21 September Saturday

പ്രളയം : അമിക്കസ് ക്യൂറി റിപ്പോർട്ട് അം​ഗീകരിച്ചിട്ടില്ല: ഹൈക്കോടതി

നിയമകാര്യ ലേഖകന്‍Updated: Tuesday Aug 20, 2019


പ്രളയത്തിന് കാരണം പെരുമഴ മാത്രമല്ലെന്ന ആരോപണമുള്ള അമിക്കസ് ക്യൂറി റിപ്പോർട്ടിന്റെ പേരിൽ മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും അധികാരമൊഴിയണമെന്ന് എങ്ങനെയാണ് വാദിക്കാനാവുകയെന്ന്‌ ഹൈക്കോടതി. റിപ്പോർട്ട്‌ ഇതുവരെ കോടതി അംഗീകരിച്ചിട്ടില്ലെന്നും ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. അമിക്കസ് ക്യൂറി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട്  ഹൈക്കോടതി അഭിഭാഷകനും സേവ് കേരള ബ്രിഗേഡ് പ്രസിഡന്റുമായ റസൽ ജോയ് നൽകിയ ഹർജി തള്ളിയാണ്‌ കോടതി നിലപാട് വ്യക്തമാക്കിയത്. അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിന്റെ പേരില്‍ സര്‍ക്കാരിനെതിരെ ഒരുവിഭാ​ഗം മാധ്യമങ്ങള്‍ അടിസ്ഥാനരഹിത ആരോപണങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് കോടതിയുടെ പരാമര്‍ശം.

ഇന്ത്യ ജനാധിപത്യ രാജ്യമാണ്. ഭരണാധികാരികളെ തെരഞ്ഞെടുക്കാനും പുറത്താക്കാനും രീതികളുണ്ട്. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ അധികാരത്തിൽനിന്ന് ആളുകളെ പുറത്താക്കുകയാണെങ്കിൽ അത് ഒരു നിരന്തര പരിപാടിയാകും. ഹർജിക്കാരന്റെ  ഉദ്ദേശ്യശുദ്ധിയിൽ സംശയമുണ്ട്. അമിക്കസ് ക്യൂറി റിപ്പോർട്ട് കോടതി അംഗീകരിച്ചതിന് എന്ത് തെളിവാണുള്ളത്‌. 

റിപ്പോർട്ട് കോടതി അംഗീകരിച്ചതാണെന്ന് ഹർജിക്കാരന് തോന്നുന്നുണ്ടോയെന്നും, എന്തെങ്കിലും രേഖാപരമായ തെളിവുണ്ടോയെന്നും കോടതി ചോദിച്ചു.  നാൽപ്പതിലധികം ഹർജികളാണ് കോടതി പരിഗണിക്കുന്നത്. അതിനിടയ്‌ക്ക് ഇത്തരം ഹർജികൾ വേണ്ട–-കോടതി പറഞ്ഞു.അമിക്കസ് ക്യൂറി റിപ്പോർട്ട്‌ അംഗീകരിച്ചുകൂടെയെന്ന ഹർജിക്കാരന്റെ ചൊദ്യത്തിന്‌ “താങ്കൾ പറയുന്നത്‌ അംഗീകരിക്കാനല്ല കോടതി പ്രവർത്തിക്കുന്നത്‌‘ എന്നായിരുന്നു മറുപടി. നിരുത്തരവാദപരമായ വാദങ്ങളും ആവശ്യങ്ങളുമാണ് ഉന്നയിച്ചിരിക്കുന്നത് എന്നതിനാൽ ഹർജി തള്ളുകയാണെന്ന്‌ കോടതി അറിയിച്ചു. ഇത്തരം അനാവശ്യവാദങ്ങളുമായി പുതിയ ഹർജി നൽകരുതെന്നു മുന്നറിയിപ്പും നൽകി. പിഴ എത്ര വേണമെന്ന് ഹർജിക്കാരന് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു.

ഇതോടെ ഹർജി പിൻവലിക്കുകയാണെന്ന് ഹർജിക്കാരൻ അറിയിച്ചു. ഈ ആവശ്യം അംഗീകരിച്ച്‌ ഹർജി തള്ളി. ഹർജിക്കാരനെന്ന നിലയിൽ വാദം ഉന്നയിക്കുമ്പോൾ അഭിഭാഷകൻ പാലിക്കേണ്ട ഡ്രെസ് കോഡ് പാലിക്കാത്തതിനും റസൽ ജോയിയെ കോടതി വിമർശിച്ചു.സംസ്ഥാന സർക്കാരിന് വേണ്ടി അഡ്വക്കറ്റ് ജനറൽ സി പി സുധാകര പ്രസാദ്, സീനിയർ ​ഗവ.പ്ലീഡർമാരായ പി നാരായണൻ, വി മനു എന്നിവർ ഹാജരായി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top