11 December Wednesday

കേരളത്തിലേക്ക‌് വ്യവസായങ്ങളുടെ ഒഴുക്ക‌്: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2019


പാലാ
യുഡിഎഫ‌് സർക്കാരിൽ നിന്നും വിഭിന്നമായി റബർമേഖലയ‌്ക്ക‌് കരുത്തുപകരുന്ന നടപടികളാണ‌് എൽഡിഎഫ‌് സർക്കാർ സ്വീകരിക്കുന്നതെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. റബറിന്റെ മൂല്യവർധിത ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിച്ച‌് കർഷകർക്ക‌് ന്യായവില ഉറപ്പാക്കാൻ ലക്ഷ്യമിട്ട‌്  ‘സിയാൽ മോഡൽ’ കമ്പനി സ്ഥാപിക്കുന്നത‌് ഈ ലക്ഷ്യം മുൻനിർത്തിയാണെന്നും അദ്ദേഹം പറഞ്ഞു. പാലായിൽ വിവിധ കേന്ദ്രങ്ങളിൽ എൽഡിഎഫ‌് സ്ഥാനാർഥി മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പ്‌  പ്രചാരണയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യം ആസിയൻ കരാറിൽ ഏർപ്പെട്ടതുമുതലാണ‌് റബറിന്റെ സ്ഥിതി പരുങ്ങലിലായത‌്. അന്ന‌് ഈ കരാറിനെ എതിർത്ത ഇടതുപക്ഷത്തെ   കോൺഗ്രസ‌ും യുഡിഎഫും പരിഹസിച്ചു. ആസിയൻ കരാർ കാർഷികരംഗത്ത‌് വലിയ മാറ്റമുണ്ടാകുമെന്നായിരുന്നു യുഡിഎഫിന്റെ പ്രചാരണം. എന്നാൽ, റബർവില കൂപ്പുകുത്തി. കോൺഗ്രസിന്റെ നയം ഇപ്പോൾ ബിജെപി ശക്തമായി തുടരുകയാണ‌്.

കർഷകരുടെയും കാർഷികമേഖലയുടെയും സംരക്ഷണമാണ‌് എൽഡിഎഫ‌് സർക്കാരിന്റെ ലക്ഷ്യം. ഇതു മുന്നിൽക്കണ്ടുള്ള പദ്ധതികളാണ‌് ആവിഷ‌്കരിച്ചിട്ടുള്ളത‌്. വിലസ്ഥിരതാഫണ്ട‌് ഇനത്തിൽ റബർ കർഷകർക്കുള്ള 210 കോടി രൂപ നൽകാതെയാണ‌് യുഡിഎഫ‌് ഭരണം വിട്ടത‌്. എന്നാൽ, കുടിശ്ശികയടക്കം 1310 കോടി രൂപ മൂന്നേകാൽ വർഷം കൊണ്ട‌് നൽകി എൽഡിഎഫ‌് സർക്കാർ പ്രതിബദ്ധത തെളിയിച്ചു.

നിർദിഷ്ട സിയാൽ മോഡൽ കമ്പനിയിലൂടെ റബർബാൻഡ‌് മുതൽ ടയർ വരെയുള്ള ഉൽപന്നങ്ങൾ നിർമിക്കാനാണ‌് ലക്ഷ്യമിട്ടിട്ടുള്ളത‌്. ഇതു മാത്രമല്ല, റബർമേഖലയിലെ പ്രശ‌്നങ്ങൾക്ക‌് പരിഹാരം കാണാൻ സംസ്ഥാനവും കേന്ദ്രവും ചേർന്നുള്ള സംയുക്ത ടാസ‌്ക‌്ഫോഴ‌്സും രൂപീകരിച്ചു.

എൽഡിഎഫ‌് ഭരണത്തിൽ കാർഷികമേഖലയിൽ പുത്തനുണർവുണ്ടായി. നെൽകൃഷി വൻതോതിൽ വ്യാപിച്ചു. പച്ചക്കറികൃഷിയിൽ സ്വയംപര്യാപ‌്തതയിലേക്ക്‌ മുന്നേറുകയാണ‌്. ഭാവിയിൽ പച്ചക്കറി കയറ്റുമതിയും ലക്ഷ്യമിടുന്നു. ഇതിനെല്ലാമായി കാർഷികമേഖലയിൽ പശ‌്ചാത്തല വികസനവും ഒരുക്കുന്നുണ്ട‌്. ഉൽപാദനകേന്ദ്രങ്ങൾക്ക‌് സമീപം ശീതീകരണ സംവിധാനത്തോടെയുള്ള സംഭരണകേന്ദ്രങ്ങൾ സ്ഥാപിക്കുകയാണ‌്. ഓരോ വർഷവും നടപ്പാക്കിയ പദ്ധതികളുടെ പ്രോഗ്രസ‌് റിപ്പോർട്ട‌് സമർപിച്ചാണ‌് എൽഡിഎഫ‌് ഭരണത്തെ വിലയിരുത്താൻ ജനങ്ങളോട‌് ആവശ്യപ്പെടുന്നത‌്. യുഡിഎഫിനോ ബിജെപിക്കോ ഇതൊന്നും സ്വപ‌്നം കാണാൻ കഴിയില്ല.

അഴിമതിയിൽ മുങ്ങിക്കിടന്ന നാടിന്റെ സംശുദ്ധി വീണ്ടെടുത്ത‌് നിക്ഷേപകരെ ആകർഷിക്കാൻ കഴിഞ്ഞത‌് ചില്ലറ കാര്യമല്ലെന്നും പിണറായി ഓർമിപ്പിച്ചു. കമീഷൻ ഏർപ്പാടില്ലെന്ന‌് വ്യക്തമായതോടെ നിക്ഷേപകർക്ക‌് ശങ്കയില്ലാതെ വരാമെന്ന അവസ്ഥ. മൂന്നേകാൽ വർഷം മുമ്പ്‌ ഇതല്ലായിരുന്നു അവസ്ഥ. എങ്ങനെയാണ‌് ഈ മാറ്റങ്ങൾ വരുന്നതെന്ന‌് മനസ്സിൽ പ്രത്യേകം അടയാളപ്പെടുത്തണം. നിക്ഷേപകരെ ആകർഷിക്കാൻ ഏഴു നിയമങ്ങൾ ഭേദഗതി ചെയ‌്തു. അപേക്ഷ നൽകിയാൽ 30 ദിവസത്തിനകം മറുപടി ലഭിച്ചില്ലെങ്കിൽ അടുത്ത ദിവസം അനുവാദം ലഭിച്ചതായി കണക്കാക്കി വ്യവസായം തുടങ്ങാനുള്ള സാഹചര്യം സൃഷ്ടിച്ചു. ഇവിടെ നിന്നും ഇനിയും മുന്നോട്ടുതന്നെ പോകും. നാട്ടിൽ ധാരാളം തൊഴിലവസരങ്ങൾ ഉണ്ടാകണം. അതിന‌് ഉതകുന്ന വൻ തൊഴിൽ സംരംഭങ്ങൾ ഇവിടെ ഉണ്ടാകണമെന്നതാണ‌് സർക്കാരിന്റെ കാഴ‌്ചപ്പാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


പ്രധാന വാർത്തകൾ
 Top