22 October Tuesday

പിറവം സെന്റ് മേരീസ് പള്ളി: പൊലീസിന് പ്രവര്‍ത്തന സ്വാതന്ത്ര്യമുണ്ടെന്ന്‌ ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2019


കൊച്ചി
പിറവം സെന്റ് മേരീസ് പള്ളിയിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ പൊലീസിന് ഹൈക്കോടതി പ്രവർത്തന സ്വാതന്ത്ര്യം അനുവദിച്ചു. ഓർത്തഡോക്സ് പുരോഹിതർക്ക് മതപരമായ ചടങ്ങുകൾ നടത്താനും ഈ വിഭാഗത്തിലെ വിശ്വാസികൾക്ക് ചടങ്ങിൽ പങ്കെടുക്കാനും മതിയായ സംരക്ഷണം ഒരുക്കണമെന്ന്‌ സർക്കാരിനും പൊലീസിനും ജസ്റ്റിസുമാരായ എ എം ഷെഫീഖ്, എൻ അനിൽകുമാർ എന്നിവരടങ്ങിയ ബെഞ്ച് നിർദേശം നൽകി. സുപ്രീംകോടതി വിധിയുണ്ടായിട്ടും യാക്കോബായ വിഭാഗം തങ്ങളെ പള്ളിയിൽ കയറ്റാതെ തടയുന്നെന്ന് ആരോപിച്ച് ഓർത്തഡോക്സ് പുരോഹിതരായ ഫാ. സ്കറിയ വട്ടക്കാട്ടിൽ, ഫാ. മാത്യു വട്ടക്കാട്ടിൽ, ഫാ. മാത്യൂസ് കാഞ്ഞിരംപാറ തുടങ്ങിയവർ നൽകിയ ഹർജിയിലാണ് ഡിവിഷൻബെഞ്ചിന്റെ നിർദേശം. പൊലീസിന് പ്രവർത്തനസ്വാതന്ത്ര്യം വേണമെന്ന് ഹാരിസൺ മലയാളം കമ്പനിയുടെ ഭൂമി ഭൂരഹിതർ കൈയേറിയെന്ന കേസിലെ വിധിയിൽ പറയുന്നതായി കോടതി ചൂണ്ടിക്കാട്ടി. ക്രമസമാധാന പാലനത്തിൽ പൊലീസിന് വൈദഗ്‌ധ്യമുണ്ട്. മാറുന്ന സാഹചര്യങ്ങളിൽ സ്വന്തമായി പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ടാകണം. ബാഹ്യസ്വാധീനങ്ങൾക്ക് വഴങ്ങാതെ വേണം പൊലീസ് പ്രവർത്തിക്കാനെന്നും കോടതി വിശദീകരിച്ചു.

പള്ളിയിൽ ചടങ്ങുകൾക്ക്‌ എത്തുന്ന ഓർത്തഡോക്സ് വിഭാഗത്തെ തടയാൻ യാക്കോബായ വിഭാഗം ഗേറ്റ് പൂട്ടുന്നെന്നും സുപ്രീംകോടതി വിധിയനുസരിച്ച് പള്ളിയുടെ ഭരണം ഏറ്റെടുക്കാൻ അനുവദിക്കുന്നില്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.

ഓർത്തഡോക്‌സ്‌ പുരോഹിതർ പ്രാർഥന നടത്താനെത്തുമ്പോൾ യാക്കോബായ വിഭാഗം ഇതിനെ എതിർത്ത് ക്രമസമാധാന പ്രശ്നമുണ്ടാക്കുന്നുണ്ടോ എന്നതാണ് പരിഗണിക്കുന്നതെന്ന് കോടതി പറഞ്ഞു. പള്ളിയിൽ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമെന്നാണ് സർക്കാരിന്റെ വാദത്തിൽനിന്ന് മനസ്സിലാക്കുന്നത്. സുപ്രീംകോടതി വിധി നടപ്പാക്കാൻ പൊലീസ് നേരത്തെ ചൂണ്ടിക്കാട്ടിയ 18 നിർദേശങ്ങളെക്കുറിച്ച് ഇപ്പോൾ അഭിപ്രായം പറയുന്നില്ല. അടിത്തട്ടിലെ യാഥാർഥ്യം മനസ്സിലാക്കി പൊലീസ് ക്രമസമാധാന പ്രശ്നം കൈകാര്യം ചെയ്യണം. ഇത് എങ്ങനെ ചെയ്യണമെന്നും അനിഷ്ടസംഭവങ്ങളെ എങ്ങനെ നേരിടണമെന്നും കോടതി പറയേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.


പ്രധാന വാർത്തകൾ
 Top