22 September Sunday

സുഗമം, ചാന്ദ്രപ്രവേശം ; ചാന്ദ്രയാൻ 2 ചന്ദ്രന്റെ ആകർഷണവലയത്തിലെത്തി

ദിലീപ‌് മലയാലപ്പുഴUpdated: Tuesday Aug 20, 2019

ചന്ദ്രയാൻ പേടകത്തിലെ ലാൻഡർ, ഓർബിറ്റർ മാതൃകയുമായി ഐഎസ്‌ആർഒ ചെയർമാൻ ഡോ. കെ ശിവൻ



തിരുവനന്തപുരം
ഒട്ടും പിഴയ്‌ക്കാതെ ചാന്ദ്രയാൻ–-2 കൃത്യതയോടെ ചന്ദ്രന്റെ ആകർഷണവലയത്തിലെത്തി.  ഇനി അഞ്ച്‌ ഘട്ടത്തിലൂടെ ഭ്രമണപഥം താഴ്‌ത്തി ചാന്ദ്രപ്രതലത്തിലേക്ക്‌ അടുപ്പിക്കും. ഒരു മാസത്തെ യാത്രയ്‌ക്കൊടുവിൽ ചൊവ്വാഴ്‌ച രാവിലെ ഒമ്പതിനുശേഷമാണ്‌ ചാന്ദ്രയാൻ–-2 പൂർണമായി ചാന്ദ്രപഥത്തിലേക്ക്‌ നീങ്ങിയത്‌. നാസയടക്കമുള്ള വമ്പൻ ബഹിരാകാശ ഏജൻസികളുടെ പല ദൗത്യങ്ങളും പരാജയപ്പെട്ട ഈ ഘട്ടം സുഗമമായി കടക്കാനായത്‌ അണിയറപ്രവർത്തകർക്ക്‌ ഏറെ ആത്മവിശ്വാസമേകി.

തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞ്‌ ചന്ദ്രന്‌ 60,000 കിലോമീറ്റർ അടുത്തെത്തിയതോടെ പേടകത്തിന്‌ വേഗംകൂടി. ചൊവ്വാഴ്‌ച 2500 കിലോമീറ്റർ അടുത്തെത്തിയതോടെ പേടകത്തെ ‘ബ്രേക്കിട്ട്‌’ നിയന്ത്രിക്കുന്ന സംവിധാനം സജ്ജമായി.  എതിർദിശയിൽ തിരിച്ച്‌ ലിക്വിഡ്‌ അപോജി മോട്ടോർ 28.9 മിനിറ്റ്‌ തുടർച്ചയായി ജ്വലിപ്പിച്ചു. ഇതോടെ വേഗം സെക്കൻഡിൽ 2.1 കിലോമീറ്ററായി. പൂർണമായി ചാന്ദ്രവലയത്തിലായ പേടകം 114 കിലോമീറ്ററിനും 18,072 കിലോമീറ്ററിനും ഇടയിൽ ഭ്രമണപഥത്തിലുറച്ചു. ബംഗളൂരു ഐഎസ്‌ആർഒ സെന്ററായ ഇസ്‌ട്രാക്കിൽ നിന്നുള്ള സന്ദേശങ്ങളിലാണ്‌ പേടകം പ്രവർത്തിച്ചത്‌.

ബുധനാഴ്‌ച ഉച്ചയ്‌ക്കാണ്‌ ചാന്ദ്രപ്രതലത്തിലേക്ക്‌ ആദ്യ പഥം താഴ്‌ത്തൽ. 28നും 30നും സെപ്‌തംബർ ഒന്നിനും നടത്തുന്ന ജ്വലനംവഴി കൂടുതൽ അടുക്കും. 14 ദിവസം നീളുന്ന ചാന്ദ്രദിനത്തിന്റെ തുടക്കത്തിലാകും ദക്ഷിണ ധ്രുവത്തിൽ ലാൻഡർ ഇറങ്ങുക. കഴിഞ്ഞ മാസം 22 ന്‌ ശ്രീഹരിക്കോട്ടയിൽനിന്നാണ്‌ ചാന്ദ്രയാൻ–-2 വിക്ഷേപിച്ചത്‌.

ചാന്ദ്രപ്രവേശത്തിന്റെ വിജയം കൂടുതൽ ആത്മവിശ്വാസം നൽകുന്നുവെന്ന്‌ ഐഎസ്‌ആർഒ ചെയർമാൻ ഡോ. കെ ശിവൻ പറഞ്ഞു. വിഎസ്‌എസ്‌സി ഡയറക്ടർ ഡോ. എസ്‌ സോമനാഥ്‌, എൽപിഎസ്‌സി ഡയറകക്ടർ ഡോ. വി  നാരായണൻ, യുആർ റാവു സാറ്റലൈറ്റ്‌ സെന്റർ ഡയറക്ടർ പി കുഞ്ഞികൃഷ്‌ണൻ തുടങ്ങിയവരാണ്‌ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകുന്നത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top