12 November Tuesday

പൊലീസിൽ 12,000 പേർക്ക്‌ സ്ഥാനക്കയറ്റം ; പ്രൊമോഷനുള്ള സർവീസ്‌ പരിധി കുറച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2019


തിരുവനന്തപുരം
പൊലീസ്‌ ഓഫീസർമാരുടെ പ്രൊമോഷനുള്ള സർവീസ്‌ കാലയളവ്‌ കുറച്ചു. 12 വർഷം സർവീസ് പൂർത്തിയാക്കിയവർ സീനിയർ സിവിൽ പൊലീസ്‌ ഓഫീസറാകും. 20 വർഷമായവർക്ക്‌ എഎസ്‌ഐ ആയും  25  വർഷമായവർക്ക്‌ എസ്‌ഐ ആയും സ്ഥാനക്കയറ്റം നൽകും. നിലവിലിത്‌ യാഥാക്രമം 15, 22, 27 വർഷമായിരുന്നു.  12,000ത്തോളം പൊലീസുകാർക്ക്‌  ഒറ്റയടിക്ക്‌ ഇതിന്റെ പ്രയോജനം ലഭിക്കും.  4000 പേരെങ്കിലും ഉടൻ എസ്‌ഐമാരാകും. അത്രതന്നെ പേർ എഎസ്‌ഐമാരുമാകും. സ്ഥാനക്കയറ്റത്തിന്റെ പട്ടിക തയ്യാറാക്കാൻ  ജില്ലാ പൊലീസ്‌ മേധാവിമാർക്ക്‌ ഉടൻ നിർദേശം  ലഭിക്കും.

മറ്റ്‌ സർക്കാർ സർവീസുകളുമായി താരതമ്യംചെയ്യുമ്പോൾ തസ്‌തിക കുറവായതിനാൽ പ്രൊമോഷൻ സാധ്യത പൊലീസിൽ പരിമിതമായിരുന്നു. ഇതിന്‌ പരിഹാരമായാണ്‌ കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ഗ്രേഡ്‌ പ്രൊമോഷൻ നടപ്പാക്കിയത്‌.   പ്രൊമോഷൻ കാലയളവ്‌ കുറയ്‌ക്കണമെന്ന ആവശ്യം കഴിഞ്ഞ കാലങ്ങളിൽ ഉയർന്നു.

കേരള  പൊലീസ്‌ അസോസിയേഷൻ  മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ്‌ മേധാവിക്കും നിവേദനവും നൽകി.  തുടർന്നാണ്‌ വിശദമായ പരിശോധന നടത്തി സർവീസ്‌ കാലയളവ്‌ കുറച്ച്‌ പ്രൊമോഷൻ ഉത്തരവ്‌ ഇറങ്ങിയത്‌.


പ്രധാന വാർത്തകൾ
 Top