18 September Wednesday

കുടുംബശ്രീ കിച്ചൻ വിഭവങ്ങൾ നാളെമുതൽ ഓൺലൈനിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2019



കൊച്ചി
അതിജീവനത്തിന്‌ പുതിയ വഴി തുറന്ന്‌ കുടുംബശ്രീ അംഗങ്ങളൊരുക്കുന്ന ഭക്ഷ്യവിഭവങ്ങൾ ബുധനാഴ്‌ചമുതൽ  ഓൺലൈനിൽ. കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത്‌ ആദ്യമായി എറണാകുളത്താണ്‌ ‘കുടുംബശ്രീ കിച്ചൻസ്‌’ എന്ന പേരിൽ ഓൺലൈനിലൂടെ രുചിയേറുന്ന ഭക്ഷ്യവിഭവങ്ങൾ ലഭ്യമാക്കുന്നത്‌.

ആദ്യഘട്ടത്തിൽ 20 മൈക്രോ സംരംഭങ്ങൾക്കും 100 കുടുംബശ്രീ അംഗങ്ങൾക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഭക്ഷ്യവിഭവങ്ങൾ ശേഖരിക്കാനും പായ്‌ക്ക്‌ ചെയ്യാനുമായി ഇരുമ്പനം, വൈറ്റില എന്നിവിടങ്ങളിൽ ശേഖരണകേന്ദ്രങ്ങളും തുടങ്ങി. 100 രൂപയ്‌ക്ക്‌ ചിക്കൻ ബിരിയാണിയും 80 രൂപയ്‌ക്ക്‌ അഞ്ച്‌ പത്തിരിയും ബീഫ്‌ കറിയുമാണ്‌ ആദ്യ ഓൺലൈൻ വിഭവങ്ങൾ. കൂടുതൽ കേന്ദ്രങ്ങൾ തുടങ്ങുന്നതോടെ പൊതിച്ചോറ്‌, ബീഫ്‌ ഫ്രൈ, കപ്പ, മീൻകറി, ഇഡ്ഡലി, പുട്ട്‌, ഇടിയപ്പം, മുട്ടക്കറി, കടലക്കറി, ചപ്പാത്തി എന്നിവയും കുടുംബശ്രീ കിച്ചൻസിന്റെ പ്രത്യേക ഇനങ്ങളായ ഇറച്ചിച്ചോറും കപ്പ ബിരിയാണിയും വിതരണം ചെയ്യും. സ്വിഗ്ഗി, സൊമാറ്റോ എന്നീ ഓൺലൈൻ ഭക്ഷണവിതരണ ശൃംഖലവഴിയാണ്‌ വിൽപ്പന. കളമശേരി, കലൂർ കേന്ദ്രങ്ങൾ ഉടൻ പ്രവത്തനം തുടങ്ങും.

ഓരോ കുടുംബശ്രീ യൂണിറ്റുകളും നിർമിക്കുന്ന വിഭവങ്ങൾ ശേഖരണ കേന്ദ്രങ്ങളിലെത്തിച്ച്‌ ഗുണമേന്മ ഉറപ്പാക്കിയശേഷം പായ്‌ക്ക്‌ ചെയ്‌ത്‌ കൊടുക്കും. ഇൻഫോ പാർക്ക്‌, വൈറ്റില എന്നിവിടങ്ങളിലെ ശേഖരണകേന്ദ്രങ്ങൾക്ക്‌ ആറു കിലോമീറ്റർ ചുറ്റളവിലാണ്‌ വിൽപ്പന. കൂടുതൽ കേന്ദ്രങ്ങൾ ആരംഭിക്കുന്നതോടെ വിതരണം വ്യാപിപ്പിക്കാനും കുടുംബശ്രീ മിഷൻ ലക്ഷ്യമിടുന്നു. പ്രളയത്തിൽ തകർന്ന കുടുംബശ്രീ കഫേ യൂണിറ്റുകൾക്ക്‌ ഓൺലൈൻ വിപണി പുതുജീവൻ പകരുമെന്നാണ്‌ പ്രതീക്ഷ. കുടുംബശ്രീ മിഷനും അമേരിക്കൻ ഇന്ത്യൻ ഫൗണ്ടേഷനുമായി സഹകരിച്ചാണ്‌ കുടുംബശ്രീ കിച്ചണിന്റെ പ്രവർത്തനം. 12 ശതമാനംവരെ വിലക്കുറവിലാണ്‌ വിഭവങ്ങൾ നൽകുന്നത്‌. പ്രളയക്കെടുതിയെത്തുടർന്ന്‌ മാറ്റിവച്ച വിതരണ ഉദ്‌ഘാടനമാണ്‌ ബുധനാഴ്‌ച നടക്കുന്നത്‌.


പ്രധാന വാർത്തകൾ
 Top