06 July Monday

ചെന്നിത്തലയുടെ ആരോപണം ഉന്നത വിദ്യാഭ്യാസ മേഖലയുടെ നേട്ടം മറയ്‌ക്കാൻ

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2019


കളമശേരി
എൽഡിഎഫ് സർക്കാരിനു കീഴിൽ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല ആർജിച്ച നേട്ടങ്ങൾ മറയ്‌ക്കാനാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മന്ത്രി ഡോ. കെ ടി ജലീലിനെതിരായി ആരോപണമുന്നയിക്കുന്നതെന്ന്  സർവകലാശാല ജീവനക്കാരുടെ സംസ്ഥാന കോൺഫെഡറേഷൻ പ്രസ്താവനയിൽ പറഞ്ഞു.

സർവകലാശാല പരീക്ഷകൾക്ക്‌ ഏകീകൃത സമ്പ്രദായം നടപ്പാക്കി. പരീക്ഷാ കലണ്ടർ ഏർപ്പെടുത്തി. ബിരുദ–-ബിരുദാനന്തര ബിരുദ കോഴ്‌സുകളുടെ ഫലപ്രഖ്യാപനം യഥാക്രമം ഏപ്രിൽ 30നും മെയ് 30നും മുമ്പാക്കി. ഒന്നാം വർഷ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ ഈ അധ്യയന വർഷം മുൻ വർഷത്തെക്കാൾ 79 ദിവസം മുമ്പ്‌ ആരംഭിക്കാനായി. രണ്ടുവർഷം കൂടുമ്പോൾ സിലബസ്‌ പരിഷ്‌കരിക്കാൻ  വ്യവസ്ഥയുണ്ടാക്കി. ഒരേ കോഴ്സിന് സർവകലാശാലകൾ പരസ്‌പരം അംഗീകാരം നൽകാത്തത്‌ പരിഹരിച്ചു. ഇവയെല്ലാം ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ചരിത്രനേട്ടമാണ്‌.

മൂല്യനിർണയ ക്യാമ്പുകളിൽ ഹാജരാകാത്ത അധ്യാപകർക്ക്‌ ശമ്പളം നൽകേണ്ടതില്ലെന്ന് ഉത്തരവിറക്കി. പിശക് വരുത്തി വിദ്യാർഥികളെ ദ്രോഹിക്കുന്നവർക്ക് പിഴ ചുമത്തി. സ്റ്റാറ്റ്യൂട്ടറി തസ്തികകളിലുള്ളവർക്ക് കാലപരിധി കൊണ്ടുവന്നു.  സർവകലാശാലകളിൽ കെട്ടിക്കിടക്കുന്ന പരാതികൾ പരിശോധിച്ചപ്പോൾ വർഷങ്ങളായി പരിഹരിക്കാത്ത വിഷയങ്ങൾ  കണ്ടെത്തി. ഇതോടെയാണ്‌ ഫയൽ അദാലത്തുകൾ നടത്താൻ തീരുമാനിച്ചത്. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയാണ് ഇത്തരം അദാലത്തിന്‌ തുടക്കമിട്ടത്. നിയമാനുസൃതം മുഖ്യമന്ത്രിക്ക് അധികാരമില്ലെങ്കിലും  ഉദ്ദേശ്യശുദ്ധി മാനിച്ച് കോൺഫെഡറേഷനടക്കമുള്ള സംഘടനകൾ സഹകരിച്ചു. പ്രോ ചാൻസലർ കൂടിയായ ഉന്നത വിദ്യാഭ്യാസ മന്ത്രി വിളിച്ചുചേർത്ത അദാലത്തുകളിൽ ഒട്ടുമിക്ക പരാതികളിലും നിയമാനുസൃതം തീർപ്പുണ്ടാക്കാൻ സാധിച്ചിട്ടുണ്ടെന്ന യാഥാർഥ്യത്തെ മറയ്ക്കാനാണ് ഇപ്പോഴുള്ള ആരോപണങ്ങൾ.

തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ്‌ പ്രതിപക്ഷനേതാവ്‌   പെരുംനുണ പ്രചരിപ്പിക്കുന്നത്‌. വിദ്യാർഥികൾക്ക് നിയമാനുസൃതം നൽകുന്ന മോഡറേഷനെയാണ് മാർക്ക് ദാനമെന്ന് അദ്ദേഹം വിശേഷിപ്പിച്ചത്. ന്യായമെന്ന് തോന്നിയാൽ ഫലം പ്രസിദ്ധീകരിക്കുന്നതിനു മുമ്പോ ശേഷമോ നിയമപ്രകാരം മോഡറേഷൻ നൽകാം. എം ജി സർവകലാശാലയിൽ 150ലധികം കുട്ടികൾക്ക് ഗുണം ലഭിച്ചതിനെയാണ്‌ മഹാപരാധമായി  അവതരിപ്പിച്ച് മന്ത്രിയെയും അദ്ദേഹത്തിന്റെ ഓഫീസിനെയും അധിക്ഷേപിക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നത്.

ദുഷ്‌പ്രചാരണത്തിന്‌ നേതൃത്വം നൽക്കുന്ന പ്രതിപക്ഷ നേതാവ് സർവകലാശാല നിയമങ്ങൾ പഠിക്കണം.  ഉത്തരവാദിത്തം  നിർവഹിക്കുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും കോൺഫെഡറേഷൻ പൂർണ പിന്തുണ നൽകുന്നതായി ജനറൽ സെക്രട്ടറി ഹരിലാൽ പ്രസ്താവനയിൽ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top