24 March Sunday

ബിഷപ്പിനെ 7 മണിക്കൂർ ചോദ്യം ചെയ്‌തു, ഇന്നും തുടരും

അഞ‌്ജുനാഥ‌്Updated: Thursday Sep 20, 2018

ചോദ്യം ചെയ്യലിനു ശേഷം തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് പൊലീസ് സൂപ്രണ്ട് ഓഫീസിൽ നിന്ന്‌ പുറത്തേക്കിറങ്ങി വരുന്ന ബിഷപ‌് ഫ്രാങ്കോ മുളയ‌്ക്കൽ

കൊച്ചി 
കന്യാസ‌്ത്രീ‌ നൽകിയ പീഡന പരാതിയിൽ ജലന്ധർ ബിഷപ‌് ഫ്രാങ്കോ മുളയ‌്ക്കലിനെ അന്വേഷണസംഘം ബുധനാഴ‌്ച ഏഴു മണിക്കൂറോളം ചോദ്യം ചെയ‌്തു. പകൽ 11.30ന‌് ആരംഭിച്ച ചോദ്യംചെയ്യൽ വൈകിട്ട‌്  ആറരയോടെയാണ‌് അവസാനിച്ചത‌്. വ്യാഴാഴ‌്ച പകൽ 11ന‌് വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട‌്.

നേരത്തെ തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ കോട്ടയം എ‌സ‌്പിയുടെയും അന്വേഷണ ഉദ്യോഗസ്ഥന്റെയും നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഒന്നാംഘട്ടത്തിൽ 104 ചോദ്യങ്ങളാണ‌് തയ്യാറാക്കിയിരുന്നത‌്. നാലു ക്യാമറകളിലൂടെ ഇത‌് പകർത്തി. ഡിജിപി ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർക്ക് നിരീക്ഷിക്കാനും റെക്കോഡ് ചെയ്യാനും സൗകര്യം ഉണ്ടായിരുന്നു. അന്വേഷണത്തോട‌് ഫ്രാങ്കോ സഹകരിക്കുന്നുണ്ടെന്ന‌് കോട്ടയം എസ‌്പി ഹരിശങ്കർ പറഞ്ഞു. അറസ‌്റ്റ‌് സംബന്ധിച്ച‌് ഇപ്പോൾ പറയാൻ കഴിയില്ല. മൊഴിയടക്കമുള്ള വിശദാംശങ്ങൾ വെളിപ്പെടുത്താനാവില്ലെന്നും എസ‌്പി മാധ്യമപ്രവർത്തകരോട‌് പറഞ്ഞു.

തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് പൊലീസ് സൂപ്രണ്ട് ഓഫീസിലാണ‌് അന്വേഷണസംഘം ബിഷപ്പിനെ ചോദ്യംചെയ‌്തത‌്. നിരപരാധിയാണെന്ന നിലപാട‌് ബിഷപ്പ‌് ആവർത്തിച്ചതായാണ‌് വിവരം.

ചോദ്യംചെയ്യലിനായി കേരളത്തിലെത്തിയ ഫ്രാങ്കോ ചൊവ്വാഴ‌്ച തൃശൂരിലാണ‌് തങ്ങിയത‌്. ബുധനാഴ്ച പകൽ 11ന‌് കാറിൽ ക്രൈംബ്രാഞ്ച് പൊലീസ് സൂപ്രണ്ട് ഓഫീസിൽ എത്തി. ഓഫീസിലും പരിസരത്തും കനത്ത സുരക്ഷ ഒരുക്കിയിരുന്നു. ജലന്ധർ രൂപതാ പിആർഒ ഫാ. പീറ്റർ കാവുംപുറം ഒപ്പമുണ്ടായിരുന്നു. കാറിന്റെ വശങ്ങളിലെയും പിന്നിലെയും ചില്ലുകൾ മറച്ചിരുന്നു. വെളുത്ത ളോഹയായിരുന്നു ഫ്രാങ്കോയുടെ വേഷം.

കാറിൽനിന്ന് നേരെ വരാന്തയിലേക്ക് ഇറങ്ങിയ ഫ്രാങ്കോ ഉടൻ ഉള്ളിലേക്ക് കയറി. 11.20ന് കോട്ടയം എസ‌്‌പി ഹരിശങ്കർ എത്തി. വൈക്കം ഡിവൈഎസ‌്പി കെ സുഭാഷ് നേരത്തേ ഓഫീസിൽ എത്തിയിരുന്നു. ചോദ്യംചെയ്യലിനായി എറണാകുളം റേഞ്ച‌് ഐജി വിജയ‌് സാഖറെ,  എസ‌്പി ഹരിശങ്കർ, ഡിവൈഎസ‌്പി കെ സുഭാഷ‌് എന്നിവർ യോഗം ചേർന്ന‌് പ്രത്യേക ചോദ്യാവലി നേരത്തേ തയ്യാറാക്കിയിരുന്നു. ഇത‌് രണ്ടാം തവണയാണ‌് ബിഷപ‌് ഫ്രാങ്കോയെ പൊലീസ‌് ചോദ്യംചെയ്യുന്നത‌്. നേരത്തെ ജലന്ധറിൽ എത്തി ഒമ്പതു മണിക്കൂറോളം അന്വേഷണ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ചോദ്യംചെയ‌്തിരുന്നു.  ചൊവ്വാഴ‌്ച ഹൈക്കോടതിയിൽ ബിഷപ്പിനു വേണ്ടി മുൻകൂർ ജാമ്യഹർജി നൽകിയിരുന്നു. ഇത‌് 25ന‌് വീണ്ടും പരിഗണിക്കും.

അയച്ച സന്ദേശം തന്റേതെന്ന‌് ബിഷപ്‌
കന്യസ‌്ത്രീക്ക‌് അയച്ച അശ്ലീല സന്ദേശങ്ങളും ലൈംഗിക ബന്ധത്തിന‌് താൽപ്പര്യം അറിയിച്ചുള്ള സന്ദേശങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ കാണിച്ചത‌് ബിഷപ്പിനെ വെട്ടിലാക്കി. സന്ദേശം വന്നതായി കാണിക്കുന്ന മൊബൈൽ ഫോൺനമ്പർ തന്റേതാണെന്ന‌് സമ്മതിച്ച ബിഷപ്പ‌് പക്ഷെ സന്ദേശങ്ങൾ എഡിറ്റ‌് ചെയ‌്തു ചേർത്തതാണെന്ന‌് ആരോപിച്ചു.  ഇരുപതിലേറെ സന്ദേശങ്ങളാണ‌് ഇങ്ങിനെ അയച്ചിട്ടുള്ളത‌്. ബിഷപ്പിന്റെയും കന്യാസ‌്ത്രീയുടെയും മൊഴിയിൽ കണ്ട വൈരുധ്യങ്ങൾ തീർക്കാനായിരുന്നു പൊലീസ‌് ശ്രമം. 13 തവണ കുറവിലങ്ങാട‌് മഠത്തിലെത്തി പീഡിപ്പിച്ചുവെന്നാണ‌് കന്യാസ‌്ത്രിയുടെ പരാതിയിലുള്ളത‌്. എന്നാൽ ഈ കാലയളവിൽ ഒമ്പതു തവണ മാത്രമേ താൻ കുറവിലങ്ങാട‌് പോയിട്ടുള്ളൂവെന്നായിരുന്നു ബിഷപ്പ‌് പറഞ്ഞത‌്. ഇതിൽ എല്ലാ ദിവസവും അവിടെ തങ്ങിയിട്ടില്ലെന്നും അദ്ദേഹം മൊഴി നൽകി.

ആദ്യം ബലാംത്സംഗം ചെയ‌്തുവെന്ന‌് പരാതിയിൽ പറയുന്ന 2014 മെയ‌് അഞ്ചിന‌് താൻ കുറവിലങ്ങാട‌് പോയിട്ടില്ലെന്നാണ‌് ബിഷപ്പ‌് ജലന്ധറിൽ മൊഴി നൽകിയത‌്. എന്നാൽ ആ ദിവസം അവിടെ പോയിരിക്കാമെന്നും എന്നാൽ തങ്ങിയിട്ടില്ലെന്നും ബുധനാഴ‌്ച മൊഴി മാറ്റി.

എറണാകുളം വിടരുതെന്ന പൊലീസ‌് നിർദേശത്തിന്റെ അടിസ്ഥാനത്തിൽ മരടിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ‌് അദ്ദേഹം രാത്രി തങ്ങിയത‌്.


പ്രധാന വാർത്തകൾ
 Top