25 May Monday

മരട്‌ ഫ്ലാറ്റ്‌: നിർമാതാവിനായി തെരച്ചിൽ നോട്ടീസിറക്കും

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2019

കൊച്ചി
മരട്‌ ഫ്ലാറ്റ്‌ നിർമാണ തട്ടിപ്പിൽ പ്രതിചേർത്ത ജെയിൻ ഹൗസിങ്‌ ആൻഡ്‌ കൺസ്‌ട്രക്‌ഷൻസ്‌ എംഡി സന്ദീപ്‌ മേത്തയ്‌ക്കായി തെരച്ചിൽ നോട്ടീസ്‌ പുറപ്പെടുവിച്ചേക്കും. ഇയാളെ അറസ്‌റ്റ്‌ ചെയ്യാനായി ക്രൈംബ്രാഞ്ച്‌ സംഘം വെള്ളിയാഴ്‌ച ചെന്നൈയിലെ ഓഫീസിൽ എത്തിയെങ്കിലും കണ്ടെത്താനായില്ല.

രാജ്യം വിടാനുള്ള സാധ്യതകൂടി പരിഗണിച്ചാണ്‌ തെരച്ചിൽ നോട്ടീസ്‌ പുറത്തിറക്കാൻ ആലോചിക്കുന്നത്‌. ഹോളിഫെയ്‌ത്ത്‌ എച്ച്‌2ഒ ഫ്ലാറ്റ്‌ നിർമാണത്തിലെ ക്രമക്കേടിൽ പ്രതിചേർത്ത മരട്‌ പഞ്ചായത്ത്‌ മുൻ യുഡി ക്ലർക്കും അരൂർ പഞ്ചായത്ത്‌ സെക്രട്ടറിയുമായ ജയറാം നായിക്കിനായി അന്വേഷണം വ്യാപിപ്പിക്കും.

കേസിൽ നേരത്തേ അറസ്‌റ്റ്‌ ചെയ്‌ത മൂന്നുപേരെയും മൂന്നുദിവസത്തേക്ക്‌ അന്വേഷണസംഘത്തിന്റെ കസ്‌റ്റഡിയിൽ വിട്ടു. ഇവരെ ക്രൈംബ്രാഞ്ച്‌ ചോദ്യം ചെയ്യുകയാണ്‌.

ഹോളിഫെയ്‌ത്ത്‌ ബിൽഡേഴ്‌സ്‌ ആൻഡ്‌ ഡെവലപ്പേഴ്‌സ്‌ ഉടമ സാനി ഫ്രാൻസിസ്‌, മരട്‌ പഞ്ചായത്ത്‌ മുൻ സെക്രട്ടറി മുഹമ്മദ്‌ അഷ്‌റഫ്‌, മുൻ ജൂനിയർ സൂപ്രണ്ട്‌ പി ഇ ജോസഫ്‌ എന്നിവരെയാണ്‌ മൂവാറ്റുപുഴ വിജിലൻസ്‌ കോടതി കസ്‌റ്റഡിയിൽ വിട്ടത്‌. ഇവരുടെ റിമാൻഡ്‌ കാലാവധി ശനിയാഴ്‌ച അവസാനിച്ചിരുന്നു.

നഷ്ടപരിഹാരം 2 ദിവസത്തിനകം
കൊച്ചി
മരടിലെ ഫ്ലാറ്റ്‌ സമുച്ചയങ്ങളിലെ നഷ്ടപരിഹാരത്തിന്‌ അർഹരെന്ന്‌ കണ്ടെത്തിയ ഉടമകൾ ഞായറാഴ്‌ച സത്യവാങ്‌മൂലം നൽകണം. ഇതിനായി പ്രത്യേക ഫോമിൽ ബാങ്ക്‌ അക്കൗണ്ട്‌ വിവരങ്ങൾ ഉൾപ്പെടുത്തിയ സത്യവാങ്‌മൂലം മരട്‌ നഗരസഭാ ഓഫീസിൽ സമർപ്പിക്കണമെന്ന്‌ സബ്‌ കലക്ടർ സ്‌നേഹിൽ കുമാർ സിങ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വിവരങ്ങൾ കൃത്യമായാൽ രണ്ടുദിവസത്തിനുള്ളിൽ തുക അക്കൗണ്ടിലെത്തും. അപേക്ഷ സമർപ്പിച്ചവരിൽ 107 പേരുടെ നഷ്ടപരിഹാരമാണ്‌ സുപ്രീംകോടതി നിയോഗിച്ച ജസ്‌റ്റിസ്‌ കെ ബാലകൃഷ്‌ണൻനായർ കമ്മിറ്റി നിശ്‌ചയിച്ചത്‌. ഇവരിൽ 13 പേർക്ക്‌ 25 ലക്ഷം രൂപവീതവും ശേഷിക്കുന്നവർക്ക്‌ 13 മുതൽ 25 ലക്ഷം രൂപവരെയുമാണ്‌ നിശ്‌ചയിച്ചത്‌. 85 അപേക്ഷകൾ നഷ്ടപരിഹാര നിർണയ സമിതി ചൊവ്വാഴ്‌ച പരിഗണിക്കും.

ആൽഫ, ജയിൻ ഫ്ലാറ്റുകൾ പൊളിക്കുന്നതിനു മുന്നോടിയായി ഇവയിലെ വാതിലുകളും ജനലുകളും നീക്കിത്തുടങ്ങി. പൊളിക്കാൻ ചുമതലപ്പെടുത്തിയ കമ്പനിയിലെ തൊഴിലാളികളാണ്‌ മുന്നൊരുക്കം  ആരംഭിച്ചത്‌. ഒരാഴ്‌ചയ്‌ക്കകം പൊളിക്കാനുള്ള രൂപരേഖ  കമ്പനികൾ, സർക്കാർ നിയോഗിച്ച സാങ്കേതിക സമിതിക്ക്‌ സമർപ്പിക്കും. സമിതി അംഗീകരിച്ചശേഷമാകും പൊളിക്കൽ.

84 ഫ്ലാറ്റുടമകൾ എവിടെ ?
343 ഫ്ലാറ്റുകളിൽ  325 ഉടമകളാണ് ഉള്ളത്. നഷ്ടപരിഹാര അപേക്ഷ എത്തിയത് 241. ഇതിൽ 214 അപേക്ഷകൾ കമ്മിറ്റിക്കു കൈമാറി. അഞ്ചെണ്ണം ഞായറാഴ്‌ച കൈമാറും. രേഖകൾ കിട്ടാത്തതിനാൽ 10 എണ്ണം മാറ്റിവച്ചിരിക്കുകയാണ്. 20 പേർ വിദേശത്താണ്. അടുത്ത ദിവസങ്ങളിൽ അവരെത്തുമെന്നു കരുതുന്നു. 84 ഫ്ലാറ്റുകളുടെ ഉടമകൾ ഇനിയും എത്തിയിട്ടില്ല. ഇവരെക്കുറിച്ച് ഒരു വിവരവും ഇല്ലെന്ന് സ്നേഹിൽകുമാർ സിങ് പറഞ്ഞു. ജെയ്ൻ കോറൽ കോവിലെ ഒറ്റ ഫ്ലാറ്റുടമപോലും സ്വന്തം പേരിലേക്ക് ഫ്ലാറ്റ് രജിസ്റ്റർ ചെയ്തിട്ടില്ല. എന്നിട്ടും മാനുഷിക പരിഗണനയിൽ ഇവർക്കും നഷ്ടപരിഹാരത്തിന് അർഹത കിട്ടിയിട്ടുണ്ട്.

സ്ഥലം ഏറ്റെടുക്കില്ല
ഫ്ലാറ്റുകൾ പൊളിച്ചുമാറ്റിയാലും സ്ഥലം ഉടമയുടെ പേരിൽത്തന്നെ ആയിരിക്കും. ഏറ്റെടുക്കൽ ഉദ്ദേശിക്കുന്നില്ല. പുതിയ നിയമപ്രകാരം ഇതേസ്ഥലത്ത് പുതിയ കെട്ടിടത്തിന് അനുമതി ലഭിക്കില്ലെന്ന് സെക്രട്ടറി വ്യക്തമാക്കി. എല്ലാ സ്ഥലങ്ങളിലും കൈയേറ്റം കണ്ടെത്തിയിട്ടുണ്ട്. ദൂരപരിധിയും കെട്ടിടനിർമാണത്തിന് അനുവദിക്കുന്നില്ല. തദ്ദേശഭരണ സ്ഥാപനത്തിൽ മാത്രമല്ല, റവന്യൂ, രജിസ്ട്രേഷൻ വകുപ്പുകളിലും ഇതുസംബന്ധിച്ച് ചട്ടവിരുദ്ധനടപടികൾ ഉണ്ടായിട്ടുണ്ടെന്ന് സെക്രട്ടറി എം മുഹമ്മദ് ആരിഫ്ഖാൻ സൂചന നൽകി.


പ്രധാന വാർത്തകൾ
 Top