18 November Monday

മാർക്ക് വിവാദത്തിന്‌ ആയുസ്സില്ല: കെ ടി ജലീൽ

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2019

തിരുവനന്തപുരം > മാർക്ക് വിവാദത്തിന്റെ ആയുസ്സ്‌ ഉപതെരഞ്ഞെടുപ്പ് ദിവസം വൈകിട്ട്‌ അഞ്ചുവരെ മാത്രമാണെന്ന് മന്ത്രി കെ ടി ജലീൽ. സർവകലാശാലകളിലെ അദാലത്തുകളിൽ നേരത്തെയും മന്ത്രിമാർ പങ്കെടുത്തിട്ടുണ്ട്. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി എംജി സർവകലാശാലയിൽ അദാലത്ത് ഉദ്‌ഘാടനം ചെയ്‌തു. അത്രയേ താനും ചെയ്‌തിട്ടുള്ളൂവെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു.

പ്രതിപക്ഷ നേതാവ് ഗൂഢലക്ഷ്യത്തോടെ വിവാദങ്ങളുണ്ടാക്കാൻ ഓടിനടക്കുകയാണ്‌. രമേശ് ചെന്നിത്തലയുടെ മകന്റെ കാര്യം പറഞ്ഞത് ആരോപണമല്ല, വസ്തുതയാണ്‌. തനിക്കെതിരെ കോൺഗ്രസ് നടത്തുന്ന പ്രതിഷേധങ്ങളെ ഭയപ്പെടുന്നില്ല. ഇതിലും വലിയ സമരവുമായി വന്ന ലീഗ് ഒടുവിൽ എല്ലാം അവസാനിപ്പിച്ചത് കേരളം കണ്ടതാണ്. കോൺഗ്രസ് സമരത്തിന് അത്രപോലും ആയുസ്സുണ്ടാകില്ല. സർവകലാശാലയിൽ ഒരു ഇടപെടലും നടത്തിയിട്ടില്ല. -മന്ത്രിയുടെ അധികാര പരിധിയിൽനിന്നാണ് പ്രവർത്തിച്ചത്. യുപിഎസ്‌‌സിയെ മോശപ്പെടുത്താനല്ല ശ്രമിച്ചത്.

ഇപ്പോൾ ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ യോഗ്യതാ സർട്ടിഫിക്കറ്റിനെക്കുറിച്ച്‌ ആക്ഷേപം ഉയർന്നിട്ടുണ്ടല്ലോ. അതും യുപിഎസ്‌സിയെ അപകീർത്തിപ്പെടുത്തലാണോയെന്ന്‌ മന്ത്രി ചോദിച്ചു.

 


പ്രധാന വാർത്തകൾ
 Top