13 November Wednesday

കാതോലിക്കാ ബാവയെ അപമാനിച്ച്‌ കെ സുരേന്ദ്രന്റെ വോട്ടഭ്യർഥന ; പരാതി നൽകുമെന്ന് സഭാ വക്താവ്‌

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2019


ഓർത്തഡോക‌്സ‌് സഭാധ്യക്ഷൻ ബസേലിയോസ്‌  പൗലോസ‌് ദിദ്വിയൻ കാതോലിക്കാ ബാവായെ അപമാനിച്ച്‌ എൻഡിഎ സ്ഥാനാർഥി കെ സുരേന്ദ്രന‌് വേണ്ടി വോട്ടഭ്യർഥന. ബാവയുടെ ചിത്രവും കാതോലിക്കേറ്റ‌് എംബ്ലവും സഹിതം നവമാധ്യമങ്ങളിൽ പോസ‌്റ്റർ പ്രചരിച്ചതിനെതിരെ വിശ്വാസികൾക്കിടയിൽ വലിയ പ്രതിഷേധം ഉയർന്നു.  സുരേന്ദ്രൻ, മോഡി, അമിത്‌ഷാ എന്നിവരുടെ ഫോട്ടോക്കൊപ്പമാണ്‌ ബാവയുടെ ചിത്രം ചേർത്തത്‌. വ്യാജ പ്രചാരണത്തിനെതിരെ തെരഞ്ഞെടുപ്പ്‌ കമീഷനും പൊലീസിലും പരാതി നൽകുമെന്ന്‌ സഭാ വക്താവ്‌ പറഞ്ഞു.

ഓർത്തഡോക‌്സ‌് സഭയുടെ മാനേജിങ‌് കമ്മിറ്റിയംഗവും ബിജെപി പ്രവർത്തകനുമായ  അലക‌്സ‌് പോളിന്റെ പേരിലാണ‌്  വിവാദ പോസ‌്റ്റർ പ്രചരിച്ചത‌്.  ഇതിനെതിരെ സഭാ  വിശ്വാസികൾ രംഗത്ത്‌ വന്നതോടെ  അലക‌്സ‌് പോൾ വിശദീകരണവുമായി സോഷ്യൽ മീഡിയയിലെത്തി. ഇടത‌്, വലത‌് രാഷ്ട്രീയ കക്ഷികളുടെ കുതന്ത്രമാണെന്നും തനിക്കോ താനുമായി ബന്ധപ്പെട്ടവർക്കോ ഇതുമായി  ബന്ധമില്ലെന്നും അലക‌്സ‌് പോൾ   പറഞ്ഞു. 

കഴിഞ്ഞ ദിവസം ഓർത്തഡോക്‌സ്‌ സഭയുടെ എറണാകുളം പഴന്തോട്ടം പള്ളി സഹ വികാരി കെ കെ വർഗീസ്‌ പത്തനംതിട്ടയിലെത്തി ഇടതുവലത്‌ മുന്നണികൾക്കല്ലാതെ വോട്ട്‌ ചെയ്യണം എന്ന്‌ പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. കഴിഞ്ഞ ആഴ്‌ച പിറവം പള്ളി മാനേജിങ്‌ കമ്മിറ്റിയംഗം ജോയി വർഗീസ്‌ കോന്നിയിലെ എൻഡിഎ ഇലക്ഷൻ കമ്മിറ്റി ഓഫീസിലെത്തി ബിജെപി സ്ഥാനാർഥിക്ക്‌ അനുകൂലമായി പത്രസേമ്മളനം നടത്തി. അടുത്തിടെ ബിജെപിയിൽ ചേർന്നവരെ പുറത്തുനിന്നെത്തിച്ച്‌ പത്രസമ്മേളനം നടത്തിക്കുകയായിരുന്നു. എന്നാൽ  ഓർത്തഡോക്‌സ്‌ സഭയുടെ തുമ്പമൺ ഭദ്രാസനാധിപനോ വൈദികരോ എൻഡിഎയെ പിന്തുണക്കുകയോ  ഈ വിഷയത്തിൽ പ്രതികരിക്കുകയോ ചെയ്‌തിട്ടില്ല.

വ്യാജ പ്രചാരണത്തിനെതിരെ പരാതി നൽകും: സഭാ വക്താവ്‌
കോന്നി മണ്ഡലത്തിലെ എൽഡിഎ സ്ഥാനാർഥി കെ സുരേന്ദ്രന്റെ ചിത്രം ഓർത്തഡോക‌്സ‌് സഭാധ്യക്ഷൻ പൗലോസ‌് ദിദ്വീയൻ കാതോലിക്കാ ബാവായുടെ ഫോട്ടോയോടെപ്പം  ചേർത്ത‌് തയാറാക്കിയ പോസ‌്റ്റർ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നത‌് വ്യാജമാണെന്ന‌് സഭാ വക്താവ‌്  ഫാ. ജോൺസ‌് എബ്രഹാം (കാനാട്ട‌് അച്ചൻ)  പറഞ്ഞു.  

ഇത്തരത്തിൽ പോസ‌്റ്റർ തയ്യാറാക്കാൻ ആർക്കെങ്കിലും  അനുവാദം കൊടുക്കുകയോ ചുമതലപ്പെടുത്തുകയോ ചെയ‌്തിട്ടില്ല.  സഭയുടെ നിലപാട‌് നേരത്തെ അറിയിച്ചിട്ടുണ്ട‌്. ഇത‌് തെരഞ്ഞെടുപ്പ‌് ചട്ടങ്ങൾക്ക‌് വിരുദ്ധമാണ‌്.   ഇതിനെതിരെ പരാതി നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 


പ്രധാന വാർത്തകൾ
 Top