15 October Tuesday

എപ്പോഴും വെള്ളമുണ്ട്‌ ജെറോമിന്റെ വീട്ടിൽ

ശ്രീരാജ‌് ഓണക്കൂർUpdated: Friday Sep 20, 2019


കൊച്ചി
കടുത്ത വേനലിലും പേരണ്ടൂർ തുണ്ടിയിൽ വീട്ടിൽ ജെറോമിന്റെ വീട്ടിൽ വെള്ളത്തിന്‌ ക്ഷാമമില്ല. ഒരു ലക്ഷത്തിലധികം ലിറ്റർ വെള്ളം ശേഖരിക്കാനുള്ള മഴവെള്ള സംഭരണിയാണ്‌ ജെറോം വീട്ടിൽ ഒരുക്കിയിരിക്കുന്നത്‌. സിറ്റൗട്ടിലെ ഇരിപ്പിടം മാറ്റിയാൽ പഴയ വീടുകളിലെ നിലവറയുടേതുപോലെ വാതിൽ. തുറന്നാൽ പടികൾ. താഴേയ്‌ക്ക്‌ ഇറങ്ങിയാൽ വീടിന്റെ അടിത്തറയിലെ ടാങ്കിലെത്താം. കൃത്യമായി പറഞ്ഞാൽ 1.25 ലക്ഷം ലിറ്റർ വെള്ളം സംഭരിച്ചുവയ്‌ക്കാൻ ശേഷിയുള്ള മൂന്ന്‌ അറകളുള്ള കൂറ്റൻ ജലസംഭരണി. വീടുനിർമാണ സമയത്ത്‌ ബേസ്‌മെന്റിൽ മണ്ണിടുന്നതിനു പകരം ജെറോ‌ം ഭൂഗർഭ ടാങ്ക്‌ നിർമിക്കാൻ തിരുമാനിക്കുകയായിരുന്നു.

ടെറസിനു മുകളിൽനിന്ന്‌ മഴവെള്ളം പൈപ്പുവഴി കൂറ്റൻ ഫിൽറ്ററിൽ എത്തിച്ച്‌ ശുദ്ധീകരിച്ച ശേഷമാണ്‌ ടാങ്കിലേക്ക്‌ എത്തുന്നത്‌. 2002ൽ 1.4 ലക്ഷം രൂപ മുടക്കിയാണ്‌ ഈ കോൺക്രീറ്റ്‌ ടാങ്ക്‌ നിർമിച്ചത്‌. 2003 ജനുവരിമുതൽ ഇതിൽനിന്നുള്ള വെള്ളമാണ്‌ വീട്ടിലെ ആവശ്യങ്ങൾക്ക്‌ ഉപയോഗിക്കുന്നത്‌. അന്തരീക്ഷ മലിനീകരണത്തിന്റെ ഭീഷണി ഒഴിവാക്കാൻ പുതുമഴയിലെ വെള്ളം ശേഖരിക്കാറില്ല.

ഒരു ടാങ്ക്‌ വെള്ളം ശേഖരിച്ചാൽ ഏഴു മാസത്തോളം ഉപയോഗിക്കാനാവും. സാധാരണഗതിയിൽ മഴ ഇടയ്‌ക്ക്‌ ലഭിക്കുന്നതിനാൽ വെള്ളത്തിന്റെ അളവിൽ കാര്യമായ കുറവ്‌ വരുന്നില്ലെന്ന്‌ ജെറോം പറയുന്നു. ഇത്തവണ നല്ല മഴ ലഭിച്ചതിനാൽ ടാങ്കിൽ 90 സെന്റിമീറ്റർ വെള്ളമെത്തി. 150 സെന്റിമീറ്റർവരെ വെള്ളം ഉൾക്കൊള്ളാൻ സാധിക്കും. മഹാപ്രളയത്തിന്റെ സമയത്ത്‌ 150 സെന്റിമീറ്റർ വെള്ളം എത്തിയിരുന്നു.

വായുവും വെളിച്ചവും കടക്കാത്തതിനാൽ പായലും മറ്റും വന്ന്‌ വെള്ളം ചീത്തയാകുമെന്ന പേടിയും വേണ്ട. വർഷത്തിലൊരിക്കലാണ്‌ ടാങ്ക്‌ വൃത്തിയാക്കുന്നത്‌. കൊച്ചുകുട്ടികൾക്കുവരെ ടാങ്ക്‌ വൃത്തിയാക്കാൻ ഇറങ്ങാനാവുന്ന വിധമാണ്‌ നിർമാണം. ടാങ്ക്‌ നിറഞ്ഞാൽ വെള്ളം പുറത്തുപോകാൻ പൈപ്പുണ്ട്‌.

കൊച്ചിയിലെ ജനങ്ങൾ കുടിവെള്ളത്തിനായി നെട്ടോ‌ട്ടമോടുന്നതു കണ്ടതാണ്‌ ഇത്തരമൊരു നിർമാണം നടത്താൻ പ്രേരണ നൽകിയതെന്ന്‌ ജെറോ‌ം പറയുന്നു. ഏഴുവർഷം മുമ്പുതന്നെ ടെറസിൽ സോളാർ പ്ലാന്റും ജെറോ‌ം സ്ഥാപിച്ചിട്ടുണ്ട്‌. ഇതിൽനിന്ന്‌ ദിവസേന 12 യൂണിറ്റ്‌ വൈദ്യുതി ഇപ്പോൾ ഉൽപ്പാദിപ്പിക്കാൻ സാധിക്കുന്നുണ്ട്‌. ഇടക്കൊച്ചി മംഗള മറൈൻസിൽ ക്വാളിറ്റി അഷ്വറൻസ്‌ മാനേജരായ സിസിയാണ്‌ ജെറോമിന്റെ ഭാര്യ. മക്കൾ നീത ഡന്റിസ്‌റ്റായും നിവ്യ സൈക്കോളജിസ്‌റ്റായും ജോലിനോക്കുന്നു.


പ്രധാന വാർത്തകൾ
 Top