ജീവിതമാണ്

അനന്തു ചന്ദ്രബാബുUpdated: Sunday Oct 20, 2019

പള്ളുരുത്തി >  പള്ളുരുത്തി വെളിയിലെ  ലോട്ടറിക്കടയിൽ ഭാഗ്യാന്വേഷികളെ കാത്തിരിക്കുമ്പോൾ ഇടക്കൊച്ചി ഷണ്മുഖന്റെ മനസ്സിൽ നാടകത്തിന്റെ ആരവങ്ങൾ ഇരമ്പാറുണ്ട‌്. ഇടക്കൊച്ചി  പ്രഭാത് തീയറ്റേഴ്സിന്റെ  നാടകങ്ങളിൽ തിളങ്ങിയ നാളുകൾ. എറണാകുളം ദൃശ്യ കലാഞ്ജലിയുടെയും വയലാർ നാടകവേദിയുടെയും  വൈക്കം മാളവികയുടെയും കൊച്ചിൻ അനാമികയുടെയും  കോട്ടയം ദൃശ്യ വേദിയുടെയും നാടകങ്ങളിൽ അനശ്വര കഥാപാത്രങ്ങൾക്കു ജീവൻ കൊടുക്കുമ്പോൾ സദസ്സിൽനിന്ന‌് ഉയർന്ന കരഘോഷങ്ങൾ.

കൊതി തീരും മുമ്പേ അരങ്ങൊഴിയേണ്ടി വന്ന ഈ നടൻ  ദുരിതങ്ങൾ മാത്രം പേറുന്ന കഥാപാത്രത്തിന്റെ വേഷം ജീവിച്ചു തീർക്കുകയാണ‌്. പതിനഞ്ചുകൊല്ലം മുമ്പ‌് നടന്ന വാഹനാപകടമാണ‌് ഷണ്മുഖന്റെ കലാജീവിതത്തിന‌് തിരശീല വീഴ‌്ത്തിയത‌്.  ആ ഫ്ലാഷ‌്ബാക്ക‌് ഇങ്ങനെ.

എറണാകളും ജങ്ഷനിൽനിന്ന്‌ വേണാട് എക്സ്പ്രസിൽ ഷണ്മുഖൻ കോട്ടയത്ത‌് എത്തുന്നു. ബസ് സ്റ്റാൻഡിൽ  കോട്ടയം ദൃശ്യവേദിയുടെ ഉടമ ജോർജ് കാത്തുനിൽപ്പുണ്ട്‌. ബൈക്കിൽ ഇരുവരും അയർക്കുന്നം ഫൈൻ ആർട്‌സ്‌ ഹാളിലേക്ക്. ദൃശ്യവേദിയുടെ ‘മത്സരം’  നാടകത്തിൽ അഭിനയിക്കുകയാണ്‌ ലക്ഷ്യം. എന്നാൽ കഞ്ഞിക്കുഴിയിലെത്തിയപ്പോൾ ഒരു സൂപ്പർഫാസ്റ്റ് ഇരുവരെയും ഇടിച്ചുതെറിപ്പിച്ചു. ജോർജിനുനേരെ മുഖംതിരിച്ച മരണം ഷൺമുഖന്‌ ജീവിതം തിരിച്ചുനൽകി. എന്നാൽ അരങ്ങിലെ  ജീവിതം അവിടെ അവസാനിച്ചു.  നാടകത്തോടുള്ള ഭ്രമം കൊണ്ട‌്, വീണ്ടും തട്ടിൽ കയറി. പക്ഷേ, അപകടത്തിന്റെ ഓർമകൾ മിന്നിമറയുന്നു.  പഠിച്ചതെല്ലാം മറക്കും. നെടുനീളൻ ഡയലോഗുകൾ ഭംഗിയോടെ പറഞ്ഞിരുന്ന ഷൺമുഖന് അതിന് പറ്റാതായി.  നായകൻ ഡയലോഗ് മറന്നതുകൊണ്ട് നാടകം നിർത്തിവച്ച സംഭവവും ഉണ്ടായി.  

കലാജീവിതം അവസാനിച്ചതോടെ,  ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന  കുടുംബം പോറ്റാൻ വിവിധ വേഷങ്ങൾ കെട്ടി. ചെറിയ കച്ചവടങ്ങ‌ളായിരുന്നു ആദ്യം. ചെരുപ്പുകട,   ബേക്കറി, പഴക്കട... എല്ലാം  പരാജയപ്പെട്ടപ്പോൾ ഇടക്കൊച്ചി ബസ് സ്റ്റാൻഡിനു സമീപം ചായക്കട തുടങ്ങി. മകളുടെ വിവാഹത്തിനായി ഇതും വിൽക്കേണ്ടി വന്നു.  ഇപ്പോഴത്തെ ലോട്ടറി കടയും സ്വന്തമല്ല. അവിടെ ദിവസക്കൂലിക്കാരനാണ‌്.

നാടകം ഇന്നും ഷണ്മുഖനെ മാടി വിളിക്കുന്നുണ്ട്. റോഡിലൂടെ നാടകവണ്ടികൾ പോകുമ്പോൾ ഇപ്പോഴും മനസ് ഇളകും. നിർഭാഗ്യം ഒപ്പമുണ്ടെന്ന‌് അറിഞ്ഞിട്ടും  അദ്ദേഹം ഭാഗ്യാന്വേഷികളെ മാടി വിളിക്കുകയാണ‌്.


പ്രധാന വാർത്തകൾ
 Top