27 May Wednesday

പാലായെ ഹൃദയപക്ഷത്തോട് ചേര്‍ത്ത് ജനനായകന്‍

കെ എസ് ഷൈജുUpdated: Friday Sep 20, 2019

പാലാ > കിഴക്കന്‍ മലയോര ഗ്രാമമായ മേലുകാവുമറ്റമാകെ നവകേരളത്തിന്റെ വികസന നായകനെ കാത്ത് നില്‍ക്കുന്നു. ആവേശം പകര്‍ന്ന് ഒരു ഭാഗത്ത് മേളക്കാരും. പൊതുസമ്മേളന പന്തല്‍ നിറഞ്ഞ് ഇടത്തരക്കാരും സാധാരണക്കാരുമടങ്ങുന്ന പുരുഷാരം. വേദിയില്‍  മന്ത്രിമാരും എല്‍ഡിഎഫിന്റെ പ്രമുഖ നേതാക്കളും. എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പനു വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രചാരണത്തിനിറങ്ങുന്ന ആദ്യകേന്ദ്രത്തില്‍ മാധ്യമപ്പടയുടെ നീണ്ടനിരയുണ്ട്.
മുഖ്യമന്ത്രി എത്തും മുന്‍പ് തകര്‍പ്പന്‍ പ്രസംഗവുമായി മന്ത്രി എം എം മണി വേദിയില്‍. ഇതോടെ സദസ് ഉഷാറായി. പ്രളയ നാളുകളില്‍ ആദ്യം കൂടെ നില്‍ക്കുകയും പിന്നീട് ദുഷ്ടലാക്കോടെ പിന്നില്‍ നിന്നും കുത്തുകയും ചെയ്ത യുഡിഎഫിനെ കണക്കിന് പ്രഹരിച്ച് മണിയാശാന്റെ പ്രസംഗം മുറുകുമ്പോള്‍ വെളിയില്‍ വലിയ ആരവം. വികസന നായകന്റ വരവാണ്. കൈകള്‍ ഉയര്‍ത്തി സദസിനെ അഭിവാദ്യം ചെയ്ത് മുഖ്യമന്ത്രി വേദിയിലെത്തി. അദ്ദേഹത്തിന്   കാതോര്‍ക്കും മുന്‍പെ ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ ഫ്രാന്‍സിസ് ജോര്‍ജിനെ പ്രസംഗത്തിനായി ക്ഷണിച്ചു. കാര്‍ഷിക മേഖലയെ ദുരിതത്തിലാക്കിയ കോണ്‍ഗ്രസിന്റെ നയങ്ങള്‍ തുറന്നു കാട്ടിയും റബര്‍മേഖലയെ സംരക്ഷിക്കാന്‍ സിയാല്‍ മാതൃകയില്‍ വികസന സംരംഭങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്ന പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ജനമധ്യത്തില്‍ അവതരിപ്പിച്ചും ഫ്രാന്‍സിസ് ജോര്‍ജിന്റെ പ്രസംഗം.

അളന്നു മുറിച്ചായിരുന്നു മുഖ്യമന്ത്രിയുടെ ഓരോ വാക്കുകളും. എന്തൊക്കെയാണ് ഈ സര്‍ക്കാര്‍ ചെയ്തതെന്ന് അക്കമിട്ടു നിരത്തിയുള്ള പ്രസംഗം. ''മൂന്നേകാല്‍ വര്‍ഷം മുന്‍പ് നിങ്ങളാകെ നിരാശയിലായിരുന്നില്ലേ, നമ്മുടെ നാടിനെ കളങ്കിതമാക്കിയ എത്രയെത്ര സംഭവങ്ങള്‍ ഇവിടെയുണ്ടായി ?'' മുഖ്യമന്ത്രിയുടെ ചോദ്യം യുഡിഎഫ് ഭരണനാളുകളിലേയ്ക്ക് ഓര്‍മകളെ നയിച്ചു. യുഡിഎഫ് ഭരണവും ഇന്നത്തെ ഭരണവും തമ്മിലുള്ള അന്തരം  വ്യക്തമാക്കാന്‍ കൃത്യമായ കണക്കുകളും പിണറായിയുടെ പക്കലുണ്ട്.  ''യുഡിഎഫ് ഭരണത്തിലെ അഴിമതിയെക്കുറിച്ചൊന്നും ഞാന്‍ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ?'' എന്ന് ചെറുചിരിയോടെ ചോദിക്കുമ്പോള്‍ സദസില്‍ പലയിടത്തു നിന്നും 'പാലാരിവട്ടം' എന്ന് മറുപടി. അഴിമതിക്കാര്‍ക്ക് ഇനി കേരളത്തില്‍ രക്ഷയില്ലെന്ന് ഇതിനകം എല്ലാവരും തിരിച്ചറിഞ്ഞെന്നും മുഖ്യമന്ത്രി. ലൈഫ് പദ്ധതിയിലൂടെ ഒന്നേകാല്‍ ലക്ഷം കുടുംബങ്ങളും പ്രളയാനന്തരനിര്‍മിതിയുടെ ഭാഗമായി എണ്ണായിരത്തില്‍ പരം കുടുംബങ്ങളുമാണ് സ്വന്തം വീട്ടില്‍ ഈ വര്‍ഷം ഓണം ഉണ്ടതെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ വിമര്‍ശകര്‍ക്കുള്ള മറുപടിയായി.

കൊല്ലപ്പള്ളിയിലെ യോഗത്തില്‍ സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ വിവരിക്കുന്നതിനിടെ തകര്‍പ്പന്‍ മഴയെത്തി. സദസിന്റെ ശ്രദ്ധ ആകര്‍ഷിച്ച്, ''പെയ്യുന്ന മഴയേക്കാള്‍ കൂടുതല്‍ പറയാനുണ്ടെ''ന്ന് മുഖ്യമന്ത്രി. കേരളത്തില്‍ ഒന്നും നടക്കരുതെന്ന വാശിയാണ് ചിലര്‍ക്ക്. ഈ ചിന്തയുടെ ദുഷ്ടമനസ് പേറി നടക്കുന്നവരാണ് കിഫ്ബിക്കെതിരെ രംഗത്തു വരുന്നത്. അവര്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത് 'വെറും ശബ്ദം' മാത്രമാണെന്നും  പ്രതിപക്ഷനേതാവിനെ ലക്ഷ്യമിട്ടുള്ള വിമര്‍ശനം.

പേണ്ടാനുംവയലിലും മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് കാതോര്‍ത്ത്  ജനസഹസ്രമുണ്ട്. ജന്‍ഡര്‍ ബജറ്റിലൂടെ സ്ത്രീ സുരക്ഷയിലൂന്നി സര്‍ക്കാര്‍ നടത്തുന്ന വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സദസിലെ മുന്‍നിരയിലിരുന്ന സ്ത്രീസമൂഹത്തിന്റെ കൈയടി. ആരോഗ്യമേഖലയിലെ ഇടപെടലുകള്‍ അക്കമിട്ടു നിരത്തിയുള്ള പ്രസംഗം. വികസനവഴിയിലേയ്ക്കുള്ള പ്രധാന ചുവടുവെയ്പായ നാലു മിഷനുകളെക്കുറിച്ച്  അനുഭവിച്ചറിഞ്ഞതിന്റെ സംതൃപ്തി ഏവരിലും. 

മുത്തോലിയില്‍ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ പ്രസംഗിക്കുന്നതിനിടെ പിണറായി വേദിയിലേക്കെത്തി. കേരളത്തെ ശ്വാസം മുട്ടിക്കുന്ന കേന്ദ്ര നിലപാടുകള്‍ തുറന്നു കാട്ടി, കാര്‍ഷിക മേഖലയെ സംരക്ഷിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ നടപടികള്‍ വിവരിക്കുന്നതിനിടെ സ്ഥാനാര്‍ഥി മാണി സി കാപ്പനെത്തി. എല്‍ഡിഎഫിന്റെ വിജയം ഉറപ്പിക്കാന്‍ വോട്ടര്‍മാരോട് മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന. പൈകയിലും കൂരാലിയിലും സ്ഥിതി വ്യത്യസ്തമല്ല. എല്‍ഡിഎഫ് ഭരണത്തിന്റെ നേട്ടം അനുഭവിക്കാത്ത വിഭാഗങ്ങളില്ലെന്ന് സ്പഷ്ടമാക്കുന്ന പങ്കാളിത്തം.  പൈകയില്‍ പ്രസംഗം അവസാനിപ്പിച്ച് വേദിയില്‍ നിന്നിറങ്ങവെ പാലാ ചാവറ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി ആദിത്യന്‍ ശിവദാസ് ഒരു സമ്മാനവുമായി മുഖ്യമന്ത്രിയ്ക്ക് മുന്നിലെത്തി. പെന്‍സില്‍ ഡ്രോയിങ്ങില്‍ തീര്‍ത്ത പിണറായിയുടെ ചിത്രം. സന്തോഷത്തോടെ അതേറ്റുവാങ്ങി ആദിത്യനെ അഭിനന്ദിച്ച് വേദിയില്‍ നിന്നിറങ്ങി. വെള്ളിയാഴ്ച മൂന്നു കേന്ദ്രങ്ങളില്‍ക്കൂടി പര്യടനം. പാലായുടെ മനസ് എല്‍ഡിഎഫിനൊപ്പം ചേര്‍ത്താണ് മുഖ്യമന്ത്രി ഓരോ കേന്ദ്രങ്ങളില്‍ നിന്നും മടങ്ങുന്നത്.


പ്രധാന വാർത്തകൾ
 Top