12 November Tuesday

യുഡിഎഫ്‌ മത ജാതി വികാരം ഇളക്കിവിടുന്നു: -കോടിയേരി ബാലകൃഷ്ണൻ

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2019


തിരുവനന്തപുരം
സർക്കാരിനെതിരെ ഒന്നും പറയാനില്ലാത്തതിനാൽ ജാതി–-മത വികാരം ഇളക്കിവിടാൻ  ശ്രമിക്കുന്ന യുഡിഎഫിനെതിരായ ജനവിധിയാകും  ഉപതെരഞ്ഞെടുപ്പെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. മൂന്ന്‌ മണ്ഡലങ്ങളിൽ മതധ്രുവീകരണത്തിനും രണ്ടിടത്ത്‌ ജാതിവികാരം ഇളക്കാനുമാണ്‌ യുഡിഎഫ്‌ ശ്രമം.

പ്രകടനപത്രികയിൽ വാഗ്‌ദാനംചെയ്‌ത ഭൂരിഭാഗവും നടപ്പാക്കിയ സർക്കാരാണ്‌ അധികാരത്തിലുള്ളത്‌. പറയുന്നത്‌ നടപ്പാക്കുന്ന സർക്കാരാണ്‌ എൽഡിഎഫിന്റേതെന്ന്‌ ജനങ്ങൾക്ക്‌ ബോധ്യമായെന്നും  തിരുവനന്തപുരം പ്രസ്‌ക്ലബ്ബിന്റെ മീറ്റ്‌ ദ പ്രസിൽ കോടിയേരി പറഞ്ഞു. എൻഎസ്‌എസിനെ ആരും പ്രകോപിപ്പിക്കുന്നില്ല.  പ്രബല സമുദായ സംഘടനയാണത്‌. അവരുടേതായ നിലപാട്‌ സ്വീകരിക്കാൻ പൂർണ സ്വാതന്ത്ര്യമുണ്ട്‌. സമുദായസംഘടന എന്ന നിലയിൽ രാഷ്ട്രീയത്തിൽ ഇടപെടാൻ ശ്രമിക്കുകയാണെങ്കിൽ പാർടി രൂപീകരിക്കുകയാണ്‌ വേണ്ടത്‌.

സമുദായസംഘടനകൾ രാഷ്ട്രീയത്തിൽ ഇടപെടുന്നത്‌ അതിലെ അംഗങ്ങൾതന്നെ ഇഷ്ടപ്പെടുന്നില്ല. എൻഎസ്‌എസിനെ ഒരിക്കലും ഇടതുപക്ഷം ശത്രുപക്ഷത്ത്‌ നിർത്തുന്നില്ല.  നഗ്നമായി ജാതിപറഞ്ഞ്‌ വോട്ടുപിടിക്കുന്ന കാഴ്‌ചയാണ്‌ വട്ടിയൂർക്കാവിൽ കണ്ടത്‌. ഈ സാഹചര്യത്തിലാണ്‌ പരാതി നൽകിയത്‌. എൻഎസ്‌എസും എസ്‌എൻഡിപിയും ധീവരസഭയുമെല്ലാം രാഷ്ട്രീയപാർടി ഉണ്ടാക്കിയിട്ടുണ്ട്‌. അവയെല്ലാം വലതുപക്ഷ മുന്നണിയുടെ ഭാഗമായിരുന്നു. ജി സുകുമാരൻനായർ അന്ന്‌ യുഡിഎഫിന്റെ ലെയ്‌സൺകമ്മിറ്റി അംഗമായിരുന്നു. ആ കാലത്തേക്ക്‌ തിരിച്ചുപോകാൻ എൻഎസ്‌എസ്‌ നേതൃത്വം ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവർക്ക്‌ വീണ്ടും പാർടി രൂപീകരിക്കാം. അതിനെ ആരും എതിർക്കില്ല. മന്നത്ത്‌ പത്മനാഭൻ ജീവിച്ചിരുന്ന കാലംവരെ രാഷ്ട്രീയപാർടി രൂപീകരിക്കാൻ തയ്യാറായിരുന്നില്ല.

എന്നാൽ, മുൻ കോൺഗ്രസുകാരനായ സുകുമാരൻനായർ പ്രത്യേക രാഷ്ട്രീയതാൽപ്പര്യം അടിച്ചേൽപ്പിക്കാനാണ്‌ ശ്രമിക്കുന്നത്‌. സമുദായനേതാക്കൾ പറയുന്നത്‌ അനുസരിച്ചല്ല എൽഡിഎഫ്‌ സ്ഥാനാർഥികളെ നിശ്ചയിക്കുന്നതെന്നും കോടിയേരി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top