16 November Saturday

എസ്‌ബിഐയിൽ 350 ഓഫീസർമാർ പിരിച്ചുവിടൽ ഭീഷണിയിൽ ; കൊടുംപീഡനമെന്ന്‌ പരാതി

എം എസ‌് അശോകൻUpdated: Tuesday Aug 20, 2019


കൊച്ചി
സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയിൽ കരാർ അടിസ്ഥാനത്തിൽ മൂന്നുവർഷമായി ജോലിചെയ്യുന്ന 350 ഓഫീസർമാർ പിരിച്ചുവിടൽ ഭീഷണിയിൽ. ഇതിൽ 25–-30 പേർ റീജണൽ മാനേജർ അടക്കമുള്ള തസ്‌തികകളിൽ കേരളത്തിലാണ്‌ ജോലി ചെയ്യുന്നത്‌. കരാർ പുതുക്കി ഇവരെ നിലനിറുത്താൻ താൽപ്പര്യമില്ലാത്തതിനാൽ കുറഞ്ഞ ശമ്പളത്തിൽ ഇതേ തസ്‌തികയിൽ പുതിയ നിയമനം നടത്താനാണ്‌ മാനേജ്‌മെന്റ്‌ ശ്രമിക്കുന്നത്‌.

എഴുത്തു പരീക്ഷയില്ലാതെ നടത്തുന്ന പുതിയ നിയമനത്തിനുള്ള ഇന്റർവ്യൂ 26, 27 തീയതികളിൽ നടക്കും. ഓഫീസേഴ്‌സ്‌ എൻഗേജഡ്‌ ഇൻ കോൺട്രാക്‌ട്‌ എന്ന വിഭാഗത്തിൽ രാജ്യത്താകെ 400 പേരെയാണ്‌ നിയമിക്കുക. ഇതിനായുണ്ടാക്കിയ 2000 പേരുടെ ചുരുക്കപ്പട്ടികയിൽ നിന്നാണ്‌ നിയമനം. 2016 ലാണ്‌ ഇതേ മാതൃകയിൽ എസ്‌ബിഐയിലെ ആദ്യ നിയമനം. 10 –-15 ലക്ഷം വാർഷിക ശമ്പളത്തോടെ 350 പേരെയാണ്‌ നിയമിച്ചത്‌. അഞ്ചുവർഷ കാലാവധിയിൽ ആവശ്യമെങ്കിൽ പുതുക്കി നൽകുമെന്ന വ്യവസ്ഥയിലായിരുന്നു നിയമനം. മറ്റ്‌ ആനുകൂല്യങ്ങളൊന്നുമില്ല. ബാങ്കുകളിലും പ്രധാന ധനകാര്യസ്ഥാപനങ്ങളിലും മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകളിൽ ജോലി ചെയ്‌തിരുന്നവരാണ്‌ നിയമനം നേടിയത്‌. എസ്‌ബിഐ പോലുള്ള ബാങ്കിൽ സ്ഥിര നിയമനം ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണ്‌ ഏറെപ്പേരും എത്തിയത്‌. എന്നാൽ രണ്ട്‌ വർഷം പൂർത്തിയായപ്പോൾത്തന്നെ ഇവരെ നീക്കാനുള്ള നടപടിക്ക്‌ മാനേജ്‌മെന്റ്‌ തുടക്കമിട്ടു. ഒരിക്കലും പൂർത്തിയാക്കാനാകാത്ത ടാർജറ്റുകൾ നൽകുക, നിസാര കുറ്റങ്ങൾ കണ്ടെത്തി പിരിച്ചുവിടൽ ഭീഷണി മുഴക്കുക തുടങ്ങിയ അനുഭവങ്ങൾ പലർക്കുമുണ്ടായി. ഗർഭിണിയാണെന്ന കാരണം പറഞ്ഞുപോലും പിരിച്ചുവിടാൻ ശ്രമിച്ചു. സ്വയം പിരിയുന്നെങ്കിൽ പിരിയട്ടെ എന്ന  ലക്ഷ്യത്തോടെ രോഗാവസ്ഥയിൽ പോലും പലർക്കും ലീവ്‌ നിഷേധിച്ചു. ന്യു ജനറേഷൻ ബാങ്കുകളിൽ പോലും ജീവനക്കാർക്ക്‌ ഉണ്ടാകാത്ത പീഡനങ്ങളാണ്‌ പൊതുമേഖലാ ബാങ്കായ എസ്‌ബിഐയിൽ ഉണ്ടാകുന്നതെന്ന്‌ കരാർ വ്യവസ്ഥയിൽ ജോലി ചെയ്യുന്ന ഓഫീസർമാരിലൊരാൾ പറഞ്ഞു.  

മാനേജ്‌മെന്റിന്റെ കൊടുംപീഡനമുണ്ടായിട്ടും പ്രതികരിക്കാനാകാത്ത അവസ്ഥയിലാണ്‌ ഇവർ. പിരിച്ചുവിടപ്പെട്ടാൽ മറ്റൊരു ജോലി കണ്ടെത്താനുള്ള വഴിപോലും അടയുമെന്നതാണ്‌ പ്രധാന കാരണം.


പ്രധാന വാർത്തകൾ
 Top