24 October Thursday

ദേശീയപാതയ്‌ക്ക് സ്ഥലം ഏറ്റെടുക്കല്‍ : കിഫ്‌ബി നല്‍കും 5200 കോടി

ജി രാജേഷ‌് കുമാർUpdated: Wednesday Aug 21, 2019



കാസർകോട്‌– -തിരുവനന്തപുരം ദേശീയപാതാ വികസനത്തിന് സ്ഥലം ഏറ്റെടുക്കാനായി ദേശീയപാത അതോറിറ്റിക്ക് 5200 കോടി നൽകാൻ കിഫ്ബി അംഗീകാരം. ദേശീയപാത അതോറിറ്റി ആവശ്യപ്പെടുമ്പോൾത്തന്നെ പണം നൽകാൻ കിഫ്‌ബി യോഗം അനുമതി നൽകിയതായി മന്ത്രി ടി എം തോമസ്‌ ഐസക്‌ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സ്ഥലം ഏറ്റെടുക്കുന്നത്‌ ഘട്ടംഘട്ടമായാണെങ്കിൽ, അതനുസരിച്ച്‌ സംസ്ഥാന വിഹിതം കൈമാറും. ഒരുമിച്ച്‌ നല്‍കാനും തടസ്സമുണ്ടാകില്ല. വിവിധ പദ്ധതികൾക്ക്‌ സ്ഥലം ഏറ്റെടുക്കുന്നതിന്‌ 14,275.17 കോടി അനുവദിച്ചിട്ടുണ്ട്. ഇതിൽനിന്ന്‌ ദേശീയപാത വികസനത്തിനും പണം ലഭ്യമാക്കും. കിഫ്ബി യോഗങ്ങളിൽ 1744 കോടി രൂപയുടെ 36 പദ്ധതിക്കുകൂടി അംഗീകാരം നൽകി. ഇതിൽ കണ്ണൂർ സൗത്ത് ബസാറിൽ ഫ്ലൈഓവർ നിർമിക്കാൻ 130.87 കോടി രൂപ നീക്കിവച്ചു. കുണ്ടറ, മാവേലിക്കര, പയ്യന്നൂർ, വൈക്കം, ചിറ്റൂർ താലൂക്ക്‌ ആശുപത്രികളുടെ വികസനപദ്ധതികളും അംഗീകരിച്ചു. കൊല്ലത്ത് ആധുനിക ഇൻഡോർ സ്‌റ്റേഡിയത്തിനും പട്ടാമ്പിയിൽ മിനി സ്‌റ്റേഡിയത്തിനും അനുമതിയായി. തിരുവനന്തപുരത്ത് വട്ടിയൂർക്കാവ് ജങ്‌ഷൻ വികസനത്തിന്‌ സ്ഥലം ഏറ്റെടുക്കാൻ തുക അനുവദിച്ചു.

45,380.37 കോടി രൂപയുടെ 588 പദ്ധതിക്കാണ്‌ കിഫ്ബി ഇതുവരെ അംഗീകാരം നൽകിയത്‌. ഇതിൽ 14,275.17 കോടി ഭൂമി ഏറ്റെടുക്കുന്നതിനാണ്‌. 10,600 കോടി രൂപയുടെ 315 പദ്ധതി ടെൻഡർ ചെയ്തു. 7031 കോടി രൂപയുടെ 228 പദ്ധതിയിൽ പ്രവൃത്തി ആരംഭിച്ചു. കരാറുകാർക്ക് 2300 കോടി നൽകി. സർക്കാർ വിഹിതമായി 6830 കോടി കിഫ്ബിക്ക് നൽകി. വായ്പകളും മറ്റുമായി 11,000 കോടി സമാഹരിച്ചു.

സർക്കാർ നൽകുന്ന ഗ്രാന്റിൽത്തന്നെ 10 മുതൽ 12 വർഷത്തിനുള്ളിൽ ഈ പണമെല്ലാം തിരിച്ചടയ്ക്കാനാകും. ഈ വർഷത്തോടെ 30,000 കോടി രൂപയുടെ പദ്ധതികൾ പ്രവൃത്തിപഥത്തിലാകും. അടുത്തവർഷം 50,000 കോടിയുടെ പദ്ധതി തുടങ്ങാനാകുമെന്നും മന്ത്രി പറഞ്ഞു.
 


പ്രധാന വാർത്തകൾ
 Top